Sunday, May 9, 2010

അമ്മയെ മറക്കുന്ന മക്കളും മക്കളെ മറക്കുന്ന അമ്മയും



:: 1. അമ്മയെ മറക്കുന്ന മക്കള്‍ ::

ഞാന്‍ ഈ അമ്മയെ കാണുന്നത് കഴിഞ്ഞ വര്‍ഷം നാട്ടിലെ ഒരു പെരുന്നാള്‍ ചടങ്ങിലാണ്. ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഈ അമ്മ അവിടെ ഉണ്ടായിരുന്നു. തുണിക്ക ച്ചവടമാണ് തൊഴില്‍ എന്ന് ഈ അമ്മ പറഞ്ഞു. അന്ന് എന്നോട് സംസാരിച്ച ഈ അമ്മയുടെ ഉള്ളില്‍ ദുഃഖത്തിന്റെ കടലിരുമ്പുന്നത് എനിക്കറിയാന്‍ കഴിഞ്ഞില്ല. സാധാരണരീതിയില്‍ സംസാരിക്കുന്ന ഈ അമ്മയ്ക്ക് എന്തെങ്കിലും മാനസികമായ ദുഃഖമുണ്ടന്ന് ആര്‍ക്കും മനസിലാകത്തില്ല.ഒന്നു രണ്ടുപേരോടല്ലാതെ അവര്‍ അവരുടെ ദുഃഖം പറഞ്ഞിട്ടില്ലായിരുന്നു.ഉള്ളിലെ ദുഃഖത്തിന്റെ കനലുകള്‍ ഒളിപ്പിച്ച് വെച്ച് ഈ
അമ്മ എങ്ങനെ ഇത്രയും നാള്‍ എങ്ങനെ കഴിഞ്ഞു ,കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഈ അമ്മയേയും അമ്മയോട് സംസാരിച്ചതും ഞാന്‍ മറന്നു.കുറച്ചു നാളുകള്‍ക്ക് ശേഷം മുംബയിലെ ഒരു സായ്‌ഹാന സദസ്സില്‍ ഈ അമ്മയെക്കുറിച്ചുള്ള സംസാരം ഉണ്ടായി.അപ്പോഴാണ് ഈ അമ്മയുടെ കഥ , അല്ല ജീവിതം ഞാനറിയുന്നത്. സാധാരണ കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്.പത്തിരുപത്തഞ്ച് വയസ്സായപ്പോള്‍ വിവാഹം കഴിഞ്ഞു.വീട്ടുകാര്‍ ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു.നാട്ടിന്‍പുറത്തു ജനിച്ചു വളര്‍ന്നവള്‍,നാടിനു പുറത്ത് ഒരിക്കല്‍ പോലും പോയിട്ടല്ലാത്തവള്‍... വിവാഹശേഷം ഭര്‍ത്താവോടൊത്ത് താമസമായി.സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി ഒരു പുതിയ ജീവിതം.കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും ഒക്കെയായി ജീവിതം മുന്നോട്ട് നീങ്ങി.തങ്ങളുടെ സന്തോഷം പങ്കിടാന്‍ മൂന്നാമതൊരാളും കൂടി തങ്ങളുടെ ഇടയിലേക്ക് കടന്നുവരുന്നു എന്ന വാര്‍ത്ത അറിയിക്കാന്‍ ഭര്‍ത്താവിനെ അവര്‍ കാത്തിരുന്നു.ഭര്‍ത്താവ് വന്നയുടനെ അവര്‍ സന്തോഷവാര്‍ത്ത അറിയിച്ചു.നിസംഗതയോടെ അയാളതു കേട്ടു.പതിയെ പതിയെ അയാളുടെ സ്വഭാവം മാറുകയായിരുന്നു.

