Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Sunday, October 27, 2013

ഉള്ളി വാർത്തകൾ


ദേശീയ വാർത്തകൾ

യുവതിയെ തട്ടിക്കൊണ്ടുപോയി
ന്യൂഡൽഹി : ചന്തയിൽ നിന്ന് ഉള്ളിവാങ്ങിപ്പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ട്പോയതായി പരാതി. യുവതിയെ ന്യൂഡൽഹി റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തി. ചന്തയിൽ നിന്ന് അഞ്ചുകിലോ സവോളവാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞ് കാറിൽ എത്തിയവർ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയത്. യുവതിയും കുടൂംബവും നേരത്തെ താമസിച്ച സ്ഥലത്തിന് അടൂത്തുള്ള ആളാണ് യുവതിയെ കാറിൽ വിളിച്ച് കയറ്റിയത്. കാറിൽ കയറിയ ഉടനെ യുവതിയെ കത്തികാട്ടി ഭീക്ഷ്ണിപ്പെടൂത്തി സവോളവാന്ങിയിട്ട് റയിൽവേസ്റ്റേഷന്റെ പുറകിൽ ഇറക്കി വിടുകായിരുന്നു. സ്ത്രികൾ ഇനിമുതൽ ഉള്ളിവാങ്ങിയാത്രചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും കഴിവതും ഉള്ളിയുമായി ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും പോലീസ് അഭ്യർത്ഥിച്ചു.

ഉള്ളി കൊള്ള : പോലീസ് അന്വേഷ്ണം വ്യാപിപ്പിക്കുന്നു
യു.പി: ആഗ്ര-ഡൽഹി ഹൈവേയിൽ നിന്ന് ഉള്ളി കൊണ്ടുപോകുന്ന രണ്ട് ട്രക്കുകൾ തട്ടിയെടൂത്തവരെ പിടികൂടാൻ പോലീസ് അന്വേഷ്ണം ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ട്രക്കുകൾ തടഞ്ഞ് ഡ്രൈവർമാരെ തോക്കു ചൂണ്ടി ഭീക്ഷ്ണിപ്പെടുത്തി ഉള്ളി ട്രക്കുകൾ തട്ടിയെടുത്തത്. ഉള്ളി ട്രക്കുകളും പാൽ വാനുകളും തട്ടിക്കൊണ്ട് പോകുന്നതും കൊള്ളയടിക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കൊള്ളക്കാരെ കണ്ടാലുടനെ വെടിവെക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ഉള്ളി ട്രക്കുകൾക്ക് സായുധ പോലീസിന്റെ അകമ്പടി നൽകാനും സർക്കാർ തലത്തിൽ തീീരുമാനമായിട്ടുണ്ട്.

കേരള വാർത്തകൾ

വിവാഹതലേന്ന് സവോളയുമായി യുവതി മുങ്ങി
മിത്രപുരം:: ഇന്ന് വിവാഹം നിശ്ചയിച്ചിരുന്ന യുവതി സവോളയുമായി കാമുകനോടൊത്ത് മുങ്ങി. മിത്രപുരം വില്ലേജിൽ മിത്രന്റെ മകൾ മിത്രാകുമാരിയാണ് വിവാഹതലേന്ന് വിവാഹസദ്യയ്ക്ക് സൂക്ഷിച്ചിരുന്ന മുപ്പതുകിലോ സവോളയുമായി മിത്രപുരം സ്വദേശിയുമായി മുങ്ങിയത്. ഇവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. 

ഉള്ളിവടയിൽ ഉള്ളി:തോമാചേട്ടന് അഭിനന്ദന പ്രവാഹം
എറണാകുളം :: മറൗൻഡ്രൈവിൽ പലഹാരകച്ചവടം നടത്തുന്ന തോമാചേട്ടന് തനിക്ക് കിട്ടുന്ന അഭിനന്ദനങ്ങളിൽ മതിമറക്കാതെ ഉള്ളിവട ഉണ്ടാക്കുന്നു. ഇന്ന് വൈകിട്ട് എറണാകുളം പൗരാവലിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയപരിസരത്തിൽ തോമാചേട്ടന് സ്വീകരണം നൽകുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക മത വ്യവസായ പ്രമുഖർ സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോർപ്പറെഷൻ ജില്ലാ അധികാരികളുടെ നേതൃത്വത്തിൽ ഫുഡ് സ്വേഫ്റ്റി കമ്മീഷൻ അംഗങ്ങൾ നടത്തിയ പരിശോധനയിൽ തോമാചേട്ടന്റെ കടയിലെ എല്ലാ ഉള്ളിവടയിലും ഉള്ളികഷ്ണങ്ങൾ കണ്ടെത്തിയ വാർത്ത പുറത്തുവന്നതോടെയോണ് തോമാചേട്ടൻ വാർത്തയായത്. ഇന്ത്യയിലെ എല്ലാ ദേശിയ മാധ്യമങ്ങളും ഇത് വാർത്തയാക്കിയതോടെ തോമാചേട്ടനു നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. പല പ്രവാസിമലയാളികളും തന്നെ വിളിച്ചു എന്നും അവർക്കൊക്കെ ഉള്ളിവട അയച്ചുനൽകണമെന്ന് പറഞ്ഞുവെന്നും തോമാചേട്ടൻ പറഞ്ഞു. 

ഓട്ടോയിൽ യാത്രക്കാരൻ മറന്ന ഉള്ളി തിരിച്ചു നൽകി യുവാവ് മാതൃകയായി
കോട്ടയം : കോട്ടയം ചന്തയിൽ നിന്ന് ഉള്ളിവാങ്ങി ഓട്ടോയിൽ യാത്രചെയ്ത യാത്രക്കാരൻ ഓട്ടോയിൽ മറന്നുവെച്ച എട്ടുകിലോ ഉള്ളി യാത്രക്കാരനെ തിരക്കികണ്ടുപിടിച്ച് നൽകി യുവാവ് മാതൃകയായി. ഉള്ളി നഷ്ടപ്പെട്ട വിഷമത്തിൽ വീട്ടിലെത്തി ആരോടും സംസാരിക്കാതെ കട്ടിലിൽ കയറിക്കിടന്ന ഗൃഹനാഥൻ ഉള്ളി തിരിച്ചു കിട്ടീയ സന്തോഷത്തിൽ ബോധം കെട്ട് വീണു. ഇന്നലെ ഉച്ചയ്ക്കാണ് കോട്ടയം ചന്തയിൽ നിന്ന് ഉള്ളിവാങ്ങി കൊച്ചാപ്പി ഓട്ടോയിൽ തിരുനക്കരവരെ വന്നത്. സാധനങ്ങൾ എടുക്കുന്ന കൂട്ടത്തിൽ അഞ്ചുകിലോ സവോളയും മൂന്നു കിലോ ചുവന്നുള്ളിയും ഓട്ടോയിൽ നിന്ന് എടുക്കാൻ കൊച്ചാപ്പി മറന്നു. കൊച്ചാപ്പിയെ ഇറക്കിയതിനു ശേഷം തിരികെ സ്റ്റാൻഡിൽ വന്നപ്പോഴാണ് ഓട്ടോ ഡ്രൈവർ ഓട്ടോയിലിരിക്കുന്ന ഉള്ളി കണ്ടത്. ഉടന്തന്നെ തിരുനക്കരയിൽ എത്തിയങ്കിലും കൊച്ചാപ്പി ബസിൽ കയറി പോയിരുന്നു. ഡ്രൈവർ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പോലീസ് ഉള്ളിയുടെ ഉടമസ്ഥനെ തേടി ഇറങ്ങി. മൂന്നു മണിക്കൂറിനു ശേഷം കൊച്ചാപ്പിയെ കണ്ടത്തി ഡ്രൈവർ ഉള്ളി കൊച്ചാപ്പിക്ക് തിരികെ നൽകി. സത്യസന്ധരായ ഓട്ടോഡ്രൈവർമാർ ഇപ്പോഴും ഉണ്ടന്നുള്ളതിനു തെളിവാണ് ഈ സംഭവം എന്ന് പോലീസുകാർ ചൂണ്ടികാണിക്കുന്നു.

