Monday, April 6, 2009

കേരളത്തിനു ഒബാമായുടെ ധനസഹായം :

കലികാലത്ത് ഇങ്ങനെയും സംഭവിക്കും ...

ന്യുയോര്‍ക്ക് (വൈറ്റ് ഹൌസ് ): അമേരിക്കയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ധനരക്ഷാപദ്ധതി കളില്‍ ഉള്‍പ്പെടുത്തി കേരളത്തിനുംപ്രസിഡണ്ട് ബരാക് ഒബാമ 118 കോടിരൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ആരും ആവിശ്യപ്പെടാതെതന്നെ കേരളത്തിന്ധനസഹായം പ്രഖ്യാപിച്ചതില്‍ ഏവരും അത്ഭുതം പ്രകടിപ്പിച്ചു. മലയാള ചാനലുകളില്‍ ഇത് ചര്‍ച്ചാവിഷയമായപ്പോള്‍, പല ചാനലുകാരും തങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വൈറ്റ് ഹൌസ് പ്രതിനിധിയെ ക്ഷണിച്ചു എങ്കിലും തങ്ങളുടെ നാട്ടില്‍ തൊട്ടതിനും പിടിച്ചതിനെല്ലാം ചാ‍നലുകളില്‍ ചര്‍ച്ചനടത്താറില്ല എന്നു പറഞ്ഞുകൊണ്ട് വൈറ്റ് ഹൌസ് ചര്‍ച്ചയ്ക്കായി മലയാള ചാനലുകള്‍ക്ക് ആരയേയും വിട്ടുകൊടുത്തില്ല. ഞങ്ങളുടെ പത്രത്തിന്റെ നുഴഞ്ഞുകയറ്റക്കാര്‍ ഈ ധനസഹായത്തിന്റെ പിന്നിലെരഹസ്യം പുറത്തുകൊണ്ടുവന്നു.

ആഗോളസാ‍മ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വൈറ്റ്‌ഹൌസിലിപ്പോള്‍ രാത്രിയില്‍ ഭക്ഷണം കഞ്ഞിയും ഉണക്കമീന്‍ ചുട്ടതുംചുട്ടപപ്പടവും അടച്ചട്ടിയില്‍ ഉണ്ടാക്കുന്ന മുളക് ചമ്മന്തിയും ആണത്രെ. അമേരിക്കയില്‍ ഹോട്ടലില്‍ ചീഫ് ഷെഫ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കോട്ടയത്ത് വന്ന് തട്ടുകട ഇട്ട ബാബുക്കുട്ടനെ വൈറ്റ് ഹൌസില്‍ രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിനായി തിരിച്ചു വിളിച്ചു. ഇന്നലെ വൈകിട്ട് മലയാളിക്കടയില്‍ നിന്ന് ഉണക്കമീന്‍ വാങ്ങിക്കൊണ്ട് വന്നത് ബാബുക്കുട്ടന്‍ തന്നെആയിരുന്നു. ഉണക്കമീന്‍ പൊതിഞ്ഞുകുണ്ടുവന്ന പേപ്പര്‍ മാര്‍ച്ച്മാസത്തിലെ ഏതോ മനോരമ ആഴ്ച്പ്പതിപ്പിന്റെ ആയിരുന്നു. ആ പേപ്പര്‍ കഷ്ണം വായിച്ചുനോക്കിയ ബാബുക്കുട്ടന്‍ വാ പിളര്‍ന്നു നിന്നു. കേരളത്തിലെ ഒരു മന്ത്രി ഒബാമയെക്കുറിച്ച് കവിത എഴുതിയിരിക്കുന്നു. പണ്ട് പത്താംക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയുടെ ക്വസ്റ്റ്ണ്‍പേപ്പര്‍ എങ്ങനെ തിരിച്ചും മറിച്ചും നോക്കിയോ
അതുപോലെ കവിത വായിച്ചിട്ട് ഒന്നും മനസിലാകാതെ ബാബുക്കുട്ടന്‍ ആഴ്ചപ്പതിപ്പിന്റെ താള്‍ തിരിച്ചും മറിച്ചും നോക്കി. കവിത ഒന്നും മനസിലായില്ലങ്കിലും ബാബുക്കുട്ടന്‍ അത് ഉറക്കെ വായിച്ചു.