കനം വയ്ക്കുന്ന വയറിലേക്ക് നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.ഒരു ദിവസം വീട്ടില്‍ നിന്ന് പണിക്കെന്ന് പറഞ്ഞിറങ്ങിയഅയാള്‍ പിന്നീട് തിരിച്ചു വന്നില്ല.അയാള്‍ മറ്റൊരു സ്ത്രിയോടൊപ്പം താമസം തുടങ്ങിയതറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞില്ല. ജീവിതത്തിനു മുന്നില്‍ പകച്ചു നിന്ന് മരണത്തിലേക്ക് നടന്നില്ല.തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ തല ഉയര്‍ത്തി ജീവിക്കാന്‍ തന്നെ തീരുമാനിച്ചു.ഒരു ആണ്‍ കുഞ്ഞിനു അവള്‍ ജന്മം നല്‍കി.കുഞ്ഞിന്റെ അവകാശ ത്തിനു അവള്‍ അയാളുടെ വാതിക്കല്‍ പോയി ഇരന്നില്ല.ഈ അമ്മ ഒരു ഫെമിനിസ്‌റ്റോ സ്ത്രിവിമോചന പ്രവര്‍ത്തകയോ ആകാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങി.മറ്റൊരു വിവാഹത്തിനു പലരും പ്രേരിപ്പിച്ചു എങ്കിലും അമ്മ അതിനു കൂട്ടാക്കിയില്ല.മറ്റൊരു വിവാഹം കഴിച്ചാല്‍ തന്റെ ക്കുഞ്ഞിനെ പിരിയേണ്ടിവന്നാലോ എന്ന് അമ്മ ഭയപ്പെട്ടത് കൊണ്ടാണ് അമ്മ മറ്റൊരു വിവാത്തിനു സമ്മതം മൂളാതിരുന്നത്.

ജീവിക്കാന്‍ വേണ്ടി അമ്മ അരിക്കച്ചവടം തുടങ്ങി.മില്ലുകളില്‍ നിന്ന് അരി വാങ്ങി കുട്ടയിലാക്കി തലച്ചുമടായി അമ്മ വീടുവീടാ ന്തരം കയറിയിറങ്ങി വില്പനനടത്തി.(പണ്ട് നമ്മുടെ നാട്ടില്‍ ബ്രാന്‍ഡഡ് അരി വിപണിയില്‍ വരുന്നതിനു മുമ്പ് വീടുകളില്‍ കൊണ്ടുവന്നാണ് മിക്കയിടങ്ങളിലും അരി വില്പന നടത്തിയിരുന്നത്.)അരി വില്പനയില്‍ കൂടി കിട്ടുന്ന ചില്ലറ ലാഭത്തുട്ടുകളില്‍ കൂടി അമ്മ തങ്ങളുടെ ജീവിതം മുന്നോട്ട് നടത്തി.മകന്‍ വളരുമ്പോള്‍ തന്റെ കഷ്ടപ്പാടുകളെല്ലാം മാറുമെന്ന് അമ്മ വിശ്വസിച്ചു.നാട്ടുകാരും അമ്മയെ അങ്ങനെതന്നെ ആശ്വസിപ്പിച്ചു.വഴിവക്കില്‍ തന്റെ ഭര്‍ത്താവിനെ കണ്ടാല്‍ അമ്മ തലകുനിച്ചിരുന്നില്ല.തലയുയര്‍ത്തിതന്നെ നടന്നു.അതുകണ്ട് അയാളുടെ തലകുനിഞ്ഞു.അമ്മ മകനെ പഠിപ്പിച്ചു.

ശരീരം പഴയതുപോലെ വഴങ്ങിയില്ലങ്കിലും അമ്മ അരി വില്പന നിര്‍ത്തിയില്ല.മകന്‍ വളര്‍ന്നു.അവന് വിവാഹ ആലോചന കളൊക്കെ അമ്മ കൊണ്ടുവന്നു.അതെല്ലാം അവന്‍ ഒഴുവാക്കി.കല്ല്യാണതീരുമാനം മകനു തന്നെ അമ്മ വിട്ടു.മകന്‍ തന്നെ കൊണ്ടുവന്ന വിവാഹത്തിനു അമ്മ സമ്മതം മൂളി.മകന്റെ സന്തോഷമായിരുന്നല്ലോ എന്നും അമ്മയ്ക്ക് വലുത്.സ്വന്തം സുഖസന്തോഷങ്ങള്‍ എല്ലം ത്യജിച്ച് അമ്മ ഇത്രയും നാളും ജീവിച്ചത് മകന് വേണ്ടി ആയിരുന്നല്ലോ?വിവാഹം കഴിഞ്ഞു. മരുമകള്‍ക്ക് താനൊരു അപശകുനമാണോ എന്ന് അമ്മ സംശയിച്ചു.മരുമകളുടെ വാക്കും പ്രവര്‍ത്തിയും അത്തരത്തിലായി രുന്നു.അമ്മയ്ക്ക് നേരെ മരുമകള്‍ കുത്തുവാക്കൂകള്‍ തൊടുത്തു അമ്മയുടെ മനസ്സ് കീറിമുറിച്ചു.അമ്മ എല്ലാം മനസ്സില്‍ അടക്കി.മകന്റെ സന്തോഷജീവിതം താന്‍ മൂലം തകരാന്‍ പാടില്ല എന്ന് അമ്മ ആഗ്രഹിച്ചു.മകന്‍ അമ്മയോട് സംസാരിക്കാതായി.

