Thursday, January 21, 2010

എന്തെല്ലാം അവാര്‍ഡുകള്‍ ???

കഴിഞ്ഞ ശനിയാഴ്ച (16-01-2010) തിരുവന്തപുരത്തിനു പോകുന്നവഴിയില്‍ കൊട്ടാരക്കരയില്‍ (ട്രാന്‍സ്‌പോര്‍ട്ട് ബസ്‌സ്റ്റാ‌ന്‍ഡിലേക്ക് തിരിയുന്നിടത്ത്)ഒരു ഫ്ലക്സ് കണ്ടു. ഒരു പുരോഹിതന്‍ ഒരു ഷീല്‍ഡ് പോലുള്ള എന്തോ ഒരു സാധനം കൈയ്യില്‍ പിടിച്ചിട്ടുണ്ട്. ആ പുരോഹിതന് ‘ ഹീലര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് കിട്ടിയത്രെ!!! ഇങ്ങനെ ഒരു അവാര്‍ഡിനെക്കുറിച്ച് നല്ലപ്പോള്‍ കേള്‍ക്കുകയാണ് ‘ഹീലര്‍ ഓഫ് ദി ഇയര്‍‘ . ആരാണാവോ ഈ അവാര്‍ഡ് കൊടുക്കൂന്നത്. വാങ്ങുന്ന ആള്‍ക്കെങ്കിലും അല് പം വകതിരിവൊക്കെ വേണ്ടേ?? മുകളില്‍ പറഞ്ഞിരിക്കുന്ന അവാര്‍ഡ് സ്വീകര്‍ത്താവ്
ഒരു പുരോഹിതന്‍ കൂടി ആണല്ലോ? (ഫ്ലക്സിലെ ഫോട്ടോയില്‍ തൊപ്പിയുള്ളതുകൊണ്ട് ആള്‍ ഓര്‍ത്തഡോക്സ് / പാത്രിയര്‍ക്കീസ് ആകാനാണ് സാധ്യത. ഈ ഫ്ലക്സില്‍ പറഞ്ഞിരിക്കൂന്ന പുരോഹിതന്റെ പേര് ടിക്കറ്റിന്റെ പുറത്ത് എഴുതിയെങ്കിലും അതെവിടയോ എടുത്തൂ കളഞ്ഞു.) . ഈ പുരോഹിതന്‍ ആരെയെങ്കിലും ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ടോ എന്ന് അറിയില്ല. കാര്യങ്ങളുടെ കിടപ്പ് വശം പരിശോധിക്കുമ്പോള്‍ സംഗതി പിടികിട്ടും. ഇന്നത്തെ സമൂഹത്തിലെ പുതിയ ‘ട്രന്‍ഡ് ‘ ആയ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് പോരാട്ടങ്ങളുടെ ബാക്കിപത്രത്തിന്റെ ഫലമാണ് ഈ അവാര്‍ഡ് എന്ന് വ്യക്തം. ഈ അവാര്‍ഡ് ആരാണാവോ നല്‍കുന്നത് ? ആരൊക്കെയായിരിക്കും അവാര്‍ഡിനു‌വേണ്ടി മത്സരിച്ചത് ? എന്താ‍യിരുന്നു ഈ അവാര്‍ഡിന്റെ മാനദണ്ഡം ?? ഹ! ആര്‍ക്കറിയാം. സ്വന്തം കൈയ്യിലെ കാശ് കൊണ്ട് അവാര്‍ഡു കമ്മറ്റി ഉണ്ടാക്കി അവാര്‍ഡ് വാങ്ങി അതിന്റെ ഫ്ലക്സ് അടിച്ച് റോദില്‍ വയ്ക്കുന്നതില്‍ നിനക്കെന്താ ചേദം എന്ന് അവാര്‍ഡ് ജേതാവ് ചോദിച്ചാല്‍ പറയാന്‍ ഒരു ഉത്തരം ഇല്ല. ഒന്നു മാത്രം അവാര്‍ഡിനു പേരിടൂമ്പോള്‍ അല്പം വകതിരിവൊക്കെ ആവാം.....



