Saturday, June 2, 2018

സ്കൂൾ 'വർഷ' (മഴ) ഓർമ്മകൾ......

ജൂൺ 1.
ഒരു പുതിയ അദ്ധ്യയനവർഷം തുടങ്ങുകയാണ്.... നമ്മളെ സംബന്ധിച്ച് ജൂൺ ഒന്ന് എന്ന് പറയുന്നത് സ്കൂൾ തുടക്കം മാത്രമല്ല കാലവർഷത്തിന്റെ ആരംഭം കൂടിയാണ്.... സ്കൂൾ തുറക്കുമ്പോൾ സ്കൂളിലേക്ക് പോകുമ്പോൾ ഇടവപ്പാതി കൂടെ പെയ്തിറങ്ങുമ്പോൾ എന്ത് രസമായിരുന്നു..... വസ്ത്രങ്ങളെയും പുസ്തകങ്ങളെയും മഴ നനയ്ക്കുമെങ്കിലും ഒരിക്കൽ പോലും മഴയെ  വെറുത്തിരുന്നില്ല..... നൂലുപോലെ പെയ്തിറങ്ങുന്ന മഴയിൽ നമ്മളിങ്ങനെ നടക്കും.... മഴയിൽ അലിഞ്ഞു ചേരാൻ കൊതിക്കുമെങ്കിലും മഴ നമ്മളെ അലിയിക്കാതെ നനച്ചുകൊണ്ടേ ഇരിക്കും......

സ്കൂൾ ഓർമ്മകളിൽ എപ്പോഴും മഴയുണ്ട്... മഴനനഞ്ഞ് പോയതും ബുക്കുകൾ പ്ലാസ്റ്റിക് കവറിലാക്കി മഴയെ വെല്ലുവിളിച്ച് നടന്നതുമൊക്കെ ചിതലെടുത്ത് തുടങ്ങുന്ന ഓർമ്മകളിൽ ഇപ്പോഴും മായതെ നിൽക്കുന്നുണ്ട് ... 

1. വാഴമുട്ടം കൊച്ചുസ്കൂൾ (ഗവ എൽ.പി.എസ് വാഴമുട്ടം)

പണ്ട് കൊച്ചു സ്കൂളിൽ പഠിക്കുമ്പോൾ എനിക്കൊരു കുടയുണ്ടായിരുന്നു....ഒരു തുണിക്കുട!! സെന്റ്.ജോർജിന്റെ കുടയാണന്നാണ് ഓർമ്മ. വലിയ മഴയാണങ്കിൽ ആ കുട നനഞ്ഞ് കുതിർന്ന് ഉള്ളിലേക്ക് വെള്ളം തുള്ളിയായി  വീഴും... ആ കുടയുടെ പിടി ഗ്ലാസുപോലുള്ള എന്തോകൊണ്ട് ഉണ്ടാക്കിയതായിരുന്നു....  ആ പിടിയിലെ പൂക്കൾ ആയിരുന്നു അതിന്റെ പ്രത്യേകത.... കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആ പിടി പൊട്ടി പിടിയില്ലാക്കൊടയായി അത് മാറി.......

കൊച്ചുസ്കൂളിൽ പുസ്തകങ്ങൾ കൊണ്ടുപോകാൻ എനിക്കൊരു അലൂമിനിയം പെട്ടി ഉണ്ടായിരുന്നു...(ഇപ്പോൾ അത്തരം പെട്ടികൾ ചില ബാങ്കുകളിൽ കണ്ടിട്ടൂണ്ട്). ആദ്യനാളുകളിൽ ആ പെട്ടിയുടെ കൊളുത്ത് മുറക്കമായിരുന്നു...പിന്നീട് അത് തുറന്നു പോകാൻ തുടങ്ങിയപ്പോൾ കൊളുത്ത് തുറക്കാതിരിക്കാൻ കമ്പുകൾ വെക്കാൻ തുടങ്ങി... മഴ പെയ്യുമ്പോൾ ആ പെട്ടിയിലെ പുസ്തകങ്ങളും നനയും....  പുസ്തകങ്ങൾ അടുപ്പത്ത് വെച്ച് ഉണക്കി എടുക്കണം.... ചെറിയ ചാറ്റമഴയാണങ്കിൽ പെട്ടികൊണ്ട് ഒരു ഗുണം ഉണ്ട് തലയിൽ വെച്ചുകൊണ്ട് നടന്നാൽ തലയിൽ വെള്ളം വീഴില്ല..... കൊച്ചു സ്കൂൾ എന്ന് പറയുമ്പോൾ അത് അത്ര കൊച്ചു സ്കൂൾ ഒന്നും ആയിരുന്നില്ല അന്ന് അത്. വാഴമുട്ടം ഗവ.എൽ.പി. സ്കൂൾ ആണ് ഞങ്ങടെ കൊച്ചു സ്കൂൾ.....