മകന്‍ റോഡ്‌സൈഡില്‍ വീടും സ്ഥലവും വാങ്ങിയന്ന് മറ്റുള്ളവര്‍ പറഞ്ഞാണ് അമ്മ അറിയുന്നത്.ഒരു സുപ്രഭാതത്തില്‍ മകനും മരുമകളും വീട് വിട്ട് പോകുന്നത് നിറകണ്ണുകളോട് കണ്ടുനില്‍ക്കാനേ അമ്മയ്ക്ക് ആയുള്ളു.അവന്‍ തന്നെ പുതിയ വീട്ടിലേക്ക് വിളിക്കുമെന്ന് അമ്മ വിചാരിച്ചു.പക്ഷേ അത് ഉണ്ടായില്ല.പക്ഷേ മകന്‍ ഒന്നു ചെയ്തു എല്ലാ മാസവും ഒന്നാം തിയതി ആയിരം രൂപ അമ്മയ്ക്ക് ആരുടെയെങ്കിലും കൈയ്യില്‍ കൊടുത്തു വിടും.അമ്മ അതു വാങ്ങും.പക്ഷേ അതില്‍ നിന്ന് ഒരുകാശുപോലും എടുക്കാതെ മകന്റെപേരില്‍ ബാങ്കില്‍ ഇടുകയാണ്.

ഇപ്പോള്‍ ഹോള്‍‌സെയില്‍ ആയി തുണി എടുത്തുകൊണ്ടുവന്നു അമ്മ വീടുവീടാന്തരം കയറിയിറങ്ങി തുണികച്ചവടംനടത്തുകയാണ്.വില്പന നടത്തുന്നു.മകനും കുടുംബവും വീണ്ടും തന്റെ അടുക്കലേക്ക് എത്തുമെന്ന് അമ്മ വെറുതെ ആശിക്കുന്നു.അമ്മയ്ക്ക് അറിയാം അതൊരിക്കലും സംഭവിക്കുകയില്ലന്ന്.നൊന്ത് പെറ്റ് വളര്‍ത്തിയതുകൊണ്ട് മാത്രം അമ്മയ്ക്ക് ആയിരം രൂപ നല്‍കുന്ന് ആ മകന് എന്തായിരിക്കും വിധി.?ആയിരം രൂപ നല്‍കുന്നു എന്നതില്‍ മാത്രം ഒരമ്മയും മകനും തമ്മിലുള്ള ബന്ധം മുന്നോട്ടു പോകുമോ?

ഈ അമ്മ ഇപ്പോഴും മകനും കുടുംബത്തിനും വേണ്ടി കണ്ണീരോട് പ്രാര്‍ത്ഥിക്കുന്നു.ഒരിക്കലും തന്റെ അവസ്ഥ മരുമകള്‍ക്ക് അവളുടെ മകന്‍ മൂലം സംഭവിക്കരുതേ എന്നാണ് ആ അമ്മയുടെ പ്രാര്‍ത്ഥന.ചരിത്രം ആവര്‍ത്തി ക്കാതിരിക്കുമോ?ഒരിക്കലും തന്റെ ചരിത്രം ആവര്‍ത്തിക്കരുതന്നാണ് ഈ അമ്മയുടെ ആവിശ്യം. ഇപ്പോഴും അമ്മ ഉറക്കത്തിലും കാതോര്‍ക്കും... തന്റെ മകന്റെ കാലൊച്ചയ്ക്കായി.................


2. :: മക്കളെ മറന്ന അമ്മ ::