സ്ത്രിധനത്തിൽ മൂന്നുകിലോ ഉള്ളിയുടെ കുറവ്:യുവതിയുടെ വിവാഹം മുടങ്ങി
സ്ത്രിധനത്തിൽ മൂന്നുകിലോ ഉള്ളിയുടെ കുറവ് കണ്ടതിനെതുടർന്ന് വിവാഹമണ്ഡപത്തിൽ യുവാവ് എത്താത്തതിനെ തുടർന്ന് നിശ്ചയിച്ച വിവാഹം മുടങ്ങി. യുവതിയുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് യുവാവിനും മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രിധനമായി ഇരുപതുകിലോ സവോള വിവാഹത്തിനു മുമ്പ് നൽകാമെന്ന് യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നത്രെ. വിവാഹതലേന്ന് പതിനേഴ്കിലോ സവോളമാത്രമേ നൽകിയുള്ളൂ എന്ന് പറഞ്ഞാണ് യുവാവും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ഉള്ളിപ്പാടം തട്ടിപ്പ് : സംഗീത അറസ്റ്റിൽ
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ഉള്ളിപ്പാടം നൽകാം എന്ന് പറഞ്ഞ് ഒന്നരക്കോടി രൂപ തട്ടിയെടുത്തു എന്നുള്ള പരാതിയിൽ സംഗീതയെ പോലീസ് അറസ്റ്റ് ചെയ്തു. മണൽ വ്യവസായി ശശീധരന്റെ പരാതിയിന്മേലാണ് അറസ്റ്റ്. പത്തേക്കർ ഉള്ളിപ്പാടം നൽകാം എന്ന് പറഞ്ഞാണ് പണംവാങ്ങിയതന്ന് പരാതിക്കാരൻ പരാതിയിൽ പറയുന്നു .അന്വേഷ്ണത്തിൽ പോലീസ് വീഴ്ച വരുത്തുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം ഉപരോധമടക്കമുള്ള സമരമാർഗങ്ങളിലേക്ക് തിരിയുമെന്ന് ചില നേതാക്കൾ സൂചന നൽകി.

മറ്റൊരു തട്ടിപ്പ് കേസിൽ, ഉള്ളിക്കുരുവാണന്ന് പറഞ്ഞ് വെണ്ടയരിയും പഞ്ഞിയരിയും നൽകിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയിരം രൂപയ്ക്ക് ഒരുകവർ വെണ്ടയരിയും പഞ്ഞിയരിയും ആണ് തട്ടിപ്പ് നടത്തിയവർ തട്ടിപ്പിന് ഇരയായവർക്ക് നൽകിയത്.ഡോക്ടർ , എഞ്ചിനീയർ, മറ്റ് പ്രഫഷ്ണലുകൾ തുടങ്ങിയവർ ആണ് തട്ടിപ്പിനു ഇരയായത്. പലരും നാണക്കേട് ഓർത്ത് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. 

ബിസ്‌നസ് വാർത്തകൾ

ഉള്ളി വായ്പയുമായി ബാങ്കുകൾ
മുംബൈ :: ഉള്ളിവാങ്ങാനായി വായ്പ നൽകാൻ ബാങ്കുകൾ തീരുമാനിച്ചു. 10 മുതൽ 15 ശതമാനം വരെ പലിശ ആണ് വിവിധബാങ്കുകൾ ഈടാക്കുന്നത്. ഉള്ളി വാങ്ങാൻ വായ്പ നൽകുന്നു എന്നറിഞ്ഞതോടെ ആളുകൾ ബാങ്കുകൾക്ക് മുമ്പിൽ ക്യു നിൽക്കുകയാണ്. ഉള്ളി വായ്പ വാർത്തകൾ പുറത്തുവന്നതോടെ ബാങ്ക് ഓഹരികളുടെ മൂല്യവും വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്.

ഉള്ളിയുമായി വാഹനനിർമ്മാതാക്കളുംഡീലർമാരും
ഗുഡ്ഗാവ് :: വിവിധ വാഹന ഉത്പാദകർ തങ്ങളുടെ വാഹനവില്പനയ്ക്കായി സൗജന്യ ഉള്ളി വിതരണവും നടത്തുന്നു. അഞ്ചുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾക്ക് വാഹനത്തോടൊപ്പം അഞ്ചുകിലോ ഉള്ളിയാണ് വാഹനനിർമ്മാതാക്കള് നൽകുന്നത്. ഡീലർമാരും ഇതോടൊപ്പം ഓരോകിലോ സവോള നൽകുന്നുണ്ട്. ചില വാഹന നിർമ്മാതാക്കൾ സൗജന്യ ഇൻഷുറൻസിനോടൊപ്പം ഒരു വർഷത്തേക്ക് ഓരോമാസവും സൗജന്യമായി ഓരോകിലോ ഉള്ളിയും പുതിയ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

ബാങ്ക് ലോക്കർ ഫെസിലിറ്റിയുമായി ബാങ്കുകൾ
തങ്ങളുടെ കസ്റ്റമേഴ്സിനായി ബാങ്കുകൾ ശീതികരണ സംവിധാനമുള്ള ലോക്കർ ലഭ്യമാക്കുന്നു. സവോള സൂക്ഷിക്കാനാണ് ബാങ്കുകൾ ശീതികരണ സംവിധാനമുള്ള ലോക്കറുകൾ നൽകുന്നത്. ഒരു ലോക്കറിൽ പത്തുകിലോ സവോളവരെ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കും. മാസവാടകയായിരിക്കും ഇതിന് ഈടാക്കുക.

കാർഷിക വാർത്തകൾ

ബാർട്ടർ സമ്പ്രദായവുമായി കർഷകർ
തെക്കൻ കെരളം : റബറിന്റെ വിലയിടിയുകയും റബർ കച്ചവടക്കാർ റബർവാങ്ങാതെ കടകൾ അടയ്ക്കുകയും ചെയ്തതോടെ റബർ കർഷകർ പുതിയ മാർഗങ്ങൾ തേടുന്നു.റബർ നൽകി ഉള്ളിവാന്ങാനുള്ള ശ്രമങ്ങൾ ആണ് ചില കർഷകർ നടത്തുന്നത്. ഉള്ളി വ്യാപാരികളുമായി നടത്തിയ ചർച്ചകൾ വിജയമായിരുന്നു എന്നാണ് സൂചന. ഒരുകിലോ റബർ ഷീറ്റിന് ഒന്നരക്കിലോ സവോളവരെ നൽകാമെന്നാണ് ഉള്ളിവ്യാപാരികൾ അറിയിച്ചിരിക്കുന്നത്.

പത്ത് വർഷത്തിനു ശേഷമുള്ള ചില വാർത്തകൾ

ഉള്ളി ഇറക്കുമതിയിൽ 400 കോടിയുടെ അഴിമതിയെന്ന് സിഎജി റിപ്പോർട്ട്

500 കോടിയിൽ കൂടതലുള്ള തുകയേ അഴിമതിയുടെ നിർവചനത്തിൽ പെടൂ എന്ന് രാഷ്ട്രീയ പാർട്ടികൾ

ഉള്ളി കുംഭകോണം : അന്വേഷ്ണത്തിൽ നിന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കി.

ഉള്ളിക്ക് വിലത്തകർച്ച :പത്ത് കർഷകർ കൂടി ആത്മഹത്യ ചെയ്തു.