ആ സ്കൂളിന്റെ ക്ലാസ് മുറിയിലെ പഠിത്തക്ലാസുകൾ ഒന്നും ഓർമ്മയിൽ ഇല്ലങ്കിലും ഉച്ചയ്ക്ക് മഴപെയ്യുമ്പോൾ പാത്തിയിൽ കൂടി ഒഴുകിവരുന്ന മഴവെള്ളം തൂക്കുപാത്രത്തിൽ പിടിച്ച് പാത്രം കഴുകിയതും, മുറ്റത്തെ പ്ലാവിൽ ചുവട്ടിൽ പൂഴിമണ്ണ് വേരുകൾക്കിടയിലൂടെ ഇട്ട് 'മില്ല്' കളിച്ചതും , മുറ്റത്തെ ആൽമരത്തിൽ നിന്ന് വീണ ആലില എടുത്ത് മുറിച്ച് 'ആനയും കുതിരയും' കളിച്ചതും , ആലിൽകായ പെട്ടിച്ച് തിന്നുന്നതും, ചില ആലിൽക്കായിലെ പുഴുവിനെ (അറിയാതെ) വായിലിട്ട് ചവച്ച്തുടങ്ങുമ്പോൾ  രുചിവെത്യാസം കൊണ്ട് ആരും കാണാതെ ആലിൻകായ് തുപ്പിക്കളയുന്നതും ,  റോഡരികിലെ മതലിന്റെടുത്ത് നിന്ന് വല്ലപ്പോഴും പോകുന്ന വാഹനങ്ങൾ ചൂണ്ടിക്കാണിച്ചും നമ്പരു പറഞ്ഞ് സ്വന്തമാക്കുന്നതും ഒക്കെ അവ്യക്തമായ രൂപത്തോടെ മനസിൻ എവിടയോ മായാൻ കൂട്ടാതെ നിൽപ്പുണ്ട്...... ചാറ്റമഴയത്തെ 'പൂച്ചക്കണ്ണം' ഇടയ്ക്കിടയ്ക്ക് ഓർക്കാറുണ്ടങ്കിലും ചാട്ടത്തിൽ മാഞ്ഞുപോകുന്ന വരപോലെ ഓർമ്മകൾ മാഞ്ഞുതന്നെ നിൽക്കുന്നു...  മാഞ്ഞു തുടങ്ങിയ ആ ഓർമ്മകളെ നമുക്ക് വീണ്ടും തെളിയിച്ച് വരയ്ക്കാൻ പറ്റില്ലല്ലോ...... ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ് ഞാൻ കൊച്ചു സ്കൂൾ എന്ന വാഴമുട്ടം ഗവണ്മെന്റ് എൽ.പി.സ്കൂളിൽ പഠിച്ചത് .....(ഒന്നാം ക്ലാസിന്റെ ഇടയ്ക്ക് മറ്റൊരു സ്കൂളിലേക്ക് പോയെങ്കിലും വീണ്ടും തിരിച്ചെത്തി)....

കൊച്ചുസ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മഴക്കാലത്ത് സ്കൂൾ വിട്ടൂ  വരുമ്പോൾ വീടിനടുത്ത തോട്ടിൽ ഞാനും കൂട്ടുകാരനും ഒഴുക്കിൽ പെട്ടതാണ്.ഒരു ദിവസം സ്കൂൾ വിട്ടൂ വരുമ്പോൾ പെരും മഴ.മഴയൊക്കെ നനഞ്ഞ് രസിച്ചു പിള്ളാരെല്ലാവരും കൂടിയാണ് വരവ്.അന്ന് റോഡിൽ കൂടി മാത്രമേ സ്കൂളിൽ പോവുകയും വരികയും ചെയ്യാവൂ എന്ന് അലിഖിത നിയമം ഒന്നും ഇല്ലാത്തതുകൊണ്ട് വീടുകളുടെ മുറ്റത്ത് കൂടിയും പറമ്പിൽ കൂടിയൊക്കെയാണ് പോകൂം വരവും. കൂട്ടുകാരന്റെ വീട് തോടിന്റെ തൊട്ടടുത്താണ്. തോട് എന്ന് പറയുമ്പോൾ വലിയതൊന്നും അല്ല. തോടിന്റെ ഒരു കയ്യാലയിൽ നിന്ന് ചാടിയാൽ തോടിന്റെ അപ്പുറത്ത് അവന്റെ വീടിന്റെ പറമ്പിന്റെ കയ്യാലയിൽ എത്താം. പെരും മഴയത്ത് തോട് നിറഞ്ഞ് ഒഴുകുകയാണ്. തോട്ടിൽ നിന്ന് വെള്ളം പറമ്പിൽ എല്ലാം കയറിയിട്ടുണ്ട്. പതിവുപോലെ തോട് ചാടിക്കടക്കാം എന്ന് പറഞ്ഞ് ഞങ്ങളിൽ ആരോ ഒരാൾ തോടിന്റെ മറുകരയിലേക്ക് ചാടിയതും ചാട്ടം പിഴച്ച് തോട്ടിൽ വീണു. വീണവൻ തോട്ടിൽ ഒഴുക്കിൽ പെട്ട് ഒഴുകി തുടങ്ങിയതും അടുത്തവൻ അവനെ പിടിക്കാൻ കൂടെ ചാടി. രണ്ടുപേരും ഒഴുകി തുടങ്ങി. ഞങ്ങടെ നിലവിളി കേട്ട് കൂട്ടൂകാരന്റെ അച്ഛന്‍ വന്ന് ഞങ്ങളെ തോട്ടിൽ നിന്ന് വലിച്ചു കയറ്റി. 