ജനുവരി 15 വെള്ളിയാഴ്ചത്തെ മാതൃഭൂമി എറണാകുളം എഡീഷനില്‍ 7 ആം പേജില്‍ ഒരാള്‍ക്ക് അവാര്‍ഡ് കിട്ടിയതിനെക്കുറിച്ച് ഒരു പരസ്യം (?) / ഫീച്ചര്‍ (?) ഉണ്ടായിരുന്നു. ഇങ്ങനെയുള്ള പരസ്യത്തിനു താഴെ സാധാരണ advt. എന്നാണ് കൊടുക്കാറുള്ളത് . ഈ പരസ്യത്തിന് advt. ഇല്ലായിരുന്നു.‘പ്രവാസിഭാരതി (കേരള) ‘കര്‍മ്മ ശ്രേഷ്‌ഠ ‘ പുരസ്കാരം മഠത്തില്‍ രഘുവിന്. ‘ എന്നായിരുന്നു പരസ്യത്തിന്റെ തലക്കെട്ട്. “കേരളത്തിന്റെ തനതുകലകളും സംസ്കാരവും നാട്ടിലും വിദേശരാജ്യങ്ങളിലും പ്രചരിപ്പിക്കൂന്നതിലും നാടിന്റെ സാംസ്കാരിക സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലും അതീവ തത്പരനാണ് ഇദ്ദേഹം “. മഠത്തില്‍ രഘു എന്ന പേര് മാധ്യങ്ങളിലൂടെ കേട്ടിണ്ട് എന്നുള്ള ഓര്‍മ്മയില്‍ ഒന്നു സേര്‍ച്ച് ചെയ്തു നോക്കി. ദാ വിവരങ്ങള്‍ ഗൂഗിള്‍ നല്‍കിയിരിക്കൂന്നു. “മഠത്തില്‍ രഘുവിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിദേശമലയാളികള്‍ക്കും നാട്ടുകാര്‍ക്കും അഭിമാനിക്കാം.” (ഞാന്‍ പറയുന്നതല്ല പരസ്യത്തില്‍ (?) പറയുന്നതാണ്.).



മറ്റൊരു അംഗീകാരത്തിന്റെ പേരുകള്‍ കേള്‍ക്കുക. മാണിക്യം , ധീരന്‍ , വീരന്‍ , നേതാ , ശബ്ദ്ദം ... താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
(ധീരാ വീരാ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നുള്ള മുദ്രാവാക്യത്തിന്റെ ഒരു സാധ്യതയേ???)


ഏറ്റവും മികച്ച അവാര്‍ഡു പ്രഖ്യാപനം ഏതാണന്ന് അറിയാമോ? നമ്മുടെ ടെലിവിഷന്‍ ചാനലുകളുടെ സിനിമാ അവാര്‍ഡു തന്നെ. ഒരു വര്‍ഷം ഇറങ്ങുന്ന എല്ലാ സിനിമകളിലേയും താരങ്ങള്‍ക്ക് അവാര്‍ഡു കൊടുക്കാന്‍ ശ്രമിക്കുന്ന ചാനലുകാരുടെ വിശാലമനസ് കാണാതിരുന്നുകൂടാ. ഇറങ്ങുന്ന സിനിമകള്‍ മൊത്തം എട്ടുനിലയില്‍ പൊട്ടിയാലും മെഗാകള്‍ക്ക് അവാര്‍ഡു കിട്ടാതിരിക്കൂന്നുണ്ടോ?? നമ്മുടെ ടെലിവിഷന്‍ ചാനലുകാരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സിനിമ അവാര്‍ഡ് നിര്‍ണ്ണയിക്കാന്‍ ഏല്‍പ്പിച്ചാല്‍ ഇലയ്ക്കും മുള്ളിനുംകേടില്ലാതെ പരാതികള്‍ ഇല്ലാതെ അവാര്‍ഡ് പ്രഖ്യാപിക്കും. ഈ വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ ഈ രീതി ചെയ്തു നോക്കാവുന്നതാണ്.

Monday, January 18, 2010

കൊച്ചിയും ശിവസേനയും

ഇന്ന് (ജനുവരി 18) ശിവസേനയുടെ ഒരു ഫ്ലക്സ് കണ്ടു...
JOIN SHIVSENA
SAVE KOCHI എന്നാണ് ഫ്ലക്സിലെ വാക്യം.

മറാത്തവാദം ഉയര്‍ത്തികൊണ്ട് മഹാരാഷ്‌ട്രയില്‍ തുടങ്ങിയ ശിവസേനയുടെ പ്രധാന മുദ്രാവാക്യം ‘മക്കള്‍വാദം ’ തന്നെയാണ് . ഇടയ്ക്കിടയ്ക്കിടയ്ക്ക് മഹാരാഷ്ട്ര മറാത്തക്കാര്‍ക്ക് അവകാശപ്പെട്ടതാണന്ന് അവകാശം ഉന്നയിക്കുകയും അല്പം വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പതിവ് പാര്‍ട്ടി തെറ്റിക്കാറില്ല.