ഉള്ളിപ്പാടം തട്ടിപ്പ് സംഗീതയെ കോടതി വെറുതെ വിട്ടു

ഉള്ളിവായ്പയ്ക്ക് ഈടാക്കുന്ന പലിശ ഉപേക്ഷിക്കണമെന്ന് ബാങ്കുകളോട് സർക്കാർ

Wednesday, September 7, 2011

മാവേലിയുടെ കിരീടം അഥവാ തൊപ്പി ചിന്തകള്‍

പാതാളത്തില്‍ ആകെ ബഹളം ആണ്. രണ്ടു ദിവസം കഴിഞ്ഞിട്ട് മാവേലിക്ക് കേരളത്തില്‍ പ്രജകളെ കാണാന്‍ പോകാനുള്ളതാ. ഇതുവരെ അതിനൊരു പ്രോഗ്രാം തയ്യാറാക്കാന്‍ മാവേലിക്ക് പറ്റിയിട്ടില്ല. മാവേലിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വര്‍ഷം കേരളത്തില്‍ ഓണപരിപാടികളെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ന്‍ഊറാം ദിവസപരിപാടികള്‍ ആണത്രെ!!! സര്‍ക്കാര്‍ കെട്ടിടത്തിന്റെ മതിലിന് വെള്ള അടിക്കുന്നതുവരെ നൂറാം ദിവസ പരിപാടിയാണാന്ന് പറഞ്ഞ് കണ്ട പത്രങ്ങളിലെല്ലാം ഫുള്‍‌പേജ് പരസ്യങ്ങളാ. ഈ ഓണക്കാലത്ത് ഇത്തരം പരിപാടികള്‍ ജനങ്ങളേ ഇതു ഒരുമാതിരി ഊ..ഊ.. ഊ.. ഊഞ്ഞാലാട്ടിക്കുന്ന പരിപാടിയായിപ്പോയി എന്ന് പാതാളവാസികള്‍ക്ക് അഭിപ്രായം ഉണ്ടങ്കിലും ഇപ്പോള്‍ രാജഭരണം അല്ലാത്തതുകൊണ്ടും രാജാവെന്നോ രാജാ‍ാശ്രിതനന്നോ പറഞ്ഞാല്‍ തെറിവിളി പാഴ്‌സലായി മൈക്ക് വഴി ചാനല്‍ കൈവശം കൊടുത്തുവിടും എന്നുള്ളതുകൊണ്ട് മിണ്ടാതിരിക്കുന്നതാ നല്ലത്. അല്ല ജനങ്ങള്‍ക്ക് ആവിശ്യമുള്ളത് ചെയ്ത് കൊടുക്കാനല്ലേ ജനങ്ങള്‍ അഞ്ചുവര്‍ഷം അഞ്ചുവര്‍‌ഷം കൂടുമ്പോള്‍ കുറേപ്പേരെ തിരഞ്ഞേടുക്കുന്നത്? .സര്‍ക്കാരിനെ എന്തിന് കുറ്റം പറയണം. ടൂറിസം വകുപ്പ് എന്നൊരു വകുപ്പ് ആ മലയാള കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നു. (ഇപ്പോള്‍ ഉണ്ടങ്കിലും അത് പണ്ടത്തേതിണ്ടേയും അത്രയും വരില്ലല്ലോ?). ആ വകുപ്പ് കുറേക്കാലം മുമ്പ് വരേയും ഒരാഴ്ച ഓണംവാരാഘോഷം-ടൂറിസം വാരാഘോഷം എന്നൊക്കെ പറഞ്ഞ് കേരളത്തിന്റേ തെക്ക് തൊട്ട് വടക്കു വരെ ഭയങ്കര പരിപാടികള്‍ ആയിരുന്നു. കൊല്ലംകാരന്‍ പ്രസിഡണ്ടിനെ കൊണ്ടുവരുന്നതുപോലെ ആ വകുപ്പ് ആയിരുന്നു കേരളത്തിലേക്ക് മാവേലിയെ കൊണ്ടു പോകുന്നതും കൊണ്ടുവരുന്നതും ചെയ്തിരുന്നത്. പ്രസിഡണ്ടിനെ വള്ളംകളി കാണിക്കുന്നതുപോലെ ടൂറിസം വകുപ്പ് മാവേലിയെ കൊണ്ട് നടന്ന് പുലികളിയും തുമ്പിതുള്ളലും ഒക്കേ കാണിപ്പിച്ച് ഗസ്റ്റ്‌ഹൌസില്‍ താമസിപ്പിച്ച് , അടുത്ത വര്‍ഷവും വരണേ എന്ന് പറഞ്ഞ് തിരിച്ചയിക്കുമായിരുന്നു. ഇപ്പോള്‍ ടൂറിസം വകുപ്പിന് ഗ്രാന്റ്‌ഷോപ്പിംങ്ങ് ഫെസ്റ്റിവെല്ലിനോടാണത്രെ താ‌ത്പര്യം. അല്ലങ്കില്‍ തന്നെ രണ്ട് തുട്ട് അധികത്തില്‍ കിലുങ്ങുന്ന പരിപാടിക്കല്ലാതെ ആരെങ്കിലും ഇക്കാലത്ത് ഇറങ്ങിത്തിരിക്കുമോ? അല്ല ഇതൊക്കെ ആരോട് പറയാന്‍ !!!!!

കേരളം കേരളത്തിന്റെ ദേശീയ ഉത്സവം ആണന്നായിരുന്നു പണ്ട് പിള്ളാരെല്ലാം രചന എഴുതി പഠിച്ചിരുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകള്‍ വന്നതോടുകൂടി കേരളത്തിന് എന്ത് ദേശീയ ഉത്സവം , എന്ത് രാജ്യഭരണം!!! മഹാബലിയെ ചവിട്ടിതാഴ്ത്തിയത് വാമനന്‍ ആയതുകൊണ്ട് അതു ഹിന്ദുക്കള്‍ മാത്രം ആഘോഷിച്ചാ മതിയന്ന് ചില സോഷ്യല്‍‌നെറ്റ്വര്‍ക്കിംങ്ങ് ബുദ്ധിജീവികള്‍ പറയുന്നത്. ഹോ!ലവന്മാരെ സമ്മതിക്കണം. പരശുരാമന്‍ മഴു എറിഞ്ഞ് കേരളത്തെ ഉയര്‍ത്തിയന്ന് പറഞ്ഞ് ആ ബുദ്ധിജീവി ടീമുകളേല്ലാം കൂടി തമിഴ്നാട്ടിലെങ്ങാണം കുടിയേറിയെങ്കില്‍ തമിഴ്‌നാട്ടുകാരുടെ പൊങ്കലിന് ഒരു തീരുമാനം ആയേനെ. ഈ മഹാബലിയെ ഏതെങ്കിലും തോമായോ, സൈനുദ്ദീനോ ചവിട്ടിതാഴ്ത്തിയായിരുന്നെങ്കില്‍ ഇത്രയ്ക്ക് പുകിലെന്തെങ്കിലും ഉണ്ടാവുമായിരുന്നോ? അല്ലങ്കില്‍ തന്നെ ഇപ്പോള്‍ ഭൂലോകത്തിന്റെ സ്പന്ദനം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകളില്‍ ആണല്ലോ!!! അല്ല ഇതൊക്കെ ആരോട് പറയാന്‍ !!!!!

മഹാബലിക്കാണങ്കില്‍ ഇപ്പോള്‍ ഒന്നിനും ഒരു പഴയ പ്രസരിപ്പ് ഇല്ല. ആര്‍ക്കോ വേണ്ടി കേരളത്തില്‍ പോകുന്നതുപോലെയാണ് കുറേ വര്‍ഷങ്ങളായി പോക്ക്. വാമനന്‍ ചവിട്ടി താഴ്‌ത്തിയപ്പോള്‍ ഞാന്‍ എല്ലാവര്‍ഷവും വന്ന് എന്റെ പ്രജകളെ കണ്ടോട്ടേ എന്ന് അനുവാദം ചോദിച്ച പുള്ളിക്കാരനാ. എന്നിട്ടിപ്പോ പോകണോ വേണ്ടായോ എന്നുള്ള ചിന്തിയില്‍ പാതാള കൊട്ടാരത്തിലെ കൊരണ്ടിയില്‍ കുത്തിയിരുന്ന് ചിന്തിക്കുകയാണ്. സ്വര്‍ണ്ണസിംഹാസത്തില്‍ ഇരുന്ന് വിശാലമായി ചിന്തിച്ചിരുന്ന മഹാബലി ഇപ്പോള്‍ ചിന്തിക്കാന്‍ ഇരിക്കുന്നത് തടി കൊരണ്ടിയില്‍. സാമ്പത്തിക പ്രതിസന്ധിവന്നാല്‍ ഒബാമവരെ തറയില്‍ പാ വിരിച്ച് കിടക്കുന്ന കാലത്ത് മഹാബലി കൊരണ്ടിയില്‍ ഇരുന്നാല്‍ അത് വാര്‍ത്ത് ആവത്തില്ലല്ലോ? അല്ലങ്കില്‍ തന്നെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പെണ്ണുപിടിയും പെണ്വാണിഭവും അതിരുമാന്തലും ആണല്ലോ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങള്‍. ചുമ്മാ ഇരുന്ന് തളേന്ന് കുടിഞ്ഞ കഞ്ഞി അയവിറക്കി വെറുതെ ഓരോന്നോരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാതാളത്തിന്റെ പി‌ആര്‍‌ഒ കം അഡ്‌മിനിസ്‌ട്രേഷന്‍ കം നാവിഗേറ്റര്‍ ആയ മാവേലിയുടെ ബോഡിഗാര്‍ഡ് മാവേലിയുടെ മുന്നില്‍ എത്തിയത്.