അകത്തിരുന്ന് കഞ്ഞികുടിച്ചുകൊണ്ടിരുന്ന ഒബാമ ബാബുക്കുട്ടന്റെ കവിത കേട്ടു. ബാബുക്കുട്ടന്‍ എന്താണ് പറയുന്നതെന്ന് ശരിക്ക് മനസിലായില്ലങ്കിലും അവന്‍ തന്നെ എന്തക്കയോ പറയുകയാണ ന്ന് ഒബാമയ്ക്ക് മനസിലായി. ഇടയ്ക്കിടയ്ക്ക് അവന്‍ തന്റെ പേര് പറയുന്നുണ്ട്. ശമ്പളം കൊടുക്കാഞ്ഞിട്ട് അവന്‍ തന്നെ തെറിപറയുകയാണോ എന്ന് ഒബാമ സംശയിച്ചു. തന്റെ പേരിനോടൊപ്പംമഹാഗാന്ധി, കെന്നഡി, ഇന്ദിര, മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങ് എന്നൊക്കെ പറയുന്നുണ്ട്. ഏതായാലും അവന്‍ തന്നെ തെറിവിളിക്കുകയല്ല.ബാബുക്കുട്ടനെ ഒബാമ വിളിച്ചു. ഒബാമയുടെ വിളിവന്നതും ബാബുക്കുട്ടന്‍ മടക്കികുത്തിയിരുന്ന കൈലിയുടെ മുകളിലൂടെ സ്യൂട്ടും കോട്ടും ഒക്കെ വലിച്ചു കയറ്റി ടൈ കെട്ടി ഒബാമയുടെ മുന്നിലെത്തി. തന്നെ എന്തിനാണ് ഒബാമ വിളിക്കുന്നത്. ഇഡലിക്ക് കട്ടി കൂടി, ചമ്മന്തിക്ക് തേങ്ങ ശരിക്ക് അരഞ്ഞില്ല, ചമ്മന്തിക്ക് എരികൂടി എന്നൊക്കെപ്പറഞ്ഞ് ഡല്‍ഹിയിലെ കേരളാ ഹൌസില്‍ നിന്ന് പാചകക്കാരെ കേരളത്തിലെ മന്ത്രിമാര്‍ പറഞ്ഞുവിട്ടതുപോലെ തന്നെ കഞ്ഞിക്ക് വെള്ളം കൂടിപ്പോയി എന്നുപറഞ്ഞങ്ങാണം പറഞ്ഞുവിടുമോ എന്ന് ബാബുക്കുട്ടന്‍ ശങ്കിച്ചു. അങ്ങനെയൊന്നും ഉണ്ടാവില്ലന്ന് ബാബുക്കുട്ടന്‍ സ്വയം ആശ്വസിച്ചു. വയറു നിറച്ച് കഴിച്ചിട്ട് കുറ്റം പറയുന്നവരല്ല അമേരിക്കക്കാര്‍ !!!

ഒബാമയുടെ മുന്നില്‍ ബാബുക്കുട്ടന്‍ നിന്നു. താനിപ്പോള്‍ അടുക്കളയില്‍ നിന്ന് പാടിയപാട്ടിനെക്കുറി ച്ചാണ് ഒബാമയ്ക്ക് അറിയേണ്ടതന്ന് അറിഞ്ഞപ്പോള്‍ ബാബുക്കുട്ടന് ആശ്വാസമായി. ഒബാമയ്ക്ക് വേണ്ടി അത് ഒരിക്കല്‍ കൂടി ബാബുക്കുട്ടന്‍ പാടി. പാടി കഴിഞ്ഞപ്പോഴാണ് ബാബുക്കുട്ടന്ന് താന്‍ വലിയ അബദ്ധം കാണിച്ചു എന്ന് തോന്നിയത്. പ്രസിഡണ്ടിന് മലയാളം ഏതായാലും മനസിലായിട്ടല്ല എന്നത് മുഖം കണ്ടാല്‍ അറിയാം. ഇതിനി ഇംഗ്ലീഷിലാക്കി ഈ കവിതയുടെ അര്‍ത്ഥം
പറഞ്ഞു കൊടുക്കണമെന്നങ്ങാണം പറഞ്ഞാല്‍ താന്‍ എന്ത് ചെയ്യും. മലയാളിയായ താനിക്ക് പോലും ഇതിന്റെ അര്‍ത്ഥം എന്താണന്ന് മനസിലായിട്ടില്ല പിന്നല്ലേ അത് ഇംഗ്ലീഷിലാക്കുന്നത്.