മറ്റൊരമ്മയെ പരിചയപ്പെടുത്താം. നാട്ടിലെ ചെറുപ്പക്കാര്‍ അമ്മയെ വിളിക്കുന്നത് പുഞ്ചിരി. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ നടക്കുന്നതുകൊണ്ട് വിളിക്കുന്നതാണിങ്ങനെ. പുഞ്ചിരിക്ക് രണ്ട് കുട്ടികള്‍. പെണ്‍കുട്ടി ആറാം ക്ലാസിലും ഇളയ ആണ്‍കുട്ടി രണ്ടാക്ലാസിലും പഠിക്കുന്നു. ഭര്‍ത്താവ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വന്ന് ഒരു സ്വകാര്യ കമ്പിനിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്നു. പുഞ്ചിരിയും കുട്ടികളും താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ അപ്പനും ഉണ്ട്. അമ്മ രണ്ട് വര്‍ഷം മുമ്പ് മരിച്ചുപോയി. കഴിഞ്ഞ(2008) നവംബറില്‍ ഒരു ദിവസം വൈകിട്ട് സപ്ലൈകോയില്‍സാദനം വാങ്ങാന്‍ പോയ പുഞ്ചിരി രാത്രിയായിട്ടും തിരിച്ചു വന്നില്ല. നാട്ടുകാര്‍ അന്വേഷിച്ചിറങ്ങി. സപ്ലൈകോയില്‍ നിന്ന് സാദനം വാങ്ങാതെഒരു ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അന്വേഷ്ണം ഓട്ടോ വഴിയായി. വീട്ടില്‍ നിന്ന് പുഞ്ചിരിയുടെ സ്വര്‍ണ്ണാഭരണങ്ങളും കാണാ തായിട്ടുണ്ട്. അപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് പോയതാണന്ന് തീര്‍ച്ചയായി. പിറ്റേന്ന് രാവിലെ ഒരു സ്ത്രി തന്റെ ഭര്‍ത്താവിനെത്തിരക്കി പുഞ്ചിരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ചിത്രം വ്യക്തമായത് .പുഞ്ചിരിക്ക് വിവാഹത്തിനുമുമ്പ് ഒരാളുമായി അടുപ്പമുണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മറ്റൊരു വിവാഹം നടന്നത്. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുമ്പോഴാണ് , ഒരു വര്‍ഷത്തിനുമുമ്പ് പുഞ്ചിരിയും അയാളും വീണ്ടും കണ്ടതും മൊബൈല്‍ നമ്പരുകള്‍ കൈമാറിയതും. ഇതില്‍ ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത് പുഞ്ചിരിയുടെ മകളാണ്. ഒരമ്മയുടെ കരുതലും സംരക്ഷണവും വേണ്ട സമയത്താണ് അവള്‍ക്കവളുടെ അമ്മയെ നഷ്ടമായത്. ആ രണ്ടാംക്ലാസുകാരന്‍ ഇപ്പോഴും അമ്മയെ പ്രതീക്ഷിച്ച് (?) വാതിക്കല്‍ നിന്ന് റോഡിലേക്ക് നോക്കിനില്‍ക്കുന്നത് ഞാനിപ്പോഴുംകാണാറുണ്ട്. അവന്റെ അമ്മ അവനെ കാണാന്‍ തിരിച്ചു വരുമന്ന് ആ കുഞ്ഞ് മനസ് ആഗ്രഹിക്കുന്നുണ്ടാവും.

ഒരാവേശത്തിന് ഇറങ്ങിപ്പുറപ്പെട്ട പുഞ്ചിരിയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.. കാമുകന്റെ കൂടെ ഇറങ്ങിപ്പോയ ആ സ്ത്രിയെ അയാള്‍ ‘ആവിശ്യം’ കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു.( വില്‍ക്കാന്‍ ശ്രമിച്ചു എന്നാണ് പറയുന്നത്.). പോലീസ് അവളെ കണ്ടെത്തി. ഇന്നവള്‍ പുറം ലോകത്തേക്ക് ഇറങ്ങാതെ നാണക്കേട് തീര്‍ത്ത തടവറയില്‍ സ്വന്തം വീട്ടില്‍ കഴിയുന്നു.....

3. ::മരണങ്ങളെ തോല്പിച്ച അമ്മ ::