“മഹാബലി തിരുമനസ്സേ, ഇങ്ങനെ വെറുതെ ഇരുന്ന് ചിന്തിച്ച് ചിന്തിച്ച് സമയം കളയാതെ എഴുന്നേറ്റ് ഒരുങ്ങി കേരളത്തില്‍ പോകാന്‍ നോക്ക്. നാളെ കഴിഞ്ഞ് തിരു‌വോണമാ.. അല്ല അങ്ങെന്താണ് ഇങ്ങനെ ചിന്തിക്കുന്നത്?” ബോഡി ഗാര്‍ഡ് ചോദിച്ചു.

“എടേ, ഞാനിനി കേരളത്തില്‍ ചെന്നാല്‍ എന്നെ നാട്ടുകാര്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് സംശയമാ എനിക്ക്?” മാവേലി പറഞ്ഞു.

“ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം തോന്നാന്‍ കാരണം എന്താ തിരുമേനി?”

മാവേലി കുറേ പത്രങ്ങള്‍ എടുത്ത് ബോഡിഗാര്‍ഡിന്റെ മുന്നിലേക്കിട്ടു.
“നീ ഈ പത്രങ്ങളൊക്കെ ഒന്നു നോക്കിക്കേ, എല്ലാ പരസ്യത്തിലും മാവേലിയുണ്ട്. സ്വര്‍ണ്ണപരസ്യത്തിലേയും ടിവി പരസ്യത്തിലേയും ഫ്രിഡ്ജപരസ്യത്തിളേയും മൊബൈല്‍ ഫോണ്‍ പരസ്യത്തിലും എന്തിന് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ പരസ്യത്തിലും മാവേലിയുണ്ട്. എല്ലാ മാവേലിയും ഒന്നിനൊന്ന് വെത്യാസം. എല്ലാ മാവേലിയും തമ്മില്‍ കുടവയറിലും മീശയിലും മാത്രമുണ്ട് സാമ്യം.ഇതൊക്കെ കാണുമ്പോള്‍ എനിക്ക് തന്നെ സംശയമാ. ആരാ ശരിക്കും ഉള്ള മാവേലിയെന്ന്” മാവേലി പറഞ്ഞു.

“അതു തിരുമേനി, ഏതോ പടം വരപ്പുകാരന്‍ ഏതോ പോലീസുകാരനെ അങ്ങയുടെ മേക്കപ്പിടീച്ചിട്ട് നോക്കി വരച്ചതുകൊണ്ടായിരിക്കും ഈ കുടവയറും കപ്പടാ മീശയും” ബോഡിഗാര്‍ഡ് പറഞ്ഞു.

“ആറുമലയാളിക്ക് നൂറു മലയാളം എന്ന് പറഞ്ഞതുപോലെയായി മാവേലിയുടെ കാര്യത്തിലും” മഹാബലി തന്റെ നിരാശ മറച്ചു വെച്ചില്ല.

“അങ്ങ് മലയാളത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട സീസണ്‍ പതിനഞ്ച് ആകുമ്പോഴേക്കും ആ ഭൂമി മലയാളത്തില്‍ രജ്ജ്നിമലയാളം എന്ന ഒരൊറ്റ മലയാളം മാത്രമേ കാണത്തൊള്ളൂ...” ബോഡിഗാര്‍ഡ് തന്റെ അഭിപ്രായം അങ്ങ് പറഞ്ഞു.

ചിന്തകള്‍ എല്ലാം തത്‌ക്കാലത്തേക്ക് മാറ്റിവെച്ച് മഹാബലി എഴുന്നേറ്റു. ഏതായാലും വാമനോട് ചോദിച്ചു വാങ്ങിയ വരം ആണല്ലോ ആണ്ടില്‍ ഒരു ദിവസം പ്രജകളേ കാണാനുള്ള അനുവാദം. അത് ഏതായാലും വേണ്ടാന്ന് വയ്ക്കേണ്ട. വാതിലിലേക്ക് തിരിഞ്ഞു നടന്ന ബോഡിഗാര്‍ഡിനെ മാവേലി തിരിച്ചു വിളിച്ചു.

“ഏടേ, നമ്മുടെ നിലവറകളുടെ പൂട്ടു തുറന്ന് നമ്മുടെ ആഭരണങ്ങളും കിരീടവും ഇങ്ങ് എടുക്കൂ...”

“പൊന്നു തിരുമേനി ഏത് നിലവറകളെ കുറിച്ചാണ് പറയുന്നത്. നമ്മുടെ ഏത് നിലവറയാ പൂട്ടിയിട്ടിരിക്കുന്നത്?”

“ങ്ങേ!!! നമ്മുടെ നിലവറകളൊന്നും പൂട്ടിയിടാറില്ലന്നോ? നമ്മുടെ വിലപ്പെട്ട കിരീടങ്ങളും ആഭരണങ്ങളും...”

“പൂട്ടി ഇടാന്‍ നിലവറകള്‍ക്കകത്ത് എന്തിരിക്കുന്നു. നിലവറകള്‍ തുറന്നിട്ടിരിക്കുന്നതുകൊണ്ട് അതിന്റെകത്ത് കയറി മാളം ഉണ്ടാക്കിയിരിക്കുന്ന കുഴിമുയലുകളെ കെണിവെച്ച് പിടിച്ചിട്ടാണ് വല്ലപ്പോഴും നോണ്‍‌വെജ് കഴിക്കുന്നത്?”

“നമ്മുടെ കിരീടം എവിടെ?” മാവേലിയുടെ ശബ്ദ്ദം ഉയര്‍ന്നു.

“അത് ഞാന്‍ പണയം വെച്ചു” ബോഡിഗാര്‍ഡ് സ മട്ടില്‍ പറഞ്ഞു.

“എന്ത് നമ്മുടെ സ്വര്‍ണ്ണകിരീടം പണയം വെച്ചന്നോ..?”

“പണയം വെയ്ക്കാതെ ഒരു നിവൃത്തിയും ഇല്ലായിരുന്നു പ്രഭോ? പട്ടിണികിടക്കാതെ നമ്മുള്‍ കഞ്ഞി കുടിക്കുന്നത് ആ കിരീടം പണയം വെച്ചതുകൊണ്ടാണ്..”

“കണക്കുകള്‍ കൊണ്ടുപോലും നാലണ എടുക്കാന്‍ കഴിയാത്ത നമ്മുടെ ഖജനാവില്‍ നിന്ന് പണം മുടക്കി നമ്മള്‍ എങ്ങനെ ആ കിരീടം തിരിച്ചെടുക്കും. കിരീടം പണയം വെച്ച് കിട്ടിയ പണം തീരുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ?”

“അങ്ങ് വിഷമിക്കരുത്. ഞാന്‍ കിരീടം പണയം വെച്ച് സ്വര്‍ണ്ണ ലോണാണ് എടുത്തത്. വേറൊരു ബാങ്കില്‍ നിന്ന് നമ്മുടെ പേരില്‍ കേരളത്തില്‍ കിടക്കുന്ന തരിശ് നിലം കാ‍ണിച്ച് കാര്‍ഷിക വായ്പയും എടൂത്തു. എന്നിട്ട് ഈ പണം എടുത്ത് വേറൊരു ബാങ്കില്‍ സീനിയര്‍ സിറ്റിസണ്‍ അക്കൌണ്ടില്‍  ഡിപ്പോസിറ്റ് ഇട്ടു. മാസം മാസം ഇതില്‍ നിന്ന് കിട്ടൂന്ന പലിശയില്‍ നിന്ന് സ്വര്‍ണ്ണ പണയത്തിന്റേയും കാര്‍ഷിക വായ്‌പയുടേയും പലിശ അടച്ചുകഴഞ്ഞിട്ട് മാസം പത്താറായിരം രൂപ നമുക്ക് ലാഭം കിട്ടും. നമുക്ക് ഭാഗ്യമുണ്ടങ്കില്‍ എന്നെങ്കിലും ആ കാര്‍ഷിക വായ്‌പ കേരളാ സര്‍ക്കാരങ്ങ് എഴുതി തള്ളുകയും ചെയ്യും..” ബോഡിഗാര്‍ഡ് പറഞ്ഞു.