2. അച്ചന്റെ സ്കൂൾ(നാഷ്ണൽ യു.പി.എസ് വാഴമുട്ടം)
നാലാം ക്ലാസിൽ നിന്ന് ജയിച്ച് അഞ്ചാം ക്ലാസിലേക്ക് പോയത് 'അച്ചന്റെ സ്കൂൾ' / 'തെക്കേ സ്കൂൾ' എന്നൊക്കെ വിളിക്കുന്ന വാഴമുട്ടം നാഷ്ണൽ യു.പി സ്കൂളീലേക്ക് ആയിരുന്നു. ആ സ്കൂളിന്റെ മാനേജർ ഒരച്ചൻ (ഉടയംകുഴിയിലെ അച്ചൻ) ആയിരുന്നതുകൊണ്ടാണ് ആ സ്കൂളിനെ അച്ചന്റെ സ്കൂൾ എന്ന് വിളിച്ചത്. (ഞങ്ങടെയൊക്കെ വീടിന്റെ തെക്കുഭാഗത്തായിരുന്നു ഈ സ്കൂൾ . അങ്ങനെ ഞങ്ങൾക്കത് തെക്കേ സ്കൂളായി. കൊച്ചു സ്കൂൾ വീടിന്റെ വടക്കുഭാഗത്ത് ആയിരുന്നതുകൊണ്ട് അത് വടക്കേ സ്കൂളും). പപ്പയായിരുന്നു ആ സ്കൂളിലെ ആദ്യ വിദ്യാർത്ഥി. അഞ്ചാം ക്ലാസിലായിരുന്നു ആദ്യമായി ഹിന്ദി (അക്ഷരങ്ങൾ) പഠിച്ചു തുടങ്ങുന്നത്. (ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിക്കുന്നത് നാലിലും)... ഞാൻ എ ഡിവിഷനിൽ ആയിരുന്നു. ബി ഡിവിഷൻ സംസ്കൃതം പഠിക്കുന്നവരുടെ ആയിരുന്നു. ഉള്ള ഹിന്ദിയും ഇംഗ്ലീഷും തന്നെ നമ്മളെ സംബന്ധിച്ച് ബാലികേറാമലയായതുകൊണ്ട് സംസ്കൃതം ഉപേക്ഷിച്ച് എ ഡിവിഷനിൽ തന്നെ തുടർന്നു.... 

തെക്കേ സ്കൂളിലേക്ക് പോകുന്നതും വരുന്നതും ആയിരുന്നു രസകരം.... ഒരു കിലോ മീറ്റർ ദൂരമേ സ്കൂളിലേക്ക് ഉണ്ടായിരുന്നു എന്നുള്ളതെങ്കിലും സകൂളീലേക്ക് പോകാൻ പത്തമ്പത് വഴികൾ ഉണ്ടായിരുന്നു. ഇഷ്ടമുള്ള വഴികളിലൂടെ നമുക്ക് പോകാം. കണ്ടത്തിലൂടയും പാറയിലൂടയും ഒക്കെ നമുക്ക് സ്കൂളിൽ  പോകാം.... വലൈയ മഴക്കാലം ആയാൽ കണ്ടത്തിലേക്ക് ആറ്റിൽ നിന്ന് വെള്ളം കയറി വരും..... അതിങ്ങനെ പാടത്ത് നിറഞ്ഞ് കിടക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്.?? പാടത്തിലൂടെ വെള്ളം നിറഞ്ഞ് ഒഴുകുന്നത് എത്ര കണ്ടാൽ ആണ് മതിയാവുന്നത്..... സ്കൂൾ മുറിയിൽ ലൈറ്റുകളൊന്നും ഇല്ല.... മഴക്കോളായാൽ ഇരുട്ടാവും... മഴ പെയ്ത് തുടങ്ങിയാൽ എറിച്ചിൽ അടിക്കാതിരിക്കാൻ ജനൽ അടയ്ക്കും... പിന്നെ ക്ലാസിൽ അരണ്ട വെളിച്ചം... ആ വെളിച്ചത്തിൽ കൊച്ചു വർത്തമാനങ്ങളുമായി അങ്ങ് കൂടും...... മഴപെയ്ത് തെന്നലായ പാറകളിലൂടെ ഓടിയിറങ്ങുന്നത് ആലോചിച്ചാൽ ഇപ്പോൾ ഒരു ഭയം തോന്നുമെങ്കിലും അന്നതൊക്കെ ഒരു ഹരം ആയിരുന്നു..... ആ കാലത്ത് ഇടയ്ക്കിടയ്ക്ക് വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു.... മൂന്നാലു ദിവസം തോരാതെ മഴ പെയ്താൽ വെള്ളപ്പൊക്കം ഉറപ്പ്..... സ്കൂളിന് അവധിയാകണേ വെള്ളം കയറണേ എന്നൊക്കെ പ്രാർത്ഥിച്ചായിരിക്കണം അന്നൊക്കെ മഴക്കാലത്ത് സ്കൂളിലേക്ക് ഇറങ്ങിയിരുന്നത്......