കേരളം എല്ലാപാര്‍ട്ടികള്‍ക്കും വളരാനുള്ള(മേല്‍‌പ്പോട്ടും താഴോട്ടും) മണ്ണാണന്ന് തോന്നുന്നു. ബി.എസ്.പി കഴിഞ്ഞഇലക്ഷനില്‍ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെവരെ നിര്‍ത്തി. എന്തിന് കുമാരി മായാവതിയുടെ ജന്മദിനത്തില്‍ പ്രമുഖമലയാളപത്രങ്ങളില്‍ ഫുള്‍‌പേജ് പരസ്യം വരെ ഉണ്ടായിരുന്നു. ലാലുപ്രസാദ് യാദവ് റയില്‍‌വേ മന്ത്രിയായിരുന്നപ്പോള്‍ കേരളാത്തിന്റെ റയില്‍‌വേ വികസനത്തിന്റെ ഹോള്‍‌സെയില്‍ പങ്ക് തങ്ങളാണന്ന് അവകാശപ്പെട്ട് കേരളത്തിലെ ആര്‍‌ജെഡിയുടെ മുന്നണിപ്പോരാളിയായ ഒരു സ്ത്രിയുടെ ചിത്രം ഉള്‍പ്പെട്ട ഒരു ഫ്ലക്സ് എറണാ‍കുളം നോര്‍ത്ത് റയില്‍‌വേ സ്തേഷനിലെ ഓട്ടോ സ്റ്റാന്‍‌ഡിലെ മരച്ചുവട്ടില്‍ ഉണ്ടായിരുന്നു. 2009 ലെ ഇലക്ഷന്‍ കഴിഞ്ഞതൊടെ ഫ്ലക്സ് അപ്രത്യക്ഷമായി.

ഇനി നമ്മുടെ കേരളകോണ്‍‌ഗ്രസിന് തമിഴ്‌നാടിനയോ കര്‍ണ്ണാടകയോ ആന്ധ്രയയോ രക്ഷിക്കണമെങ്കില്‍
അങ്ങനെയാവാം. കേരളകോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് ചെല്ലേണ്ടതില്ല. അവിടെ ഇപ്പോള്‍ ആവിശ്യത്തിന് ആളുകള്‍ ഉണ്ട്. ആന്ധ്രയെ രക്ഷിക്കാന്‍ കേരളകോണ്‍‌ഗ്രസില്‍ ചേരൂ എന്ന ബോര്‍ഡ് ഹൈദരാബാദിലുള്ളവര്‍ക്ക് കാണേണ്ടിവരുന്നതൊന്ന് ആലോചിക്കുക.

കൊച്ചിയെ രക്ഷിക്കാന്‍ ശിവസേനയ്ക്ക് കഴിയുമെങ്കില്‍ നല്ല കാര്യം. കൊച്ചിയെമാത്രമല്ല കേരളത്തെ മുഴുവന്‍ രക്ഷിക്കാന്‍ ശിവസേനയ്ക്ക് കഴിയട്ടെ. ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രം കേള്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ പേരായി ശിവസേനമാറാതിരിക്കട്ടെ. (ശിവസേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ആംബുലന്‍‌സ് സര്‍വ്വീസ് പോലുള്ള സേവന സന്നദ്ധപരമായ കാര്യങ്ങള്‍ ഈ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ ഉണ്ടാവട്ടെ.....)



update:: January 19 , 8:16pm

മുകളില്‍ പറഞ്ഞരിക്കുന്ന ഫ്ലക്സിന്റെ ചിത്രം ‘ഒറ്റവരി രാമന്‍‘ വക Life@3.2megapixel എന്ന ബ്ലോഗില്‍ ശിവസേന കൊച്ചിയില്‍ !! എന്ന പോസ്റ്റില്‍ കാണാം

Tuesday, January 12, 2010

സ്വര്‍ണ്ണവും DYFI യും സമൂഹവും

DYFI യുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം തിരുവന്തപുരത്ത് അവസാനിക്കു മ്പോള്‍ കേരള സമൂഹത്തിന്റെ മുന്നിലേക്ക് ഈ സമ്മേളനം വയ്ക്കുന്ന ചിന്തകളില്‍ ഒന്ന് മഞ്ഞലോഹത്തിന്റെ മാസ്മരികവലയത്തില്‍ നിന്ന് പുറത്തുകടക്കുക‘ എന്നുള്ളതാണ്. മറ്റുള്ള യുവജന സഘടനകളില്‍ നിന്ന് DYFI വഴിമാറി ചിന്തിക്കുന്നു എന്നുള്ളത് കേരള സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നു. (ചിന്തകളുടേയും പ്രവര്‍ത്തനങ്ങളുടേയും അന്തര ത്തേയും , അസഹിഷണതയേയും പരാമര്‍ശിക്കാതെ നല്ല ഒരു ചിന്തയ്ക്ക് പിന്തുണ നല്‍കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഈ പോസ്റ്റിനുള്ളു.)കേരളം സ്വര്‍ണ്ണക്കടകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നുള്ളത് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. ഉത്സവാന്തരീക്ഷത്തില്‍ താരങ്ങളെ അണിനിരത്തി വമ്പന്‍ പരസ്യകോലാഹല ങ്ങളോടെ തുടങ്ങുന്ന പുതിയ സ്വര്‍ണ്ണക്കടകള്‍ക്ക് നമ്മുടെ കേരളത്തില്‍ വി‌ല്പനയ്ക്ക് കുറവുണ്ടോ?? പുതിയ പരസ്യ തന്ത്രങ്ങളില്‍ ജനങ്ങളെ മയക്കി എങ്ങനെ വില്പന വര്‍ദ്ധിപ്പിക്കാം എന്ന് പ്രഫഷണല്‍ തലച്ചോറുകള്‍ ഗവേഷ്ണം നടത്തുന്ന സ്വര്‍ണ്ണ വില്പന കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഇത്തരം തലച്ചോറുകള്‍ കണ്ടുപിടിച്ച ഒന്നാണ് 'അക്ഷയതൃതീയ' ആഘോഷം.!!! (ഫ്ലാറ്റു വില്പനക്കാരുടെ തലച്ചോറുകള്‍ കഴിഞ്ഞ വര്‍ഷം ‘അഷ്ടപഞ്ചമി‘ കണ്ടുപിടിച്ചത് മറക്കുന്നില്ല.)