“നിന്റെ പെണ്ണുങ്ങളെ സംഭോഗസദ്യയില്‍
രണ്ടുനിമിഷം ഭുജിച്ചു ചവച്ചരച്ചണ്ടിയാക്കി തുപ്പി
സായിപ്പുമോദിച്ച അന്ധകാരത്തിന്റെ നാളുകള്‍ ....”
എന്റെ പൊന്നോ... ഇതൊക്കെ എങ്ങനെ ഈ പ്രസിഡണ്ടിന് മനസിലാക്കിക്കൊടുക്കും. അര്‍ത്ഥം മനസിലായാല്‍ തന്നെ ഓടിച്ചിട്ട് വെടിവയ്ക്കും. ഏതായാലും കവിതയുടെ അര്‍ത്ഥം ചോദിക്കുന്നതിനുമുമ്പ് കവിയെക്കുറിച്ചാണ് ഒബാമ ചോദിച്ചത്.

ഇന്ത്യയുടെ തെക്കേ അറ്റത്ത് കേരളം എന്നൊരു രാജ്യമുണ്ടന്നും അവിടെ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ്കാ ര്‍ക്കിടയില്‍ കവികളായ മന്ത്രിമാര്‍ ഉണ്ടന്നും അതിലൊരു കവി എഴുതിയ കവിതയാണ് ഇതെന്നും ബാബുക്കുട്ടന്‍ പറഞ്ഞു. എപ്പോള്‍ മന്ത്രി തനിക്ക് പറയാനുള്ളതെല്ലാം കവിതകള്‍ വഴിയാണത്രെ പറയുന്നത്. നാക്ക് ഉപയോഗിച്ച് അദ്ദേഹം മടുത്തു എന്നും കഴുതകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് വരെ കവിത എഴുതിയ ആളാണ് ആ മന്ത്രിയെന്നും ബാബുക്കുട്ടന്‍ പറഞ്ഞപ്പോള്‍ ആ മന്ത്രിയെ
തനിക്കൊന്ന് കണ്ടാല്‍ കൊള്ളാമന്ന് ഒബാമ പറഞ്ഞു. ഏതായാലും ഒബാമയുടെ ആ പൂതി നടക്കാന്‍ പോവുന്നതല്ലന്ന് ബാബുക്കുട്ടന്‍ ഉണര്‍ത്തിച്ചു. ജനങ്ങളുടെ കാശ് എടുത്ത് സഞ്ചാരം നടത്താന്‍ ആ മന്ത്രിയെ കിട്ടത്തില്ലന്ന് ബാബുക്കുട്ടന്‍ വിശദീകരിച്ചപ്പോള്‍ വീണ്ടും ഒബാമയ്ക്ക് കവിമന്ത്രിയോട് ബഹുമാനം കൂടി. പണ്ട് തന്റെ പൂര്‍വ്വികര്‍ കേരളത്തോട് കാണിച്ച പാതകത്തിന് പ്രായശ്ചിത്ത പരിഹാരം ചെയ്യാന്‍ സമയം ആയന്ന് ഒബാമയ്ക്ക് തോന്നി. അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ്
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടാന്‍ തന്റെ പൂര്‍വ്വികര്‍ കുറേ പണം ചെലവാക്കിയ കാര്യം ഒബാമ ഓര്‍ത്തു. ആ തെറ്റിന് ഒരു പ്രായശ്ചിത്തം!!!!.


അമേരിക്കന്‍ പ്രസിഡണ്ടായ തന്നെക്കുറിച്ച് ഒരു കമ്യൂണിസ്റ്റ് മന്ത്രി കവിത എഴുതുക എന്നൊക്കെ വച്ചാല്‍ അത് ചെറിയ കാര്യമാണോ? തന്റെ നാട്ടിലുള്ള ഒറ്റ ഒരുത്തനുപോലും തന്നെക്കുറിച്ച് ഒരു നാലുവരി കവിത എഴുതാല്‍ തോന്നിയില്ലല്ലോ? ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി തന്നെക്കുറിച്ച് നൂറിലധികം വരികള്‍ എഴുതിയിരിക്കുന്നു. ഒരു വരിക്ക് ഒരു കോടിരൂപാവച്ച് കേരളത്തിന് വെറുതെ കൊടുക്കണം. ബാബുക്കുട്ടന്‍ കവിതയില്‍ 118 വരികള്‍ എണ്ണി. ഉടന്‍ തന്നെ കേരളത്തിന് 118 കോടിരൂപായുടെ ധനസഹായം ഒബാമ പ്രഖ്യാപിച്ചു. കേരളം തന്റെ ധനസഹായ വാഗ്ദാനം സ്വീകരിക്കുമോ എന്ന് ഒബാമയ്ക്ക് സന്ദേഹം. ഒരു സന്ദേഹത്തിന്റേയും കാര്യമില്ലന്ന് ബാബുക്കുട്ടന്‍ ഉദാഹരണസഹിതം പറഞ്ഞു മനസിലാക്കികൊടുത്തു. വേള്‍ഡ് ബാങ്കിന്റെ പണം വേണ്ടാ എന്ന് പറഞ്ഞവര്‍ ഇരു കൈയ്യും നീട്ട് ആ പണം വാങ്ങുന്ന കഥകള്‍ ബാബുക്കുട്ടന്‍ പറഞ്ഞു.