“എടോ ധര്‍മ്മിഷ്‌ഠനും നീതിമാനും ആയ ഞാന്‍ ഇങ്ങനെയോക്കെ ചെയ്‌തന്ന് മലയാളികള്‍ അറിഞ്ഞാല്‍ ഞാന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?” മാവേലി ചോദിച്ചു.

“അടപ്പത്ത് കഞ്ഞിക്കുള്ള വെള്ളം തിളയ്ക്കുമ്പോള്‍ ധര്‍മ്മവും നീതിയും ഇട്ടാല്‍ കഞ്ഞി ആവത്തില്ല. അതിന് അരി തന്നെ ഇടണം. അരി വാങ്ങണമെങ്കില്‍ കാശ് കൊടുക്കണം. ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു കാശ് ഉണ്ടാക്കാന്‍”

“പട്ടിണി കിടന്നാലും കുഴപ്പമില്ലായിരുന്നു.. ഇതിപ്പോള്‍..”

“എന്നാ മാവേലി ഒരു കാര്യം ചെയ്യ്. ഈ പ്രാവിശ്യം നാട്ടില്‍ പോകുമ്പോള്‍ ഒരു ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് വാങ്ങ്. അതാകുമ്പോള്‍ ഒരു രൂപയക്ക് അരി കിട്ടും”

“ഒരു രാജാവായ എനിക്ക് ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് കിട്ടുമോ?”

“ദിവസം ഇരുപത്തഞ്ച് റബര്‍ ഷീറ്റ് കിട്ടൂന്നവനുവരെ ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് ഉള്ള സ്ഥലമാ അത്. പിന്നാണോ അങ്ങേയ്ക്ക് കിട്ടാന്‍ പാട്” ബോഡി ഗാര്‍ഡ് പറഞ്ഞു.

“എടോ ഗാര്‍ഡേ, അതൊക്കെ നമുക്ക് രണ്ടു ദിവസം കഴിഞ്ഞിട്ട് ആലോചിക്കാം. എനിക്കിപ്പോള്‍ കേരളത്തില്‍ പോകണമെങ്കില്‍ കിരീടം വേണം. അതില്ലാതെ അങ്ങോട്റ്റ് ചെന്നാല്‍ എന്തെല്ലാം പുകിലാ ഉണ്ടാകുന്നതെന്ന് അറിയാമോ? കിരീടം കണ്ടില്ലങ്കില്‍ ഞാനത് എടുത്ത് ഒരുക്കി പുട്ടടിച്ചന്ന് ഓരോരുത്തന്മാര്‍ പറയും. ഒരു ഗ്രാം തങ്കത്തിന്റെ മാലയും വളയും ഒക്കെ ഇടാമെന്ന് വെച്ചാലും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ കിരീടം എവിടെയെങ്കിലും വാങ്ങാന്‍ കിട്ടുമോ. ഇനി കിരീടം ഇല്ലാതെ കേരളത്തില്‍ ചെന്നാല്‍? അവിടെ ഒരാള്‍ക്കാണങ്കില്‍ രാജാവിന്റെ പേരില്‍ കുറ്റം നടപ്പില്‍ കുറ്റം, എടുപ്പില്‍ കുറ്റം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയും കൂടി ആണ്”

“മഹാബലി രാജാവേ ഈ പ്രാവിശ്യം അങ്ങ് കിരീടം ഇല്ലാതെ പോവുകയേ വഴിയുള്ളൂ. കിരീടം എടുക്കാന്‍ വ്ഴിയൊന്നും ഇല്ല. ഇന്ന് കാശുണ്ടാക്കി നാളെ ബാങ്കീന്ന് കിരീടം എടുക്കാമെന്ന് വെച്ചാല്‍ നാളെ ബാങ്ക് അവധിയാ”

“പിന്നെ എന്താണ് ഒരു വഴി?”

“ഞാന്‍ നോക്കിയിട്ട് ഒരൊറ്റ വഴിയേ ഉള്ളൂ.”

“എന്താണാവഴി.. അല്ലങ്കില്‍ തന്നെ നീ ഒക്കെ പറഞ്ഞ വഴികളില്‍ കൂടി നടന്ന് പെരുവഴിയില്‍ എത്തിയിട്ടെ ഉള്ളൂ. പെരുവഴിയിലേക്കൂള്ള വഴിയാണങ്കില്‍ നീ പറയണം എന്നില്ല” മാവേലി പറഞ്ഞു. പാതാളത്തിന്റെ പി‌ആര്‍‌ഒ കം അഡ്‌മിനിസ്‌ട്രേഷന്‍ കം നാവിഗേറ്റര്‍ ആയ മാവേലിയുടെ ബോഡിഗാര്‍ഡ് പെട്ടന്ന് മുറിയില്‍ നിന്ന് പുറത്തേക്ക് പോയിട്ട് തിരിച്ചു വന്നു. അയാള്‍ ഒരു വെള്ളതൊപ്പി മാവേലിക്കു നേരെ നീട്ടി. മാവേലി അത് വാങ്ങി.

“എന്താണിത്..” മാവേലി ചോദിച്ചു.

“പ്രഭോ, ഈ തൊപ്പി വെച്ചുകൊണ്ട് ചെന്നാല്‍ അങ്ങയുടെ കിരീടത്തെക്കുറിച്ച് ആരും ചോദിക്കത്തില്ല. ദേശീയ ചാനലുകള്‍ വരെ അങ്ങയുടെ കേരള യാത്ര ലൈവായി കാണിക്കും. ഇപ്പോള്‍ ഈ തൊപ്പിയാണ് ട്രെ‌ന്‍ഡ്...”

മാവേലി തൊപ്പി വെച്ചിട്ട് കണ്ണാടിയില്‍ നോക്കി.
“കൊള്ളാം. ഈ തൊപ്പി വെച്ചാല്‍ ആരും കിരീടം എവിടെയെന്ന് ചോദിക്കത്തില്ല.”

അങ്ങനെ ആ തൊപ്പി വെച്ചുകൊണ്ട് ഓണത്തിന് കേരളത്തില്‍ പോകാന്‍ മഹാബലി തീരുമാനിച്ചു. തിരുവോണത്തില്‍ മാവേലി കിരീടത്തിന് പകരം ആ തൊപ്പി വെച്ചുകൊണ്ട് ആയിരിക്കും മലയാളികളെ കാണാന്‍ എത്തുന്നത്.

ദേ ഇതാണ് തൊപ്പി വെച്ച മാവേലി


ചിത്രങ്ങള്‍ : മാവേലി,മഹാബലി, maveli, mahabali എന്നിങ്ങനെ സേര്‍ച്ച് ചെയത്പ്പോള്‍ കിട്ടിയത്. അവസാന പടത്തിന്റെ തലയില്‍ ഒരു തൊപ്പി ഒട്ടിച്ച് വയ്ക്കൂക എന്നുള്ളതേ ഞാന്‍ ചെയ്തിട്ടൂള്ളൂ

Sunday, July 17, 2011

അഭിമുഖം : ഫാദര്‍ യൂദാ ചാമ്പത്തറ

(ഈ അഭിമുഖവും അഭിമുഖത്തിലുള്ളവരും സാങ്കല്പികം ആണ്. ആളുകള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരോടെങ്കിലും സാമ്യം തോന്നുന്നുണ്ടങ്കില്‍ അതൊരു തോന്നല്‍ മാത്രമാണ്)
ഇന്റ‌ര്‍ പള്ളി യൂണിയന്‍ ട്രഷറര്‍ ഫാദര്‍ യൂദാ ചാമ്പത്തറയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

നമസ്ക്കാരം ഫാദര്‍. ഫാദറിനെ ഈ അഭിമുഖത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
ആ സ്വാഗതം ഞാന്‍ വരവു വെച്ചിരിക്കുന്നു. എന്നോട് കര്‍ത്താവിന് നിരക്കാത്തതൊന്നും ചോദിക്കരുതെന്ന് ഞാന്‍ ആദ്യം തന്നെ ആവിശ്യപ്പെടുകയാണ്.