712.6 ടണ്‍‌ സ്വര്‍ണ്ണമാണ് 2008 ല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. വിപണിയിലെ ഉയര്‍ന്ന വിലയെതുടര്‍ന്ന് 2009 ല്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞു. (ഇറക്കുമതി കുറഞ്ഞിട്ടും വില്പന കുറഞ്ഞില്ല എന്ന് സ്വര്‍ണ്ണക്കടകളിലെ തിരക്ക് കാണിക്കുന്നുണ്ട്.)

:: എന്തുകൊണ്ട് സ്വര്‍ണ്ണം ::
എന്തുകൊണ്ടാണ് സ്വര്‍ണ്ണം ആളുകള്‍ വാങ്ങിക്കൂട്ടുന്നു?? സ്വര്‍ണ്ണത്തെ ഒരു മികച്ച നിക്ഷേപമായി ജനങ്ങള്‍ കണ്ടുതുടങ്ങിയതുകൊണ്ടാണ് സ്വര്‍ണ്ണം ആളുകള്‍ വാങ്ങി കൂട്ടുന്നത്. ഓഹരികളുടെ ചാ‍ഞ്ചാട്ടം, സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ‍ റിയല്‍ എസ്റ്റേറ്റ് ബിസ്‌നസിനുണ്ടായ തളര്‍ച്ച ഒക്കെയും നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് ആകര്‍ഷിച്ചു. സ്വര്‍ണ്ണം നിക്ഷേപമാക്കി മാറ്റുമ്പോള്‍ വന്‍ നഷ്ടം വരുമെന്നുള്ള ഭയവും വേണ്ട. സ്വര്‍ണ്ണം വീണ്ടും പണമാക്കി മാറ്റാന്‍ അധികം താമസവും വേണ്ട. ഇത് നിക്ഷേപകരുടേയും സമൂഹത്തിലെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെയും കാര്യം മാത്രമല്ല മധ്യവര്‍ഗ്ഗവും അതിനു താഴെയുള്ളവരും സ്വര്‍ണ്ണത്തെ ഒരു നിക്ഷേപമായോ എളുപ്പം പണമാക്കി മാറ്റാവുന്ന ഒരു ആസ്തിയായോ കണ്ടുതുടങ്ങിയിരിക്കുന്നു. പണത്തിന് ആവിശ്യം വരുമ്പോള്‍ സ്വര്‍ണ്ണം പണയം വച്ച് കാര്യങ്ങള്‍ നടത്തുകയും പിന്നീട് പണയം തിരിച്ചെടുക്കുകയും ചെയ്യാം എന്നതുകൊണ്ടാണ് സാധാരണക്കാരും സ്വര്‍ണ്ണത്തിലേക്ക് ആകൃഷ്ടരാകുന്നത്.