3. നേതാജി ഹൈസ്കൂൾ , പ്രമാടം
മഴയുടെ സൗന്ദര്യം ശരിക്കും കണ്ടതും അനുഭവിച്ചതും ഹൈസ്ക്കൂൾ ക്ലാസിൽ എത്തിയപ്പോഴാണ്. സ്കൂളിലേക്കുള്ള വരവും പോക്കും രണ്ട് കിലോമീറ്റർ ദൂരം പാടത്തൂടെ ആയിരുന്നു. പൂട്ടിയവയലിലും നെല്ല് വളർന്ന വയലിലും ഉള്ള മഴ രണ്ട് അനുഭവങ്ങൾ ആയിരുന്നു. നോക്കത്താ ദൂരത്തോളം നെല്ല് വളർന്ന് നിൽക്കുന്ന വയലിലെ മഴകാണാൻ പ്രത്യേക ചന്തം തന്നെയാണ്. കാറ്റത്തും മഴയത്തും കൈത്തോടുകളിലെ വരമ്പുകളിലൂടെ പുസ്തകവുമായി ബാലൻസ് ചെയ്ത് നടക്കാൻ രസമാണ്. കാറ്റ് പലപ്പോഴും കുടയെ മടക്കി കളയും.കാറ്റിനെ വെല്ലുവിളിച്ച് കുടയെ പിടിക്കാൻ നോക്കിയാൽ ചിലപ്പോൾ ബാലസ് തെറ്റ് കൈത്തോട്ടിലോ കണ്ടത്തിലോ വീഴും.ഹൈസ്കൂളിൽ എത്തിയപ്പോൾ പുസ്തകവും ബുക്കും പ്ലാസ്റ്റിക കവറിലേക്ക് മാറ്റി. മഴയത്ത് അതാണ് സൗകര്യം. പുസ്തകം ഒക്കെ കവറിൽവെച്ച് റബർബാൻഡ് വലിച്ചിട്ട് അതിന്റെ മുകളിൽ ചോറ്റുപാത്രവും(വട്ടപാത്രം) വെച്ചാൽ പുസ്തകവും പാത്രവും കൈയ്യിലായി.

രാവിലത്തെ മഴയിൽ നനഞ്ഞ് കുതിർന്ന് ക്ലാസിൽ ചെന്നിരിക്കുമ്പോൾ ക്ലാസിലെ അരഭിത്തികളുടെ മുകളിലൂടെ വരുന്ന കാറ്റ് ശരീരത്തെ തണുപ്പിക്കും. കാന്തം കറുത്ത് മണ്ണിനെ പിടിക്കുന്നതുപോലെ ബഞ്ചിലിരിക്കുന്നവന്മാരെല്ലാം കൂടി ഈ കാറ്റ് അടിക്കുമ്പോൾ ഒട്ടിയിരിക്കും. ക്ലാസ് സമയത്ത് മഴയുടെ ഭംഗി കണ്ടത് പ്രമാടത്ത് ഹൈസ്കൂളിൽ പഠിച്ചപ്പോഴാണ്. ക്ലാസിൽ ഇരുന്നാൽ അരഭിത്തിക്ക് മുകളീലൂടെ നോക്കിയാൽ ചുറ്റിനും മഴപെയ്യുന്നത് കാണാം. സ്കൂളിനു പുറകുവശം വയലാണ്. (ഇപ്പോഴും അങ്ങനെയായിരിക്കണം). ഇടവേളകളിലും ഉച്ചസമയത്തും മഴപെയ്യുമ്പോൾ ആ പാടത്തേക്ക് നോക്കി നിൽക്കാൻ രസമാണ്. ഏറ്റവും രസം എപ്പോഴാണന്ന് അറിയാമോ? നെല്ല് കതിർ വന്നു തുടങ്ങുന്നതിനു മുമ്പ് പച്ചപ്പായി പടർന്ന് നിൽക്കുമ്പോൾ ചാറ്റമഴയുടെ അകമ്പടിയോടെ അടിക്കുന്ന കാറ്റ് മുഖത്തേക്ക് വീഴുന്ന മഴത്തുള്ളികൾ തുടച്ചുകൊണ്ട് ആ വയലിലേക്ക് നോക്കുമ്പോൾ.... നെല്ല് ഒരു 'വേവ്'(ചെറിയ തിരമാല) പോലെ ഇങ്ങനെ പൊങ്ങിയും താണും അനങ്ങും....