അങ്ങ് ഇന്റ‌ര്‍ പള്ളി യൂണിയന്‍ ട്രഷറര്‍ ആണല്ലോ.. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര്.
അതായത് ഈ യൂണിയന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് അറിയാമല്ലോ.. ഈ യൂണിയന്‍ എന്ന് പേര് കേട്ടാല്‍ ഒരുമാതിരി പെട്ടവരോക്കെ നമ്മളൊടൊന്നും ചോദിക്കാതെ നമ്മള്‍ പറയുന്നത് കേട്ട് നമ്മള്‍ ചോദിക്കുന്നത് തന്നിട്ടങ്ങ് പൊയ്‌ക്കോളും. അതുമാത്രവുമല്ല ഇപ്പോള്‍ ഞങ്ങള്‍ അച്ചന്മാര്‍ക്കും ബിഷപ്പുമാര്‍ക്കും അത്ര നല്ല സമയം അല്ലന്ന് അറിയാമല്ലോ.. കുഞ്ഞാടുകളൊക്കെ കന്നം തിരിവ് കാണിച്ചു തുടങ്ങി. പണ്ട് ഞങ്ങളൊന്നു വായിക്കും കുഞ്ഞാടുകള്‍ അതുകേട്ട് അനുസരിക്കുമായിരുന്നി. ഇപ്പോള്‍ അതൊക്കേ മാറി. ഞങ്ങളൊരു ഇടയ ലേഖനം ഇറക്കിയാല്‍ കുഞ്ഞാടുകള്‍ അതിനെ എതിര്‍ത്ത് രണ്ട് പത്ര പ്രസ്താവന ഇറക്കും. ഈ യൂണിയന്‍ എന്ന് പേരെങ്കിലും കേട്ടാന്‍ അവന്മാര്‍ അടങ്ങിക്കോളും എന്ന് ഞങ്ങള്‍ കരുതി, മാത്രവുമല്ല ഞങ്ങളുടെ അവകാശം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കും ഒരു യൂണിയന്‍ ഒക്കെ ആവിശ്യമാണല്ലോ.

അപ്പോ ഒരു പക്ക യൂണിയന്‍ സെറ്റപ്പാണോ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.
പിന്നല്ലാതെ. ഇപ്പോള്‍ തന്നെ ഞങ്ങള്‍ കൂദാശകള്‍ അനുഷ്ഠിക്കുന്നതിന് വാങ്ങുന്നത് കൈക്കൂലി ആണന്ന് ചില കമ്യൂണിസ്റ്റുകാര്‍ പറയുന്നുണ്ട്. നമ്മളൊരു യൂണിയന്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇനി കൈക്കൂലിയുടെ പ്രശ്നം ഇല്ലല്ലോ. യൂണിയന്‍ വാങ്ങുന്ന കാശ് കൈക്കൂലി ആണന്ന് ഈ നാട്ടില്‍ ആരും പറയത്തില്ല. മാത്രവുമല്ല നമ്മളിപ്പോള്‍ ഒരിടത്ത് ഒരു പരിപാടിക്ക് വിളിച്ചിട്ട് ചെല്ലാന്‍ പറ്റിയില്ലങ്കിലും പിന്നീട് ചെല്ലുമ്പോള്‍ കിട്ടാനുള്ളത് കിട്ടും.

ഒരു നോക്കു കൂലി സെറ്റപ്പ്.
ആര്‍ക്കും എന്തും കരുതാം.

ഇപ്പോള്‍ പള്ളി യൂണിയനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ചാണല്ലോ. പൊയ്‌ക്കോണം കോളേജില്‍ ഇപ്പോള്‍ അഡ്‌മിഷനു വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയന്നുള്ള പരാതിയൊക്കെ ഉയര്‍ന്ന സാഹചര്യത്തില്‍ കച്ചവടത്തെക്കുറിച്ച് എന്താണ് അഭിപ്രായം.
ആ പൊയ്‌ക്കോണം കോളേജുകാര്‍ ഭയങ്കര മണ്ടന്മാരാണന്നേ.. അവന്മാര്‍ ഞങ്ങളുടെ യൂണിയനില്‍ ചേരാതെ വേറെ കുറേ പേരുടെ കൂടെ കൂടിയതിന്റെ ശിക്ഷയാ കിട്ടിയത്. കര്‍ത്താവ് തന്നെ പറഞ്ഞത് . വിശ്വാസം ഉണ്ടങ്കില്‍ ഈ മലയോട് ഇവിടെ നിന്ന് മാറി ദൂറെക്ക് പോകാന്‍ പറഞ്ഞാല്‍ ദൂരേക്ക് പോകുമെന്നാ. അങ്ങനെ വിശ്വസിക്കുന്ന ഞങ്ങളെ വിശ്വസിക്കാതെ അവരുടെ കൂടെ പോയില്ലേ.. എന്നിട്ടെന്തായി അവസാനം. പൊയ്‌ക്കോണം കാരുതമ്മില്‍ തല്ലായി. കാശ് കിട്ടാ‍ത്തവന്മാര്‍ കിട്ടിയവന്മാര്‍ക്കിട്ട് പാര വെച്ചു. കാശ് കിട്ടിയവന്മാര്‍ കിട്ടാത്തവന്മാര്‍ക്കിട്ട് കൈയ്യും വെച്ചു. കാശ് കിട്ടാത്തവന്മാരുടെ വാക്കുകേട്ട്  ഉണ്ണാന്‍ ചെന്ന ആഫ്രിക്കന്‍ നെറ്റുകാര്‍ക്കിട്ട് കാശ് കിട്ടിയവന്മാര്‍ കൈയ്യിലുള്ളത് കൊടുക്കുകയും ചെയ്തു.

താങ്കള്‍ പറഞ്ഞല്ലോ വിശ്വാസം ഉണ്ടങ്കില്‍ മലയോട് ദൂരേക്ക് പോകാന്‍ പറഞ്ഞാല്‍ പോകുമെന്ന്.. ശരിക്കും അങ്ങനെ പോകുമോ?
ഹഹഹഹഹ്.. പിന്നില്ലാതെ. ഇങ്ങനെ ദൂരേക്ക് ദൂരേക്ക് പറഞ്ഞു വിട്ടല്ലേ ഞങ്ങള്‍ ഇത്രയും നാള്‍ മെഡിക്കല്‍ കോളേജൊക്കെ നടത്തിയത്.

ആരെയാണ് ദൂരേക്ക് പറഞ്ഞ് വിട്ടത്. ഏജന്റുമാരെയാണോ.
അല്ലന്നേ. സര്‍ക്കാരിനെ ആണ് ഞങ്ങള്‍ ഇങ്ങനെ ദൂരേക്ക് ദൂരേക്ക് പറഞ്ഞ് വിട്ടത്. പണ്ട് ഒരു പുണ്യാളന്‍ ഏതാണ്ട് രണ്ട് സമം ഏതാണ്ട് ഒന്നു പറഞ്ഞ് വന്നു. ആ പുണ്യാളനെ ഞങ്ങള്‍ ആദ്യം ദൂരേക്ക് പറഞ്ഞു വിട്ടു. കണ്ടില്ലേ ഇപ്പോള്‍ അങ്ങ് ദൂരയാ. പിന്നെ വേറെ കുറെ ആള്‍ക്കാര്‍ വന്നു. അവരേയും ഞങ്ങള്‍ പറഞ്ഞു വിട്ടു. വേറെ കുറേ ആള്‍ക്കാര്‍ വന്നു. അവരെ ഞങ്ങള്‍ ഭരണത്തില്‍ നിന്ന് പറഞ്ഞു വിട്ടു. എല്ലാ വര്‍ഷവും സര്‍ക്കാരെന്ന് പറയുന്ന സാത്താന്‍ ഞങ്ങളേ പരീക്ഷിക്കാനായി സാശ്രയ നിയമം എന്നൊക്കെ പറഞ്ഞ് വരും. എല്ലാ വര്‍ഷവും ഈ സാത്താന്‍ വരുന്നത് ജൂണ്‍ ജൂലൈ മാസത്തിലാ. ഓഗസ്റ്റാകുമ്പോഴേക്കും കര്‍ത്താവിനുള്ളത് കര്‍ത്താവിനും സീസര്‍ക്കുള്ളത് സീസര്‍ക്കും കൊടുത്ത് ഓഗസ്റ്റ് ആകുമ്പോഴേക്കും ഞങ്ങളാ സാത്താനെ ദൂരേക്ക് പറഞ്ഞ് വിടും. വീണ്ടും അടുത്ത ജൂണ്‍ ആകുമ്പോഴേ അവര്‍ തിരിച്ചു വരൂ.. വീണ്ടൂം അവരെ ഞങ്ങള്‍ പറഞ്ഞു വിടൂം. ഇതെല്ലാം നടക്കുന്നത് ഞങ്ങളുടെ വിശ്വാസം കൊണ്ടാ. വിശ്വാസം അതല്ലേ എല്ലാം !!!!  മല പോലെ വരുന്ന സര്‍ക്കാര്‍ എലിപോലെ അല്ലേ തിരിച്ചു പോകുന്നത്