:: സ്വര്‍ണ്ണവും കേരള സമൂഹവും ::
കേരളത്തില്‍ എന്തുകൊണ്ട് ഇത്രയും സ്വര്‍ണ്ണക്കടകള്‍? ഇന്ന് സ്വര്‍ണ്ണം പോലും ‘ബ്രാന്‍ഡ്’ ചെയ്യപെട്ടുകഴിഞ്ഞു. (പരസ്യങ്ങളിലെ ‘ടാഗ് ‘ യുദ്ധം നിരീക്ഷിക്കുക). ചെറിയ ചെറിയ സ്വര്‍ണ്ണക്കടകള്‍ ഇന്ന് അപ്രത്യക്ഷമായി വന്‍‌കിട സ്വര്‍ണ്ണഹാളുകള്‍ നമ്മുടെ ഇടയില്‍ സ്ഥാനം നേടിയിരിക്കുന്നു. പണ്ട് സ്വര്‍ണ്ണക്കടകളുടെ മുന്നില്‍ ആളുകളെ ആകര്‍ഷിച്ചു കൊണ്ടിരുന്നിരുന്ന തട്ടാന്‍‌മാര്‍ ഇന്ന് എവിടെയാണ്? തട്ടാന്മാരുടെ സ്ഥാനം പരസ്യങ്ങളും കണ്ണാടിവാതില്‍ തുറന്നു തരാന്‍ നില്‍കുന്ന സുന്ദരന്മാരും സുന്ദരിമാരും കൈയ്യടക്കിയിരി ക്കുന്നു.
ഒരു പെണ്‍കുട്ടിയുടെ വിവാഹം ഇന്ന് രക്ഷകര്‍ത്താക്കള്‍ക്ക് പേടിസ്വപ്നമായി മാറുന്നു. സ്വര്‍ണ്ണ വിലയില്‍ ഉണ്ടാകുന്ന ഓരോ രൂപയുടേയും വര്‍ദ്ധന പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ ഹൃദയമിടുപ്പിനെ കൂട്ടുന്നു. പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വര്‍ണ്ണം ഒരു ആവിശ്യമായി മാറിയിരിക്കുന്നു. തങ്ങള്‍ നല്‍കുന്ന സ്വര്‍ണ്ണത്തിന്റെ അളവ് പെണ്‍കുട്ടിയുടെ ജീവിതം സ്വര്‍ഗ്ഗതുല്യമാക്കുമെന്ന് എല്ലാമാതാപിതാക്കളും കരുതുന്നു. പെണ്‍‌കുട്ടിയെപ്പോലെ (സ്ത്രിയെപ്പോലെ) സ്വര്‍ണ്ണത്തേയും ഒരു ഉപഭാഗവസ്തുവായി നമ്മുടെ സമൂഹം കാണുന്നു. പെണ്‍കുട്ടിക്ക് നല്‍കുന്ന സ്വര്‍ണ്ണം സമൂഹത്തില്‍ തങ്ങളുടെ സ്ഥാനവും അന്തസും ഉയര്‍ത്തുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും തന്നളുടെ പുത്രവധുവിന് ലഭിച്ച സ്വര്‍ണ്ണം സമൂഹത്തില്‍ തങ്ങളുടെ സ്ഥാനവും അന്തസും ഉയര്‍ത്തുമെന്ന് ആണ്‍കുട്ടികളുടെ മാതാപിതാക്കളും കരുതുന്നു. ഈ അന്തസും സ്ഥാനവും നേടാനും നിലനിര്‍ത്താനും രണ്ടുകൂട്ടരും ശ്രമിക്കുമ്പോള്‍ സ്വര്‍ണ്ണക്കടകളിലെ വില്പന കുതിച്ചുയരും. ഈ ശ്രമത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാജയപ്പെടുന്നതിന്റെ ഫലമായിട്ടാണ് പത്രത്താളുകളില്‍ ആത്മഹത്യകളും സ്ത്രിധനപീഡന മരണങ്ങളും നിറയുന്നത്.

:: സ്വര്‍ണ്ണവും സര്‍ക്കാരും ::

കേരളത്തിലെ സ്വര്‍ണ്ണഭ്രമം സമര്‍ദ്ധമായി ഉപയോഗിക്കുന്നത് സ്വര്‍ണ്ണക്കടക്കാര്‍ മാത്രമാണന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മുടെ സര്‍ക്കാരും മലയാളികളുടെ (ആളുകളുടെ) സ്വര്‍ണ്ണ ഭ്രമത്തെ ചൂഷ്ണം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ സര്‍ക്കാരിന്റെ ലോട്ടറി ഘടനയുടെ പരിഷ്‌കരണം ശ്രദ്ധിക്കുക. തിങ്കളാഴ്ച നറുക്കെടുപ്പ് നടത്തുന്ന MEGA - WIN Weekly Lottery യുടെ ഒന്നാം സമ്മാനം 30,00,000 രൂപ +100 പവന്‍ ആ‍ണ്. ബുധനാഴ്ച നറക്കെടുപ്പ് നടത്തുന്ന WIN-WIN Weekly Lottery യുടെ ഒന്നാം സമ്മാനംരു. 40,00,000 + 50 പവന്‍. സ്വര്‍ണ്ണം മാത്രം സമ്മാനമായി നല്‍കുന്ന KANAKADHARA BI-WEEKLY LOTTERY യുടെ നറുക്കെടുപ്പ് എല്ലാമാസവും 10 ആം തീയതിയും 25 ആം തീയതിയും ആണ് . ഈ ലോട്ടറീയുടെ ഒന്നാം സമ്മാനം 201 പവന്‍ ആണ്. ബമ്പറുകളിലും സ്വര്‍ണ്ണ സമ്മാനം ഉള്‍പ്പെടുത്തി സമ്മാനഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റ്‌വെലിന് നല്‍കുന്ന സമ്മാനങ്ങള്‍ എല്ലാം തന്നെ സ്വര്‍ണ്ണമാണ്.(സമ്മാനഘടന ഇവിടെ). കഴിഞ്ഞ ഷോപ്പിംങ്ങ് മാമാങ്കത്തില്‍ സമ്മാനമായി കാറുകളും ഫ്ലാറ്റുകളും ഉണ്ടായിരുന്നു. പഴയതുപോലെ ഫ്ലാറ്റും കാറും കൊടുത്താല്‍ ജനങ്ങള്‍ വീഴില്ലന്ന് തോന്നിയതു കൊണ്ടായിരിക്കണം മലയാളിയുടെ വീക്‌നസില്‍ തന്നെ പിടിച്ച് സമ്മാനങ്ങള്‍ എല്ലാം സ്വര്‍ണ്ണമാക്കിയത്. ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റ്‌വെലിന്റെ പരസ്യങ്ങളില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് 40കിലോ സ്വര്‍ണ്ണമാണ്. (ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റ്‌വെലിന്റെ സൈറ്റ് ഹോംപേജ് ) . [ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റ്‌വെലിന്റെ പഴയ രണ്ട് പരസ്യങ്ങള്‍ ഇവിടെയും ഇവിടയും കാണാം].