സന്തുഷ്ട കുടുംബം എന്നവരുടെ ജീവിതത്തെ വിശേഷിപ്പിക്കാമായിരുന്നു.അവര്‍ എന്ന് പറഞ്ഞാല്‍ അച്ചായനുംഅമ്മാമ്മയും അവരുടെ രണ്ട് പെണ്‍കുട്ടികളും.അച്ചായന്‍ വാടകയ്ക്ക് ടെമ്പോ ഓടിക്കുകയായിരുന്നു.പെണ്‍കുട്ടികള്‍ രണ്ടും യു.പി.സ്കൂളില്‍ പഠിക്കുന്നു. ജീവിതത്തില്‍ സാമ്പത്തികമായ വന്‍ നേട്ടങ്ങള്‍ ഇല്ലങ്കിലുംസന്തോഷകരമായ ജീവിതം. ഇതിനിടയിലാണ് അമ്മാമ്മയ്ക്ക് അസ്വസ്ഥതകള്‍ ആരംഭിക്കുന്നത്. ശരീരവേദനയുമായി ആശുപത്രികള്‍ കയറിയിറങ്ങി.പലഡോക്ടര്‍മാരും ടെസ്റ്റുകള്‍ക്ക് കുറിച്ചുകൊടുത്തു. കുറച്ചുനാളുകള്‍ക്ക്ശേഷം അവരുടെ സന്തോഷത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തികൊണ്ട് പരിശോധനാ റിസല്‍ട്ട് വന്നു.ക്യാന്‍സര്‍ !!!..മരണം ഏത് നിമിഷവും കടന്ന് വരാം. അമ്മാമ്മയ്ക്ക് മരിക്കാന്‍ ഭയമില്ലായിരുന്നു.ഒരു ദുഃഖംമാത്രം.പറക്കമുറ്റാത്ത രണ്ട് പെണ്മക്കള്‍. ഒരമ്മയുടെ കരുതലും സംരക്ഷണവും ഏറ്റവും കൂടുതല്‍ വേണ്ടപ്രായത്തിലേക്ക്
മക്കള്‍ കടക്കുന്നതേയുള്ളൂ..

അമ്മാമ്മയുടെ അസുഖം അറിഞ്ഞതോടെ അച്ചായന്‍ ഡൌണ്‍ ആയിത്തുടങ്ങി. ഇത്രയുംകാലും തന്റെ കൂടെകഴിഞ്ഞവള്‍.അവള്‍ മരണത്തിലേക്ക് നടന്ന് പോവുകയാണന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സിന് തീപിടിക്കുന്നു.മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടന്ന് ഡോക്ടര്‍മാര്‍ നല്‍കിയഉറപ്പുകളില്‍ അച്ചായന്‍ പിടിച്ചുനിന്നു. പരിശോധനകള്‍ മുറയ്ക്ക് നടന്നു.രോഗത്തിന്റെ കാഠിന്യത്തിന് കുറവുള്ളതായി പുതിയറിപ്പോര്‍ട്ടുകളില്‍ കാണിച്ചു.കുടുംബത്തിനും ഡോക്ട്‌ര്‍മാര്‍ക്കും പ്രതീക്ഷകളായി.

ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്നതിനുമുമ്പുള്ള ദിനങ്ങള്‍.പലരും അമ്മാമ്മയെ കാണാന്‍ വന്നു.ഔചിത്യബോധമില്ലാത്ത ചില സന്ദര്‍ശകര്‍ രോഗത്തിന്റെ ഭീകരതയെക്കുറിച്ച് തങ്ങളുടെ കൂടെ വന്ന്മറ്റ് സന്ദര്‍ശകര്‍ക്ക് അമ്മാമ്മയുടേയും അച്ചായന്റേയും മുന്നില്‍ വച്ച് ക്ലാസുകള്‍ എടുത്തു.പ്രാര്‍ത്ഥനാകൂട്ടങ്ങള്‍ എത്തി അമ്മാമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.അതിലൊരു പ്രാര്‍ത്ഥനാകൂട്ടത്തിലെ ‘കര്‍ത്താവിന്റെ ദാസി’ പ്രാര്‍ത്ഥിച്ചത് വേദനയില്ലാത്ത മരണത്തിനു വേണ്ടിയാണ് .പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത അച്ചായന് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. തന്നെ എല്ലാവരും കൂടി പറ്റിക്കുകയായിരു ന്നോ ? തന്റെ ഭാര്യ മരണത്തിലേക്ക് തന്നെയാണോ പോകുന്നത്.അല്പം മദ്യംകൂടി അകത്ത് ഉള്ളതുകൊണ്ട് ചിന്തകള്‍ തലതിരിഞ്ഞാണ് വന്നത് .

പിറ്റേന്ന് അച്ചായനെ ജനങ്ങള്‍ കാണുന്നത് ഒരു പറങ്കിമാവില്‍ തൂങ്ങി നില്‍ക്കുന്നതാണ്. “ഭാര്യയുടെ മരണംകാണാന്‍ കഴിവില്ലാത്തതുകൊണ്ട് താന്‍ പോകുന്നു.”.മക്കളെക്കുറിച്ച് അയാള്‍ ഓര്‍ത്തില്ല.അമ്മാമ്മവാവിട്ട്നിലവിളിച്ചില്ല.പാവത്തിന് അതിനുള്ള കെല്പ് ഇല്ലായിരുന്നു. മരണത്തിലേക്ക് ദിവസങ്ങള്‍ എണ്ണുന്നഅമ്മയും രണ്ട് പെണ്മക്കളും. അവരുടെ കണ്ണീര്‍ കാണാതിരിക്കാന്‍ ദൈവത്തിനു കഴിയുമോ?