സ്കൂളിന്റെ പുറകിൽ, ഞങ്ങൾ പോവുകയും വരികയും ചെയ്യുന്ന പാടത്ത് വരമ്പ് കോരിവയ്ക്കുമെങ്കിലും മഴയത്ത് ആ വരമ്പൊക്കെ ഒഴുകിപ്പോകും. പിന്നെ മുട്ടറ്റം വെള്ളത്തിൽ നടന്നു കയറണം. മഴയുടെ ശക്തി കൂടിയാൽ വെള്ളത്തിന്റെ ഒഴുക്കും കൂടും. മുട്ടറ്റം വെള്ളം എന്നുള്ളത് മുകളിലേക്ക് കയറും. മുണ്ട് ഉടുത്തവന്മാർക്ക് മുണ്ട് പൊക്കി പൊക്കി മുണ്ടിനെ നനയാതെ സംരക്ഷിക്കാം. പാന്റാണങ്കിൽ നനഞ്ഞതുതന്നെ. വേണമെങ്കിൽ പാടത്തു നിന്ന് കുടകൊണ്ട് മീനിനെ പിടിച്ച് തൂക്കുപാത്രത്തിൽ ഇട്ട് അടൂത്ത തോട്ടിലോ അപ്പുറത്തുള്ള വയലിലോ കൊണ്ടിടാം....കാലിലേക്ക് മീനുകൾ വന്നു കൊത്തും. രണ്ട് ദിവസം നിർത്താതെ പെയ്ത മഴ ഒരു ദിവസം വിശ്രമം എടുക്കുമ്പോൾ വെള്ളം പളുങ്കുപൊലെ തെളിയും. ആ പളുങ്കുവെള്ളത്തിലൂടെ കുഞ്ഞു കുഞ്ഞു മീനുകൾ നമ്മളോട് കിന്നാരം പറഞ്ഞ് പോകും.

സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു തോട് കടക്കണം,അമ്മൂമ്മത്തൊട് . അമ്മൂമ്മത്തോട് കടക്കാൻ ഉണ്ടായിരുന്നത് ഒരു കോൺക്രീറ്റ് പോസ്റ്റ് ആയിരുന്നു. അതിലൂടെ തോട്ടിൽ വീഴാതെ ട്രിപ്പീസുകളിക്കാരനെപ്പോലെ ഞങ്ങൾ തോടു കടന്നു..... മഴ കനത്ത് പെയ്യുമ്പോൾ അമ്മൂമ്മത്തോട് നിറഞ്ഞു കവിഞ്ഞൊഴുകും... പോസ്റ്റിൽ നിന്ന് തോട്ടിലെ വെള്ളത്തിലേക്ക് കാലിട്ട് രസിച്ചു..... കർക്കിടകത്തിലായിരുന്നു ഈ യാത്രകൾ രസകരമാകുന്നത്..... നിറഞ്ഞൊഴുകുന്ന കൈത്തോടുകൾ, കതിർ നിറഞ്ഞു നിൽക്കുന്ന പാടങ്ങൾ , പെട്ടന്ന് ആകാശത്ത് നിറയുന്ന കാർമേഘങ്ങൾ..... ഇരച്ചെത്തുന്ന മഴ.... നനയുകയെ ള്ള്ളു മാർഗ്ഗം.... മഴ നനയാതിരിക്കാൻ ഒന്നുകിൽ തോട്ടിൽ നിൽക്കൂന്ന കാട്ടുചേമ്പിന്റെ ഇല പറിച്ച് തലയ്ക്ക് മുകളിൽ വെറുതെ പിടിക്കാം... അല്ലങ്കിൽ പോകുന്ന വഴിയിൽ കാണുന്ന വാഴയിൽ നിന്ന് വാഴ ഇല മുറിച്ച് തലയിൽ വീഴുന്ന മഴയെ തടയാം... പക്ഷേ മിക്കപ്പോഴും മഴയും കാറ്റും നമ്മളെ തോൽപ്പിക്കൂം.. കാറ്റും മഴയും നമ്മളെ കുളിപ്പിക്കും... പ്ലാസ്റ്റിക് കവറിലെ പുസ്തകങ്ങൾ എടൂത്ത് നമ്മൾ സുരക്ഷിതമാക്കാൻ ശ്രമിക്കും. ഉടുപ്പ് പൊക്കി പുസ്തക കവർ അരയിലേക്ക് ഇറക്കിവെയ്ക്കും.... ചുമ്മാ ഒരു വിശ്വാസത്തിനു മാത്രം.....