:: സ്വര്‍ണ്ണക്കടകളും മാധ്യമങ്ങളും ::
ഏതൊരു മാധ്യമത്തിന്റെയും പ്രഥമ കര്‍‌ത്തവ്യം എന്നത് ജനപക്ഷത്തുനിന്ന് വാര്‍ത്തകള്‍ നല്‍കുക അല്ലങ്കില്‍ അവതരിപ്പിക്കുക എന്നുള്ളതാണ്. വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമ ങ്ങള്‍ക്ക് തങ്ങളുടെ മാനേജ്‌മെന്റിനോടും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തോടും സമുദായത്തോടുമുള്ള കൂറ് ഉറപ്പിക്കുകയും വേണം. വാര്‍ത്തമാത്രം നല്‍കി ഒരു മാധ്യമത്തിനും നില്‍‌നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ ആവിശ്യമാണ്. വിപണിയില്‍ നിലനില്‍ക്കാന്‍ വേണ്ടിയും ലാഭത്തിനുവേണ്ടിയും മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ സ്വീകരിക്കുകയെ വഴിയുള്ളു. ഈ വഴിയിലൂടെയാണ് മറ്റ് പരസ്യങ്ങളോടൊപ്പം സ്വര്‍ണ്ണ പരസ്യങ്ങളും നമ്മുടെ മുന്നില്‍ എത്തുന്നത്. പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വര്‍ണ്ണപരസ്യങ്ങളുടെ ‘തീം‘ ഒന്നുതന്നെയാണന്ന് മനസിലാക്കം. ഒരു പെണ്ണ് സുന്ദരിയാകണമെങ്കില്‍ അവള്‍ സ്വര്‍ണ്ണം അണിയണമെന്നും വിവാഹത്തിന് ശരീരം നിറച്ച് സ്വര്‍ണ്ണമണിഞ്ഞ് അവളെ വിവാഹപന്തലില്‍ കയറ്റണമെന്നുമാണ് എല്ലാ സ്വര്‍ണ്ണ പരസ്യങ്ങളും പറയുന്നത്.

:: സ്വര്‍ണ്ണ പരസ്യങ്ങള്‍ ::
ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും സ്വര്‍ണ്ണക്കട പരസ്യങ്ങളില്‍ നിന്നുമാണ്. പരസ്യമോഡലുകള്‍ക്ക് കുറച്ചു വസ്ത്രങ്ങളും കൂടുതല്‍ സ്വര്‍ണ്ണാഭരങ്ങളും ധരിപ്പിച്ച് ഡാന്‍സ് ചെയ്യിപ്പിക്കുമ്പോള്‍ അവള്‍ ഓരോ സ്വര്‍ണ്ണാഭരണവും ക്യാമറ ഒപ്പിയെടുത്ത് കാഴ്ചക്കാരന്റെ മുന്നിലേക്ക് എത്തിക്കുന്നു. 916 ന്റെയും പ്രൈസ് ടാഗുകളുടേയും സെയില്‍‌സ്‌മാന്മാരുടേയും പേരില്‍ സ്വര്‍ണ്ണക്കടകളില്‍ കൊമ്പുകോര്‍ത്ത് പരസ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ ലാഭം ടെലിവിഷന്‍ ചാനലുകള്‍ക്ക് തന്നെയാണ്. ( രാത്രിയില്‍ കാമുകനോടൊപ്പം ഒളിച്ചോടിപ്പോകാന്‍ ഇറങ്ങിയ മകള്‍ തിരിച്ചു വരുന്നതിലും ഒരു സ്വര്‍ണ്ണപ്പരസ്യം ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസിലാക്കിയ കോപ്പി റൈറ്റര്‍ക്കും പരസ്യഏജന്‍സിക്കും ഒരഭിനന്ദനം കൊടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ?).