നിങ്ങള്‍ക്ക് സാമൂഹ്യനീതി നടപ്പാക്കാന്‍ ബാധ്യത ഇല്ലേ?
ഉണ്ട് .. എന്ന് കരുതി നാട്ടാരുടെ ബാധ്യത ഞങ്ങള്‍ ഏറ്റെടുക്കണോ? ഞങ്ങളെപ്പോലെ സാമൂഹിക നീതി നടപ്പാക്കുന്ന വേറെ ആരുണ്ട് ഈ സ്വാശ്രയ കച്ചവടത്തില്‍. ഏറ്റവും കൂടുതല്‍ കാശ് തരുന്നവന് ആദ്യം സീറ്റ് കൊടുക്കും. നൂറ് തരുന്നവനോടും പത്ത് തരുന്നവനോടും നമുക്ക് ഒരേ പോലെ പെരുമാറാന്‍ പറ്റുമോ? പത്ത് തരുന്നവനെ നൂറ് തരുന്നവന്റെ കൂടെ ഇരുത്താന്‍ പറ്റുമോ? പത്ത് തരുന്നവനെ നൂറ് തരുന്നവന്റെ കൂടെ ഇരുത്തുന്നതല്ല സാമൂഹിക നീതി. പത്ത് തരുന്നവനെ പത്തിന്റെ സ്ഥാനത്തും നൂറ് തരുന്നവനെ നൂറിന്റെ സ്ഥാനത്ത് ഇരുത്തുന്നതും ആണ് സാമൂഹിക നീതി. അല്ലാതെ പത്തു തരുന്നവനെ നൂറിന്റെ സീറ്റിലും നൂറ് തരുന്നവനെ പത്തിന്റെ സീറ്റിലും ഇരുത്തുന്നതല്ലെ സാമൂഹിക നീതി.

ഇടനിലക്കാരെ വെച്ച് കോളേജിലേക്ക് ആളെ പിടിക്കുന്നത് ശരിയാണൊ?
ഞങ്ങള്‍ കര്‍ത്താവ് പറയുന്നത് അനുസരിച്ച് ജീവിക്കുന്നവരാ. കര്‍ത്താവ് തന്നയാ പറഞ്ഞത് . എന്റെ പിന്നാലെ വരുവീന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവര്‍ ആക്കാമെന്ന്. ഞങ്ങള്‍ എങ്ങനാ ആള്‍ക്കാരെ പിടിക്കാന്‍ പോകുന്നതെന്ന് കരുതിയാ പിള്ളാരെ പിടിക്കാന്‍ ആള്‍ക്കാരെ വിട്ടിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് ഞങ്ങള്‍ കാശും കൊടുക്കുന്നുണ്ട്. കര്‍ത്താവ് പിന്നേം പറഞ്ഞിട്ടുണ്ട്. കലപ്പയ്ക്ക് കൈ വെച്ചിട്ട് തിരിഞ്ഞു നോക്കരുതെന്ന്. ഏതായാലും ഞങ്ങള്‍ കോളേജ് തുടങ്ങി. ഇനി തിരിഞ്ഞു നോക്കുന്ന പ്രശ്നം ഇല്ല.

നിങ്ങള്‍ ആത്മീയ കാര്യങ്ങള്‍ നോക്കാതെ കച്ചവടം നടത്തുവാണന്ന് പലര്‍ക്കും പരാതി ഉണ്ടല്ലോ?
പരാതി എല്ലാവരും പറയും. അതില്‍ കാര്യമാക്കേണ്ടതില്ല. ഏതായാലും കുഞ്ഞാടുകളുടെ ഒരു ആത്മീയ കാര്യത്തിനും ഒരു മുടക്കവും വന്നിട്ടില്ല. ഉദാഹരണത്തിന് ആ കിഴക്കേപറമ്പിലെ മത്തായി മാപ്പിള മരിച്ചു. അവരെന്നോട് പറഞ്ഞ് ശനിയാഴച ശവം അടക്കണമെന്ന്. ശനിയാഴ്ച എനിക്ക് കോളെജില്‍ മീറ്റിംങ്ങ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞു ശവമടക്ക് ശനിയാഴ്ച ഒക്കില്ല ഞായറാഴ്ച നടത്താമന്ന്. ആ വറീതിന്റെ മോന്റെ കല്യാണം തിങ്കളാഴ്ച നടത്തണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. തിങ്കളാഴ്ച എല്‍‌കെ‌ജി പിള്ളാരുടെ ഇന്റ്‌ര്‍‌വ്യൂ വെച്ച്രുന്ന ദിവസമാ. അതുകൊണ്ട് ആ കല്യാണം ഞായറാഴ്ച ആക്കി. നമ്മളു തന്നെ എല്ലാം നടത്തണമെന്നാ കര്‍ത്താവിന്റെ വിധി. 

(ആത്മഗതം) : അങ്ങയെപ്പോലെയുള്ളവരെ സഹിക്കണമെന്നുള്ളത് ഞങ്ങളുടെ വിധിയും.
നിങ്ങളുടെ യൂണിയനില്‍ പെട്ട കോളേജുകളില്‍ പ്രവേശനത്തിന് കൈക്കൂലി വാങ്ങുന്നുണ്ടോ?
അതൊക്കെ പാപമാണ്. ഇനി ആരെങ്കിലും സംഭാവനയായിട്ട് ഇരുപതോ മുപ്പതോ അമ്പതോ ലക്ഷം തന്നാല്‍ ഞങ്ങളത് വേണ്ടാന്ന് പറയുകയും ഇല്ല. ആരുടേയും മനസ് വേദനിപ്പിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല.

നിങ്ങളുടെ സഭയിലെ പിള്ളാര്‍ സഭാ സ്കൂളില്‍ തന്നെ പഠിക്കണമെന്നുള്ള ഇടയ ലേഖനത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?
അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്. ഏതായാലും ഞങ്ങള്‍ ഇഷ്ടം പോലെ സ്കൂളും കോളേജും ഉണ്ടാക്കി ഇട്ടിട്ടൂണ്ട്. പിള്‍ലാരെ പ്ലേ സ്കൂളില്‍ ചേര്‍ത്ത് കഴിഞ്ഞിട്ട് വര്‍ഷാവര്‍ഷാദ്യം കാശ് എത്തിച്ചാല്‍ പിള്ളാരെ എന്‍‌ഞ്ചിനീയറോ ഡോക്‍ടറോ ഒക്കെ ആക്കി ഇരുപതുവര്‍ഷം കഴിഞ്ഞ് ഇറക്കി വിടും. മാതാപിതാക്കള്‍ ഒന്നും അറിയേണ്ട കാര്യമേ ഇല്ല. നമ്മള്‍ ഈ കണ്ട സ്ഥാപനങ്ങള്‍ ഓകെ ഉണ്ടാക്കിയിട്ടിട്ട് ഈ യൂണിയനില്‍ പെട്ട പിള്ളാര് വേറെ എവിടെങ്കിലും ഒക്കെ പോയി പടിച്ചാല്‍ നഷ്ടം ആര്‍ക്കാ? ഞങ്ങള്‍ക്ക് തന്നെ.. നമുക്ക് കിട്ടാനുള്ള കാശ് എന്തിനാ വേറെ ആര്‍ക്കെങ്കിലും ഒക്കെ കൊണ്ടു പോയി കൊടുക്കുന്നത്?