വലിയ മഴപെയ്യാതെ കാറ്റ് അടിച്ചുകൊണ്ട് ചാറ്റ മഴപ്പെയുമ്പോൾ ആൺപിള്ളാർ വരമ്പത്തോടെ ഓടൂമ്പോൾ (പാവം) പെൺകുട്ടികൾ കാറ്റിനോട് കലഹിക്കുകയായിരിക്കൂം. കള്ളക്കാറ്റ് അവരുടെ പാവാട കാറ്റ് അടുപ്പിച്ച് പറത്താൻ നോക്കൂം. ഒരു കൈകൊണ്ട് കാറ്റത്ത് പാവാട പൊങ്ങാതെ പിടിക്കണം മറുകൈകൊണ്ട് കുട പിടിക്കണം ഇതിൽ ഏതെങ്കിലും ഒരു കൈകൊണ്ട് പുസ്തകസഞ്ചിയോ കവറോ പിടിക്കണം. എന്നിട്ട് വേണം വരമ്പിലൂടെ ബാലൻസ് ചെയ്ത് നടക്കാൻ. വലിയ കാറ്റത്ത് കുടമടങ്ങാതയും നോക്കണം.... മാത്രമല്ല മഴയത്ത് ഓടുവരുന്ന കുരുത്തംകെട്ടവന്മാർക്ക് ഒറ്റവരമ്പിൽ വഴി കൊടുക്കുകയും വേണം....

മഴക്കാലത്തെ സ്കൂൾയാത്രകളിൽ പേടിപ്പെടുത്തുന്ന യാത്രകൾ ആയിരുന്നു തുലാം മഴ. സ്കൂൾ വിടൂന്നതിനു തൊട്ട് മുമ്പ് മഴക്കോൾ ആകാശത്ത് തയ്യാറാകും. പിന്നെ അങ്ങ് ആകാശത്ത് പൊരിഞ്ഞ പോരാട്ടമാണ്. ഇടിയും മിന്നലും ആകാശത്ത് നിറയുമ്പോൾ ഓരോ ഇടിയും നമ്മുടെ ചങ്കിൽ തറയ്ക്കും, ഓരോ മിന്നലും നമ്മൗടേ കണ്ണുകൾക്ക് മുമ്പിൽ  അഗ്നി ചിതറും.... വിശാലമായ പാടത്തിലെ വരമ്പിലൂടെ നടക്കുമ്പോൾ കൊള്ളിയാനുകൾ നമ്മുടെ തൊട്ടുമുമ്പിലേക്കിറങ്ങുന്നതായി നമുക്ക് തോന്നും. ആകാശത്ത് മിന്നൽപ്പിളരുകൾ ; ആകാശം പൊട്ടി വീണാൽ ആകാശത്തെ ചന്ദ്രനും സൂര്യനും ഒക്കെ താഴെ വീണാൽ എന്തുചെയ്യുമെന്ന് ചിന്തിച്ച് മിന്നൽ കാണാതിരിക്കാൻ തലകുനിച്ച് കുടയിലേക്ക് മാത്രമായി നമ്മൾ ചുരുങ്ങും.... ദേവന്മാരും അസുരന്മാരും യുദ്ധം ചെയ്യുമ്പോഴാണ് ഇടിയും മിന്നലും ഉണ്ടകുന്നെതെന്ന് വിശ്വസിച്ചിരുന്ന കാലം... ദൈവം മനുഷ്യരുടെ ഫോട്ടോ എടുക്കുന്നതാണ് മിന്നൽ എന്ന് ചുമ്മാ വിശ്വസിച്ചു.... ചുമ്മാതെയുള്ള ഇത്തരം വിശ്വാസങ്ങൾ ആയിരുന്നല്ലോ നമ്മുടെ ബാല്യകാലം. അതുകൊണ്ടാണല്ലോ അടികിട്ടാതിരിക്കാൻ പാഞ്ചിയില കൂട്ടികെട്ടിയിട്ട് സ്കൂളിൽ പോയതും , പാഞ്ചിയില പറിച്ച് കയ്യാലപ്പോട്ടിൽ വെച്ചതും......!!!!