:: സ്വര്‍ണ്ണ പരസ്യങ്ങളും താരങ്ങളും ::
“കേരളം കൊണ്ടുനടക്കുന്ന വലിയ താരങ്ങളില്‍ സംസ്‌കാരത്തിന്റെയും ജീവിതമൂല്യങ്ങളുടെയും അമ്പാസിഡര്‍മാരാകേണ്ടതിനു പകരം സ്വര്‍ണ്ണക്കടകളുടെ അമ്പാസിഡര്‍മാരാകുന്ന കാഴ്ച അങ്ങേയറ്റം ദയനീയമാണ്. “ ഈ സത്യം വിളിച്ചു പറയാന്‍ DYFI യുണ്ടായി എന്നത് നല്ല കാര്യം.(നമ്മളാരും ഇതൊന്നും വിളിച്ചു പറയാന്‍ നില്‍‌ക്കേണ്ട. കുറച്ചുനാളുകള്‍ക്ക് മുമ്പ് മമ്മൂട്ടി ഭൂമി കൈയ്യേറി എന്ന് വിളിച്ചു പറഞ്ഞ കേരളഹൌസ് ജീവനക്കാരന് കിട്ടിയത് ഓര്‍ത്തതുകൊണ്ടാണ് ഈ പറഞ്ഞത്) . സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍‌ലാലും , മുകേഷ് , അന്തരിച്ച മുരളി തുടങ്ങിയവര്‍ സ്വര്‍ണ്ണപരസ്യങ്ങളില്‍ ഉണ്ട്. DYFI യുടെകൂടെ ചാനല്‍ എന്ന് വിളിക്കാവുന്ന കൈരളിയുടെ ചെയര്‍മാനായ മമ്മൂട്ടി കല്യാണ്‍ ജൂവലറിയുടെ പരസ്യത്തിലാണ്.


വൈകിട്ടത്തെ പരിപാടിക്ക് ആളെ ക്ഷണിച്ച മോഹന്‍ലാല്‍ മലബാര്‍ഗോള്‍ഡിന്റെ അമ്പാസിഡറായി എല്ലാ പരസ്യത്തിലും സജീവമായിട്ടുണ്ട്.

ഈ രണ്ട് താരങ്ങളെ ആയിരിക്കുമോ DYFI ഉദ്ദേശിച്ചത്.?? നടിമാരില്‍ ഒട്ടുമിക്കവരും സ്വര്‍ണ്ണ പരസ്യങ്ങളില്‍ ഉണ്ട്.

:: ഭരത് മുരളിയെ വേട്ടയാടിയ പരസ്യം ::
സ്വര്‍ണ്ണപരസ്യത്തില്‍ അഭിനയിച്ചു എന്നതിന് ക്രൂരമായി വിമര്‍ശനത്തിന് ഇരയായ ആളാണ് മുരളി. മുരളിയെപ്പോലെ ഇടതുപക്ഷ സഹയാത്രികനായ ഒരാള്‍ ഇത്തരം പരസ്യത്തില്‍ അഭിനയിച്ചതിനെ പാര്‍ട്ടി അനുഭാവികളില്‍ നിന്നും അല്ലാതയും അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ ഏല്‍‌ക്കേണ്ടിവന്നു. (മമ്മൂട്ടിയുടെ കാര്യത്തില്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല). താന്‍ എന്തുകൊണ്ടാണ് ആ പരസ്യത്തില്‍ അഭിനയച്ചതെന്ന് അദ്ദേഹം പറഞ്ഞതോടെ വിമര്‍ശനങ്ങളുടെ തീവ്രത കുറഞ്ഞു.



തമിള്‍ ഇവിടെ കാണാം

:: വീണ്ടും DYFI യിലേക്ക് ::
കേരളം കൊണ്ടുനടക്കുന്ന വലിയ താരങ്ങളില്‍ സംസ്‌കാരത്തിന്റെയും ജീവിതമൂല്യങ്ങളുടെയും അമ്പാസിഡര്‍മാരാകേണ്ടതിനു പകരം സ്വര്‍ണ്ണക്കടകളുടെ അമ്പാസിഡര്‍മാരാകുന്ന കാഴ്ച അങ്ങേയറ്റം ദയനീയമാണ്. ഈ കെണിയില്‍ നിന്ന് കേരളീയസമൂഹത്തിന് പുറത്തുകടന്നേ പറ്റൂ. അതിന് നിരന്തരമായ പ്രചരണവും ബോധവല്‍ക്കരണവും അത്യാവശ്യമാണ്. സ്വയം മാതൃക കാണിച്ച് അത്തരം പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും, സ്വര്‍ണ്ണവ്യാമോഹത്തിന്റെ മായികലോകത്തു നിന്ന് പുറത്തുകടക്കാന്‍ നമ്മുടെ സമൂഹത്തെ പ്രാപ്തമാക്കാനും മുന്നിട്ടിറങ്ങണമെന്ന് കേരളീയ യുവത്വത്തോടെ ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു.