ഇങ്ങനെ കാശ് വാങ്ങി അഡ്‌മിഷന്‍ വാങ്ങി പഠിച്ചിറക്കുന്നവര്‍ക്ക് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടാവുമോ?
ഏതായാലും വാങ്ങുന്ന കാശിന് ഞങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടാവും.. തല്ലി പഠിപ്പിച്ചാണങ്കിലും ഞങ്ങള്‍ അവരെ എല്ലാം കോളെജിന് പുറത്തിറക്കിയിരിക്കും. പിന്നെ അവര്‍ തീരുമാനിക്കും ആരോടാ പ്രതിബദ്ധത വേണ്ടതെന്ന്.. കാശ് മുടക്കിയ വീട്ടുകാരോടോ മരുന്നു കമ്പ്നിക്കാരോടോ ശവപ്പെട്ടിക്കടക്കാരനോടോ മൊബൈല്‍ മോര്‍ച്ചറിക്കാരനോടോ ഒക്കെ അവര്‍ക്ക് പ്രതിബദ്ധത ഉണ്ടാവും. ഇവരൊക്കയും സമൂഹത്തില്‍ പെട്ടവരാണല്ലോ. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങളുടെ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാവും. ഞങ്ങളുടേത് ഒരു മിഷന്‍ പ്രവര്‍ത്തനമാണ്.

ഇപ്പോള്‍ യൂണിയനില്‍ പെട്ടവര്‍ നടത്തുന്നത് മിഷന്‍ പ്രവര്‍ത്തനം ആണോ?
മിഷനെക്കാള്‍ വലുത് വിഷനാണ്. വിഷന്‍ 2020 എന്ന ഒരു പദ്ധതി തന്നെ ഞങ്ങള്‍ക്കുണ്ട്. 2020 ആകുമ്പോഴേക്കും കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു മെഡിക്കല്‍ / എന്‍‌ഞ്ചനീയറിംഗ് കോളേജുകള്‍ സ്ഥാപിച്ച് കുട്ടികള്‍ക്ക് തങ്ങളുടെ പഞ്ചായത്തുകളില്‍ തന്നെ തുടര്‍ പഠനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ് ഞങ്ങളുടെ വിഷന്‍. പിന്നെ ഇതിനിടയ്ക്ക് എപ്പോഴെങ്കിലും സമയം കിട്ടുവാണങ്കില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്യും. പിന്നെ സെന്‍‌ട്രലൈസഡ് ത്രി സ്റ്റാര്‍ വൃദ്ധസദനം ഞങ്ങളുടെ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ ആരംഭിക്കുന്നുണ്ട്. മാസം പതിനഞ്ചായിരം രൂപ മാത്രമേ ഞങ്ങള്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

ഈ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള മുടക്കു മുതലൊക്കെ എവിടെ നിന്നാണ്..
അതൊക്കെ ഞങ്ങളുടെ കുഞ്ഞാടുകള്‍ സംഭാവനായിട്ട് തരുന്നതാ.. ദൈവത്തിനുള്ളത് ദൈവത്തിനായി അവര്‍ നല്‍കുന്നു.

എന്നിട്ട് വിശ്വാസികളായ കുഞ്ഞാടുകളെ ആരേയും സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ..
ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യണമെന്നാണല്ലോ പ്രമാണം. അതുകൊണ്ട് കുഞ്ഞാടുകള്‍ സംഭാവനകള്‍ നല്‍കുക എന്ന കര്‍മ്മം മാത്രം തത്ക്കാലം ചെയ്താല്‍ മതി. സ്കൂളും കോളേജും ഒക്കെ നടത്താന്‍ എന്നെപ്പോലുള്ളവര്‍ ഇവിടെയുണ്ട്. പിന്നെ ഈ കുഞ്ഞാടുകളെ ഇതിനകത്തേക്ക് വലിച്ചു കയറ്റിയാല്‍ തൊന്തരവാണ്. പൊയ്‌ക്കോണംക്കാര്‍ക്ക് പറ്റിയത് അതാ. കുഞ്ഞാടുകളേ പിടിച്ച് ആശുപത്രി ഭരണത്തില്‍ കയറ്റി. ഒരുത്തന്‍ കാശടിച്ചു മാറ്റുന്നത് വേറെ ഒരുത്തന് ഇഷ്‌ടപ്പെട്ടില്ല. ഇഷ്ടപ്പെടാത്തവന്‍ ലിസ്റ്റ് ചോര്‍ത്തി ചാനലുകാര്‍ക്ക് കൊടുത്തു. എന്നിട്ടടിയായി. അവസാനം കാശുമില്ല ലിസ്റ്റുമില്ല സീറ്റും ഇല്ല. അതുപോലെ സംഭവിക്കാതിരിക്കാനാണ് ഞങ്ങളുടെ യൂണിയനിലെ കോളേജ് ഭരിക്കാന്‍ ഞങ്ങളെപ്പോലുള്ളവര്‍ മതി എന്ന് തീരുമാനിച്ചത്.

ഇനി മുതല്‍ മെഡിക്കല്‍ കോളേജുകളും ഗവണമെന്റ് കോളേജുകളും സര്‍ക്കാര്‍ തന്നെ നടത്തിയാല്‍ മതി എന്ന് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുന്നു എന്ന് കരുതുക. എന്തായിരിക്കും പ്രതികരണം.
സര്‍ക്കാര്‍ എന്തിന് അങ്ങനെ ചെയ്യണം. അതൊക്കെ ചെയ്യാന്‍ ഞങ്ങളെപ്പോലുള്ള സമുദായക്കാര്‍ ഇല്ലേ? സര്‍ക്കാരിന് കോളേജുകള്‍ തുടങ്ങാന്‍ ഉപയോഗിക്കുന്ന പണം പാവങ്ങള്‍ക്ക് വേണ്ടി വിതരണം ചെയ്തു കൂടേ.. ഇവിടെ എത്രയോ ആളുകള്‍ വീടും ഭക്ഷണവും ഇല്ലാതെ നരകിക്കുന്നു. അവര്‍ക്ക സഹായം ചെയ്തു കൂടേ സര്‍ക്കാരിന്.

നിങ്ങള്‍ക്കും അങ്ങനെ ചെയ്തു കൂടേ..
സര്‍ക്കാര്‍ പണം തന്നാല്‍ അത് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമേയുള്ളൂ..

താങ്കള്‍ യോഹന്നാന്റെ സുവിശേഷം 12 ആം അദ്ധ്യായം വായിച്ചിട്ടൂണ്ടോ... അതില്‍ താങ്കളെപോലുള്ളവരെക്കുറിച്ച് പറയുന്നുണ്ട്..
ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. ബൈബിള്‍ അനുസരിച്ച് ജീവിക്കുന്നവരാ ഞങ്ങളെന്ന്. അതുകൊണ്ട് ബൈബിളില്‍ എഴുതിയിരിക്കുന്നത് പലതും ഞങ്ങളെക്കുറിച്ചാണന്ന് തോന്നും. എന്താണ് യോഹന്നാന്റെ സുവിശെഷം 12 ആം അദ്ധ്യായത്തില്‍ ഞങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.?

യോഹന്നാന്റെ സുവിശേഷം 12ന്റെ 6 ല്‍ പറയുന്നുണ്ട്. “ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആക കൊണ്ടും പണസഞ്ചി തന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടൂത്തു വന്നതുകൊണ്ടും അത്രേ പറഞ്ഞതു.“
നമ്മളെ വിളിച്ചു വരുത്തി കളിയാക്കുന്നോ?

നിങ്ങള്‍ എല്ലാവരും കൂടി മലയാളികളെ ഇട്ട് കളിയാക്കുന്നതിന് ഒരു കുഴപ്പവും ഇല്ലിയോ...?
താന്‍ നോക്കിക്കോ അടുത്ത മെത്രാന്‍ യോഗത്തില്‍ യോഹന്നാന്റെ 12 ആം അദ്ധ്യായം ബൈബിളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം എടുക്കും. തന്നെ പോലുള്ളവരെ അങ്ങനെ ഒരു പാഠം പഠിപ്പിക്കും.