സന്തോഷം കൊണ്ട് ഇരിപ്പുറയ്ക്കാത്ത ഒബാമ ഒരിക്കല്‍കൂടി ആ കവിത ചൊല്ലാന്‍ പറഞ്ഞു. ആഫ്രിക്കയിലെ സിംഹവും പൂവും ഗംഗയിലെ മീനുകളും സിന്ധുഗംഗാനദീ തീരങ്ങളും കാശ്മീരും ഇറാക്കിലെ അമ്മയും “ആരാണ് നീ ഈ ഒബാമാ?” എന്ന് ചോദിക്കുമ്പോള്‍ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുന്നത് ? കുഞ്ഞങ്ങളേയും അമ്മമാരയേയും പിതാശ്രേഷ്ഠരേയും ഒക്കെ “പൊന്നുപോല്‍ നോക്കാന്‍ കഴിയുമോ ഞങ്ങളെ “ എന്ന് കവി ചോദിക്കുമ്പോള്‍ ഒബാമ എങ്ങനെ സന്തോഷിക്കാതിരിക്കും.???118 കോടി രൂപാപോയങ്കില്‍ എന്ത്, തന്നെക്കുറിച്ചുള്ള ഒരു കവിത കേട്ടല്ലോ??? താന്‍ മാത്രമേ അവരെ നോക്കാനുള്ളു എന്നല്ലേ ഇതിന്റെ അര്‍ത്ഥം???

അവസാനം ബാബുക്കുട്ടന്‍ പേടിച്ചതുതന്നെ സംഭവിച്ചു. ആരാണ് നീ ഈ ഒബാമ? എന്ന കവിത ഇംഗ്ലീഷിലാക്കാന്‍ ഒബാമ ആവിശ്യപ്പെട്ടു. ബാബുക്കുട്ടന്‍ മലയാളം-ഇംഗ്ലീഷ് , ഇഗ്ലീഷ് - മലയാളം ഡിക്ഷ്ണറികള്‍ പലതും വാങ്ങിച്ചുകൂട്ടിയെങ്കിലും കവിതമാത്രം ഇംഗ്ലീഷിലായില്ല. കവിത മലയാളത്തി ലായാലും ഇംഗ്ലീഷിലായാലും എന്ത് , 118 കോടി കിട്ടിയില്ലേ?

തീര്‍ന്നില്ല പേരുകള്‍
നീളുന്നു പിന്നെയും
നാള്‍വഴി വീഥികള്‍തോറും
ആരാണു നീ ഈ ഒബാമാ
ചൊല്ലുകാരാണു നീ ഈ ഒബാമാ
കലികാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചുകൂടാ എന്നുണ്ടോ???? ഏത് ????
.
.

Friday, April 3, 2009

വേണുവിനേയും മനോരമ പൊക്കി: venu in manorama vision


ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് ന്യൂസ് അവര്‍ അവതാരകന്‍ വേണു മനോരമ വിഷനില്‍ എത്തി. ന്യൂസ് അവതാരകില്‍ രണ്ടാം സ്ഥാനം അവകാശപ്പെടാവുന്ന അവതാരകന്‍ ആണ് വേണു. (ഒന്നാം സ്ഥാനത്തിന് ഇന്ത്യാവിഷനിലെ നികേഷനു തന്നെ.).രണ്ടാം സ്ഥാനത്തിന് രണ്ട് അവകാശികള്‍ ആയിരുന്നു ഉള്ളത് (ഏഷ്യാനെറ്റ് ന്യൂസിലെതന്നെ വിനു വേണുവിനോടൊത്ത് രണ്ടാം സ്ഥാനം പങ്കിടുന്നു.). ഒരുമണിക്കൂര്‍ അതിഥികളോട് പടവെട്ടി ചാനലിന്റെ ‘നിഷ്‌പക്ഷത’യ്ക്ക് അനുസരിച്ച് ചോദ്യശരങ്ങളില്‍അതിഥികളെ മുറുക്കി വാര്‍ത്ത പത്തുമണിവരെ എത്തിക്കുക എന്നതാണല്ലോ ഒരു ‘ഒന്‍‌പതുമണി’ വായനക്കാരന്റെ (വായനക്കാരിയുടെ) പ്രധാന ജോലി.