തുലാം മഴക്കാലത്ത് ഉച്ചകഴിഞ്ഞുള്ള ക്ലാസുകൾ പലപ്പോഴും നടക്കാറീല്ല. മഴക്കോളായിക്കഴിഞ്ഞാൽ ക്ലാസിൽ ഇരുട്ടാവും. വേഴാമ്പലിനെ പോലെ ഞങ്ങൾ അവസാനത്തെ ബഞ്ചുകാർ (പത്താം ക്ലാസിൽ അവസാന ബഞ്ചിൽ എത്തപ്പെട്ടു) മഴയ്ക്കായി കാത്തിരിക്കും. കെട്ടിപൊക്കാത്ത ഭിത്തിക്ക് മുകളിലൂടെ മഴത്തുള്ളികൾ ഞങ്ങളിലേക്ക് വരും. അല്പം അഡ്ജസ്റ്റ് ചെയ്ത് മുന്നിലുള്ള ബഞ്ചിൽ നിന്ന് ഒന്നു രണ്ടുപേരെക്കൂടി ഞങ്ങടെ ബഞ്ചിൽ 'അക്കോമഡേറ്റ്' ചെയ്യും... പുറത്ത് മഴയുടെ താളം ക്ലാസ് മുറിക്ക് അകത്ത് കൊച്ചുകൊച്ചു കൗതുകങ്ങളുടേ മേളം....  ആ മഴസമയത്തായിരുന്നു സിനിമാക്കഥകൾ കേട്ടത്.... പുസ്തകത്തിൽ ഇടുന്ന കറുത്ത റബർ ചുരുട്ടി കോമ്പസുകൊണ്ട് കുരുക്കികുത്ത് കളിച്ചതും ആ മഴസമയത്ത് ആയിരുന്നു.... ഡസ്ക്കിൾ കോമ്പസുകൊണ്ട് വൃത്തം വരച്ച് മൂന്നുമൂലയും , ചതുരം വരച്ച് നാലുമൂല കളിച്ചതും ആ മഴസമയങ്ങളിലായിരുന്നു....... സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടേയും മഴക്കാലമായിരുന്നു അത്...... പിന്നീട് ആ സൗഹൃദങ്ങളിൽ പലതും നഷ്ടപ്പെട്ടു.. തിരികെപിടിക്കാനാവത്തവിധം ആ ബന്ധങ്ങൾ ഒക്കെ നഷ്ടപ്പെട്ടിരിക്കുന്നു.... ജീവിത തിരക്കുകൾക്കിടയിൽ ഒരു ചിരിപോലും ചിരിക്കാനാവാതെ നഷ്ടപ്പെട്ട് പോകുന്ന ബന്ധങ്ങളിൽ ഒന്നുമാത്രമായി മാറുകയാണ് ആ മഴഓർമ്മകളും... എത്ര നാളുകൾ കൂടി ഇനി ഈ ഓർമ്മകൾ ഉണ്ടാകുമെന്ന് അറിയില്ല....

മഴകൊണ്ടുമാത്രം മുളയ്‌ക്കുന്ന വിത്തുകള്‍
ചിലതുണ്ട്‌ മണ്ണിന്‍ മനസില്‍  ...... 
അന്ന് നഷ്ടപ്പെട്ട സൗഹൃദങ്ങൾ മുളയ്ക്കുന്ന മഴക്കാലത്തിനായി കാത്തിരിക്കുകയാണ്..... എന്ന്നെകിലും ആ സൗഹൃദവിത്തുകൾ മുളയ്ക്കാത്തിരിക്കില്ല എന്ന പ്രതീക്ഷകൾ  ഇപ്പോഴും ക്ലാവ്പിടിച്ച് നിറം മങ്ങിയ ഓർമ്മകളിൽ ചെമ്പ് തെളിയുന്നതും കാത്തിരിക്കുകയാണ്..........

'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുമ്പോൾ'....

ഇന്നലെ(ജൂൺ ഒന്ന്) വീണ്ടും ആ പഴയ കൊച്ചുസ്കൂളിൽ യാദൃശ്ചികമായി പോകേണ്ടിവന്നു... പോയി എന്നതിനെക്കാൾ സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലും പങ്കെടുത്തു. ഇപ്പോഴും ഒരു മാറ്റവും ഇല്ലാത്ത സ്കൂൾ കെട്ടിടം. പക്ഷേ പഴയതിനെക്കാൾ മനോഹരമായിരിക്കുന്നു.... പണ്ട് ഒന്നാം ക്ലാസിൽ ഇരുന്ന ക്ലാസിന്റെ കോണിൽ ഒരു കസേരയിട്ട് ഇരുന്ന് ആ പരിപാടിയിൽ പങ്കെടുത്തു... ആ ജനലുകൾ ഇപ്പോഴും പഴയതുപോലെ തന്നെ... അന്ന് ഇടവേളകളിൽ ജനലിൽ കൂടി ചാടി(പ്പോ)യാൽ സാറുന്മാരുടെ അടി ഉറപ്പായിരുന്നു. അന്നത്തെ ബഞ്ചുകൾ തിരഞ്ഞു എങ്കിലും കണ്ടില്ല... എപ്പോഴും കുറുകികൊണ്ടിരുന്ന പ്രാവുകളെയും കണ്ടില്ല.... ഇടയ്ക്ക് സ്കൂൾ മുറ്റത്തേക്കിറങ്ങി..... ഇല്ല മുറ്റത്തിനൊരു മാറ്റവും ഇല്ല..... (ഊഞ്ഞാലും കുട്ടികൾക്ക് കറങ്ങാനുള്ള ഒരു നിർമ്മ്തയും അധികത്തിൽ മുറ്റത്തുണ്ട്). മുറ്റത്തെ പ്ലാവും ആലും ഇപ്പോഴും ഉണ്ട്.... മതിൽ പൊക്കി കെട്ടിയിരിക്കുന്നു.... ആലിനു ചുറ്റും ചുറ്റുമതിൽ ഉണ്ടാക്കിയിരിക്കുന്നു... പണ്ട് മണ്ണിട്ട് മില്ല് കളിച്ചിരുന്ന പ്ലാവുകൾക്ക് ചുറ്റും എന്തക്കയോ ചെടികളും പച്ചക്കറികളും നട്ടിരിക്കൂന്നു.... മുറ്റത്തെ നെല്ലിമരം അവിടെയുണ്ട് (പണ്ടത്തെ നെല്ലിതന്നെയാണോ എന്നുറപ്പില്ല).... കിണറിനു ചുറ്റും ചെടികൾ വെച്ചിരിക്കുന്നു. ഇപ്പോൾ മോട്ടോർ വെച്ചിരിക്കുന്നതുകൊണ്ട് വെള്ളം കോരേണ്ട എന്ന് തോന്നുന്നു...  മൂന്നും നാലും ക്ലാസിൽ പഠിക്കൂന്ന കുട്ടികളായിരുന്നു കൊച്ചു കുട്ടികൾക്ക് വെള്ളം കോരിക്കൊടൂത്തിരുന്നത്.... 