ആശയപരമായും പ്രവര്‍ത്തനപരമായും DYFI യോട് വിയോജനം ഉണ്ടങ്കിലും DYFI യുടെ ഈ ആഹ്വാനത്തിന് പിന്തുണ നല്‍കേണ്ടത് ഇന്നത്തെ കേരളസമൂഹത്തിന് ആവിശ്യമാണ്. യോജിച്ച് പ്രവര്‍ത്തിക്കാവുന്ന എല്ലാ മേഖലകളിലും എല്ലാ യുവജനസംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുതന്നെയാണ്.

Friday, January 1, 2010

ഗാന്ധി(പ്രതിമ)യോട് നമ്മള്‍ ചെയ്യുന്നത് .....

പത്തനംതിട്ട സെന്‍‌ട്രല്‍ ജംഗഷനില്‍ തലയുയര്‍ത്തിപിടിച്ച് നില്‍ക്കുന്ന ഒരു ഗാന്ധി പ്രതിമ ഉണ്ട്. പത്തനംതിട്ടയിലെ ഒട്ടുമിക്ക സമരങ്ങള്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത് ഈ ഗാന്ധിപ്രതിമയുടേ ചുവട്ടില്‍ നിന്നാണ്. ഇന്നു (01-01-2010) കണ്ട ഗാന്ധിപ്രതിമ ഇങ്ങനെയാണ്.

കഴുത്തില്‍ ഉണങ്ങിയ പൂമാലകള്‍ ...

ബ്രിട്ടീഷ് അടിമത്വം പൊട്ടിച്ചെറിഞ്ഞ ആ മനുഷ്യന്റെ കാലുകളില്‍ ഉണങ്ങിയ പൂമാലകളിലെ വാഴവള്ളികള്‍ ചങ്ങലകളായി പിണഞ്ഞ് കിടക്കുന്നു ...

ആ മനുഷ്യന്റെ വടിയിലേക്ക് ഞാന്‍ നോക്കി...

അതില്‍ ആരോ ഒരു പതാക മുറുക്കി കെട്ടിയിരിക്കുന്നു....

വടിയുടെ അടിവശത്തുനിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന കരിഞ്ഞതും പാതി കരിഞ്ഞതുമായ പൂമാലകള്‍ ...


നമുക്കെന്തിനാണ് ഗാന്ധിപ്രതിമകള്‍ ... ഗാന്ധി എന്ന മനുഷ്യനെ ഓര്‍ക്കാനോ അതോ എല്ലാത്തിനും മൂകസാക്ഷി ആക്കാനോ? ദേശീയ പതാകയോട് കാണിക്കുന്ന ആദരവിന്റെ പകുതിയെങ്കിലും ഈ മനുഷ്യന്റെ പ്രതിമയോടും കാണിക്കേണ്ടതല്ലേ?? ഈ മനുഷ്യന്‍ ഇല്ലായിരുന്നുവെങ്കില്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പതാക താണ് ത്രിവര്‍ണ്ണ പതാക നമ്മുടെ നാട്ടില്‍ ഉയരുമായിരുന്നോ??

സമരങ്ങള്‍ക്ക് സാക്ഷിയാക്കാനും ഗാന്ധിജയന്തിയിലും രാഷ്ട്രീയ വിജയാഹ്ലാദദിനത്തിലും പൂമാലകള്‍ ഇടാന്‍ വേണ്ടിമാത്രമായി നമുക്ക് ഗാന്ധിപ്രതിമകള്‍ മാറുന്നു...


ഒരിക്കല്‍ ഈ പ്രതിമയ്ക്ക് പുറം നഷ്ടപ്പെട്ടതായിരുന്നു..... (അതിവിടെ വായിക്കാം..)

കുറച്ചുനാളുകള്‍ക്ക് ശേഷം പുറം തിരിച്ചു കിട്ടി ...
പക്ഷേ... ഇന്ന്

കഴുത്തിലും കാലിലും ഉണങ്ങിയ മാലകള്‍ ..
വടിയില്‍ ആരോ ‘കെട്ടിക്കൊടുത്ത‘ പതാക !!!!

ദയവായി ഈ മഹാത്മാവിനെ ഇങ്ങനെ നിന്ദിക്കാതിരുന്നുകൂടേ....