പതിനഞ്ചോളം വര്‍ഷങ്ങള്‍ ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു.മാസങ്ങളുടെ ആയുസ്സ് മാത്രം കല്പിച്ചിരുന്നഅമ്മാമ്മ ഇപ്പോഴും ജീവിക്കുന്നു.രണ്ട് പെണ്മക്കളേയും പഠിപ്പിച്ച് , ജോലിആയപ്പോള്‍ വിവാഹംചെയ്തയച്ചു. വൈദ്യശാസ്ത്രത്തിനും അതീതമായ ഒരു ‘ശക്തി‘യുടെ ശക്തിയില്‍ രോഗത്തിന്റെ തീവ്രതയില്‍നിന്ന് വിടുതല്‍ കിട്ടി ഈ അമ്മ ജീവിക്കുന്നു.തന്റെ മക്കളുടെ ജീവിതം കാണാനായി.തനിക്ക് താങ്ങായിനില്‍ക്കേണ്ട ഭര്‍ത്താവ് മരണത്തെ അഭയം പ്രാപിച്ചപ്പോഴും ഈ അമ്മ അതിനെ അതിജീവിച്ചു ,സ്വന്തം രോഗത്തേയും,മരണത്തേയും തോല്പിച്ച് ഈ അമ്മ ജീവിക്കുന്നു മക്കളോടും കൊച്ചുമക്കളോടും ഒപ്പം.

9 comments:

Faizal Bin Mohammed™ said...

എന്‍റെ അമ്മയുടെ വേര്‍പാട്.... രണ്ടു വര്‍ഷത്തിനു ശേഷവും .......നെഞ്ചില്‍ ഒരു വിങ്ങല്‍... കണ്ണില്‍ നനവ്‌... സ്നേഹത്തിന്‍ വേര്‍പാട്...

കൂതറHashimܓ said...

അമ്മ സീരീസ് ഇഷ്ട്ടായി, കൂടെ ഇത്തിരി നൊമ്പരവും

chithrakaran:ചിത്രകാരന്‍ said...

നല്ല പോസ്റ്റ്.
ഇതില്‍ ആദ്യത്തെ അമ്മയുടെയും മകന്റേയും കഥ
സാധാരണമാണ് മലയാളിക്കിടയില്‍.
കാരണം മക്കളെ അല്ലലറിയിക്കാതെ വളര്‍ത്തുക എന്ന
ദാസ്യ പാരംബര്യം പിന്‍പറ്റുന്നവരാണ് ഏറെയും.
മക്കളെ അച്ഛനമ്മമാരുടെ കഷ്ടപ്പാടും,വിയര്‍പ്പിന്റെ വിലയും,തങ്ങളുടെ ചരിത്രവും അറിയിക്കാതെ ഓമനിച്ചു വളര്‍ത്തുന്നതിന്റെ ഫലമായി സ്വയം നിര്‍മ്മിക്കുന്ന
അനാഥത്വമാണ് ആ അമ്മ അനുഭവിക്കുന്നത്.
അരി വില്‍ക്കാന്‍ പോകുംബോള്‍ ഒരു കഴുതയെപ്പോലെ
മകനെ ചുമടെടുപ്പിച്ചിരുന്നെങ്കില്‍ മകന്‍ ഒരു അരി വ്യവസായിയോ,കച്ചവടക്കാരനോ
അമ്മയെ കണ്‍കണ്ട ദൈവമായി ആരാധിക്കുന്ന സ്നേഹമുള്ള മകനോ ആയേനെ !!!

എറക്കാടൻ / Erakkadan said...

ഇന്നത്തെ ദിവസത്തിനു അനിവാര്യമായ പോസ്റ്റ്

mini//മിനി said...

അമ്മമാരും മക്കളും ജയിക്കട്ടെ. നല്ല പോസ്റ്റ്.

siva // ശിവ said...

എത്രയെത്ര കഥകള്‍...

Ranjith Nair said...

lovely stories..
you are again and again proving your talent dear.. :).. nice thoughts

Cartoonist said...

ആശംസകള്‍ !

Anonymous said...

സൂപ്പര്‍