മുറ്റത്തൂടെ നടന്നപ്പോഴാണ് ചിതലെടുത്തു തുടങ്ങിയ മങ്ങിയ ഒരു ഫോട്ടോ അനാഥമായി കിടക്കൂന്നത് ശ്രദ്ധിച്ചത്... ആ ഫോട്ടോയിലേക്ക് ശ്രദ്ധിച്ചു നോക്കി. പരിചിതമായിരുന്ന മുഖങ്ങൾ ഓർമ്മകളിൽ നിന്ന് തെളിഞ്ഞു വരുന്നു..ഞാൻ പഠിച്ച സമയത്തെ ഒരു ഫോട്ടോയാണത്. അന്നത്തെ അദ്ധ്യാപകരുടെ ഫോട്ടോ. കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്തിരുന്ന തോമ്മാച്ചായൻ പിരിഞ്ഞു പോകുന്ന ദിവസം എടൂത്ത ഫോട്ടോ!!!! ഉപ്പുമാവിന് വട്ടയിലയുമായി നില്ല ഒരു കാലത്തിന്റെ നിറം മങ്ങിയ ചിത്രങ്ങൾ തെളിയുകയാണ്. പക്ഷേ.......
ഇരിക്കുന്നവർ > സുകുമാരൻ സർ , ഭാസ്ക്കരൻ സർ, തോമാച്ചാൻ , രാമചന്ദ്രൻ സർ, ഗോപി സർ
നിൽക്കുന്നവർ >> മറിയാമ്മ ടീച്ചർ , ഗോമതി ടീച്ചർ , ഏലിയാമ്മ ടീച്ചർ
ആ ചിത്രങ്ങളിൽ ഉള്ള രണ്ടുപേരെ എത്ര ഓർത്തെടൂക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. ഗോപിസാറും രാമചന്ദ്രൻസാറും സുകുമാരൻസാറും ഏലിയാമ്മ ടീച്ചറും മറിയാമ്മ ടീച്ചറും  ഓർമ്മയിൽ തന്നെയുണ്ട്. ഗോമതിടീച്ചറെക്കുറിച്ചുള്ള ഓർമ്മകൾ ഒന്നും മനസിൽ തെളിയാതിരുന്നതുകൊണ്ട് അത് ആരാണന്ന് അറിയാൻ മറ്റൊരാളിന്റെ സഹായം വേണ്ടീ വന്നു... ഈ ഫോട്ടോ കണ്ടപ്പോഴാണ് പഴയകാലത്തെക്കുറിച്ച് ഓർത്തതും എഴുതിയതും..... (സുകുമാരൻ സാറിനെക്കുറിച്ച് ഇപ്പോഴും ഓർമ്മയുണ്ട്. റോഡിൽ നിന്ന് മുറുക്കിതുപ്പി വായനശാലകടന്ന് കയറി വായിൽ വെള്ളം ഒഴിച്ച് നീട്ടിത്തുപ്പുന്ന ഒരു രൂപം. എന്തുകൊണ്ട് അതിപ്പോഴും മായാതെ നിൽക്കുന്നു എന്നറിയില്ല. അദ്ദേഹമാണ് പുരാണത്തിലെ കഥകൾ പറഞ്ഞ് തന്നത്. ബ്ലാക്ക് ബോർഡിൽ  ശ്ളോകങ്ങൾ എഴുതിയിട്ട് ആ കഥകൾ ഒക്കെ പറഞ്ഞ് തന്നത് സുകുമാരൻ സാർ ആയിരുന്നു.)

മറവിയാണ് മനുഷ്യന്റെ അനുഗ്രഹം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ആ ഒരൊറ്റ ഫോട്ടോ കൊണ്ട് മറവിയിലേക്ക് ഒഴുകിക്കോണ്ടൊരുന്ന ചില ഓർമ്മകളെ വീണ്ടും പുതുക്കിയെടുക്കാൻ കഴിഞ്ഞു..... ഓ‌എൻവിയുടെ പ്രശസ്തമായ കവിതയോടെ അവസാനിപ്പിക്കാം...

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം