Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, October 17, 2015

BSNL വീണ്ടൂം ചതിച്ചാശാനേ......

മൊബൈൽ സേവനദാതാക്കൾ പലതരത്തിലാണ് തങ്ങളുടെ ഉപഭോക്താക്കളെ പറ്റിക്കുന്നത്. ജനങ്ങളെ പറ്റിക്കുന്നതിന് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരെന്നോ പൊതുമേഖലാ കമ്പനിയെന്നോ ഉള്ള വെത്യാസം ഒന്നും ഇല്ല. രണ്ടു കൂട്ടരും ജനങ്ങളെ പറ്റിക്കൂന്നതിൽ മിടുക്കന്മാരാണ്. എന്നെ കൂടൂതൽ പറ്റിച്ചിട്ടൂള്ളത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍. ആണ്. ( ബി.എസ്.എന്‍.എല്ലും ഐഡിയായും ആണ് കേരളത്തിൽ ഉപയോഗിക്കൂന്നതെങ്കിലും ഐഡിയാ ഇതുവരെ പറ്റിച്ചിട്ടില്ല)

കഴിഞ്ഞ ബുധനാഴ്ച ദിവസം (14-10-2015) വൈകിട്ട് ഒരു മെസേജ്. മെസേജ് വായിച്ച് ഞാൻ ഞെട്ടി. എന്റെ എട്ടൂ രൂപ പോയിരിക്കുന്നു. എട്ടു രൂപ പോയി എന്നതിനെക്കാൾ മിസ്ഡ് കോൾ അടിക്കാനുള്ള 'മിനിമം ബാലൻസ്' പോയി എന്നത് കൂടുതൽ സങ്കടമായി. (STV VOICE 135 ഉപയോഗിക്കുന്നതുകൊണ്ട് മിസ്ഡ് കോൾ അടിക്കാനുള്ള 'മിനിമം ബാലൻസേ ഉണ്ടാവൂ). 

സർവീസ് റിപ്ലേയ്ക്ക് പിന്നാലെ അടുത്ത മെസേജും എത്തി. അതും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള മെസേജ്. 


എന്റെ അനുവാദം ഇല്ലാതെ എന്റെ എട്ടൂ രൂപ കൊൻടൂപോയിട്ടാണ് എനിക്ക് നന്ദി. ഞാനൊന്നും സബ്സ്ക്രൈബ് ചെയ്തിട്ടല്ലന്ന് എനിക്കുറപ്പാണ്. രാവിലെ ഒരു കോൾ വന്ന് എടുത്തതിനുശേഷം ഫോൺ പിന്നെ ഉപയോഗിച്ചിട്ടീല്ല. അതിലേക്ക് ഒരു കോളും മെസേജും വന്നിട്ടൂമില്ല. പിന്നെങ്ങനെ എട്ടൂ രൂപ കൊടുത്ത് Bollywood Tadka ഞാൻ സബ്സ്ക്രൈബ് ചെയ്യും?? 155223 ലേക്ക് തന്നെ വിളിച്ചു. അത്ഭുതം പോലെ രണ്ടാമത്തെ ശ്രമത്തിൽ 155223 ൽ ആളെ കിട്ടി. "ചേട്ടാ എന്റെ എട്ടൂ രൂപ നിങ്ങളു കൊൻടുപോയി എനിക്ക് Bollywood Tadka തന്നു" എന്നു പറഞ്ഞ് സങ്കടം ഉണർത്തിച്ചു. ഒന്നു ഹോൾഡു ചെയ്യൂ ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ആ ചേട്ടൻ എന്നെ ഫോണിന്റെ ഇങ്ങേ തലയ്ക്കൽ നിർത്തിച്ചു. രൻടു മിനിട്ട് നേരം ആ ചേട്ടനെ നോക്കി ഞാൻ ഫോൺ പിടിച്ചിരുന്നു. അവസാനം ചേട്ടൻ ഉത്തരം കൊൻട് വരാതെ ഫോൺ കട്ടായി.  പോയ എട്ടു രൂപ എന്റെ ആയതുകൊൻട് ഞാൻ വീണ്ടൂം 155223 ലേക്ക് വിളിച്ചു. ഒരു ചേട്ടൻ ഫോൺ എടൂത്തു. വീണ്ടും സങ്ക്ടം ഉണർത്തിച്ചു.
"എട്ടൂരൂപ.... Bollywood Tadka ...."

ഒരു മിനിട്ട് സമയത്തിനകം ചേട്ടൻ ഉത്തരവുമായി വന്നു.

ഞാൻ Bollywood Tadka പായ്ക്ക് സബ്സ്ക്രൈബ് ചെയ്തന്ന്.

 Bollywood Tadka പായ്ക്കിന് ആവശ്യപ്പെട്ടില്ലന്ന് ഞാൻ.

അല്ല.. നിങ്ങൾ തന്നെയാണ് സബ്സ്ക്രൈബ് ചെയ്തതന്ന് ചേട്ടൻ.

എനിക്കിന്ന് ഒരു മെസേജോ കോളോ ഇതിനായി വന്നിട്ടീല്ലന്ന് ഞാൻ.

പുഷ് മെസേജ്(ഇതെന്താണന്ന് എനിക്ക് മനസിലായില്ല) വന്നിട്ടൂണ്ടന്നും ഞാനതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താലേ ഇത് ആക്റ്റീവ് ആകത്തുള്ളന്നും ആ ചേട്ടൻ.