മനോരമയ്ക്ക് കേരളം മുഴുവന്‍ വാര്‍ത്താകവറേജ് ഉണ്ടങ്കിലും ഒന്‍പതുമണിവായന ഇത്രയും നാളും ഒരു ബാലികേറാമലതന്നെആയിരുന്നു. മനോരമ വിഷന്‍ ഇന്ത്യാവിഷനില്‍ നിന്ന് കുലയോടെ പൊക്കിക്കൊണ്ടുവന്ന പ്രഭാകരനും ഷാനിക്കും സംഘത്തിനുംരാത്രിയിലെ ‘ഒരു മണിക്കൂര്‍‘ വാര്‍ത്തയില്‍ ശോഭിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് ‘ഒന്‍‌പതുമണി’ വാര്‍ത്തയെ ‘പ്രൈം ടൈം’ മും,കൌണ്ടര്‍ പോയിന്റുമാക്കി മുറിച്ചിട്ടും ക്ലച്ച് പിടിച്ചില്ലന്ന് സ്വയം ഒരു തോന്നല്‍ ഉണ്ടായിക്കാണും. ഉത്തരം മുട്ടിക്കാതെ ഉത്തരംതേടാന്‍ ഷാനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ‘ഒരാളിന്റെ‘ കുറവ് മനോരമ വിഷനില്‍ ഉണ്ടായിരുന്നു. അത് ഏതായാലും വേണുവിന്റെ വരവോടെ ആ കുറവ് മനോരമ വിഷനില്‍ നികത്തപ്പെടും എന്ന് കരുതാം.


ഏഷ്യാനെറ്റ് ന്യൂസ് വിനുവിനെക്കൊണ്ട് മാത്രം ന്യൂസ് അവര്‍ എത്രനാള്‍ കൊണ്ടുപോകും. നമുക്ക് ഏത് ചാനലിലാണങ്കിലും വാര്‍ത്താവതാരകര്‍ക്ക് കുറവില്ല. പക്ഷേ ഈ ഇലക്ഷന്‍ സമയത്ത് വേണുവിനെപ്പോലെ ഉള്ള ഒരാളുടെ കുറവ് ഏഷ്യാനെറ്റില്‍ശരിക്കും നിഴലിക്കും. ഏഷ്യാനെറ്റിന്റെ നഷ്ടം മനോരമയുടെ നേട്ടമാകുമെന്ന് ചുരുക്കും. ( തലയെടുപ്പുള്ളവര്‍ ഒരുമിച്ച് നഷ്ടപ്പെട്ടിട്ടുംഇന്ത്യാവിഷന് ഒന്നും സംഭവിച്ചില്ല എന്നുള്ളത് മറക്കുന്നില്ല.).


ഏഷ്യാനെറ്റ് ന്യൂസിലെ ഒരു വാര്‍ത്താവതാരികയെ കഴിഞ്ഞ ആഴ്ച സൂര്യയില്‍ വാര്‍ത്ത വായിക്കുന്നത് കണ്ടായിരുന്നു. ഇന്ന് വേണുമനോരമവിഷനില്‍ വാര്‍ത്ത വായിക്കുന്നതും കണ്ടു. (ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് ചിലരെ കൊണ്ടുപോയാണ് ജയ് ഹിന്ദ് വാര്‍ത്തതുടങ്ങിയത്. എന്റെ പൊന്നോ ആ വാര്‍ത്ത ചിലപ്പോള്‍ കണ്ടാല്‍ .... )...


ഇടവേള :

എനിക്കൊരു സംശയം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചാനലില്‍ നിന്ന് ആളുകളെ പറഞ്ഞ് വിട്ടതാണോ?


വാര്‍ത്ത തുടരുന്നു:
വാര്‍ത്താവതാരകര്‍ക്ക് ഞാനായിട്ട് ഒരു റാങ്കൊക്കെ കൊടുത്തതാണേ... എന്റെ മാത്രം റാങ്കിങ്ങ് !!!!