ഞാനും ആ ചേട്ടനും പറഞ്ഞതു തന്നെ വീണ്ടൂം പറഞ്ഞു കൊണ്ടിരുന്നു. Bollywood Tadka പായ്ക്ക് സബ്സ്ക്രൈബ് ചെയ്തിട്ടല്ലന്ന് ഞാൻ. ചെയ്തന്ന് ചേട്ടൻ. 

എനിക്കെന്റെ എട്ടു രൂപ തിരിച്ചു തരാമോ എന്ന് ഞാൻ ചോദിച്ചു.

തരില്ല.. തരാൻ പറ്റില്ല... തരാൻ വകുപ്പില്ലന്ന് ചേട്ടൻ.

എങ്കിൽ കൺസ്യൂമർ കോർട്ടിൽ കാണാമെന്ന് ഞാൻ.

ഒന്നു പോടാപ്പ.... ഇതുപോലെ ദിവസം എത്രയെണ്ണം കാണുന്നു എന്നുള്ള ലൈനിൽ ചേട്ടൻ നിശബ്ദ്ദത പാലിച്ചു.

അവസാനം സന്ധി ചെയ്യാൻ ചേട്ടൻ തയ്യാറായി.

എട്ടു രൂപയൊന്നും തരാൻ പറ്റില്ല. വേണമെങ്കിൽ ഈ പായ്ക്ക് ഡിആക്റ്റിവേറ്റ് ആക്കി തരാമെന്ന്.

പരാജയം സമ്മതിച്ച് ഞാനതിനു തയ്യാറായി.

ചേട്ടനും സന്തോഷം.

ബി.എസ്.എന്‍.എല്‍. സേവനം ഉപയോഗിച്ചതിന് നന്ദി രേഖപ്പെടൂത്തി ചേട്ടൻ ഫോൺ വെച്ചു. (മനുഷ്യനെ പറ്റിക്കുന്നതാണോടാ സേവനം എന്ന് ചോദിക്കണമെന്നുൻടായിരുന്നെങ്കിലും ഞാൻ ചോദിച്ചില)

മിനിട്ടൂകൾക്കകം അടുത്ത മെസേജ് വന്നു.


*************8*******
ഇതെന്റെ ആദ്യ അനുഭവം അല്ല. മുമ്പും ഇങ്ങനെ വിളിച്ച്  'ബി.എസ്.എന്‍.എല്‍. സേവനം' ഡിആക്റ്റിവേറ്റ് ചെയ്യിക്കേണ്ടീ വന്നിട്ടൂണ്ട്. 

ഇങ്ങനെ ഉപഭോക്താക്കളെ പറ്റിച്ചിട്ടൂം ബി.എസ്.എന്‍.എല്‍. നഷ്ടത്തിലവുന്നതെങ്ങനെയാ?

വെറുതെയല്ലടോ ബി.എസ്.എന്‍.എല്‍. നഷ്ടത്തിലാവുന്നത്. ഉപഭോക്താക്കളുടെ ശാപം കൊണ്ടാ !!!! :)

Thursday, November 17, 2011

പരുമലപള്ളി ബ്ലോഗുകാരന്റെ *#@@%!$* പോസ്റ്റുകൾ

ഇന്നലെ ചില ബ്ലോഗ് പോസ്റ്റുകൾ നോക്കി നടക്കുമ്പോഴാണ് പരുമലപള്ളി.ബ്ലോഗ്സ്പോട്ട്. കോം എന്ന ബ്ലോഗ് കണ്ടത്. 

ബ്ലോഗിലെ ഒന്നു രണ്ട് പോസ്റ്റുകൾ വായിച്ചു കഴിഞ്ഞപ്പോഴേ ആ ബ്ലോഗ് ആര്, എന്തിനുവേണ്ടി ഉണ്ടാക്കിയിരിക്കൂന്നതെന്ന് മനസിലായി. ബ്ലോഗ് വായിച്ചുതുടന്ങിയപ്പോഴേ ആ ബ്ലോഗിന്റെ ഉദ്ദേശം മനസിലായി. ഓർത്തഡോക്സ് വിഭാഗത്തിലെ ബിഷപ്പുമാരെ കളിയാക്കാനും മറ്റുമാണ് ആ ബ്ലോഗിലെ ഒട്ടുമിക്ക പോസ്റ്റുകളും പോസ്റ്റ് ചെയ്തിരിക്കൂന്നത്. പത്ത് പതിനഞ്ച് ബ്ലോഗ് പോസ്റ്റുകൾ വായിച്ച് വായന നിർത്തി.

സ്വന്തം ആശയന്ങൾ മറ്റുള്ളവരിൽ എത്തിക്കാനും ആശയപരമായി മറ്റുള്ളവരുടെ ആശയന്ങളെ എതിർക്കാനും ബ്ലോഗ് ഉപയോഗിക്കൂന്നതിൽ തെറ്റില്ല. പക്ഷേ ഒരു സമുദായ വിഭാഗത്തെ താഴ്ത്തിക്കാണിക്കാനും അവർക്കെതിരെ അസഭ്യഭാഷ ഉപയോഗിക്കാനും വേണ്ടിമാത്രം ഒരു ബ്ലോഗ് നിലനിർത്തിപ്പോരുക എന്ന് പറയുന്നത് ബ്ലോഗ് എന്ന മാധ്യമത്തോട് തന്നെ ചെയ്യുന്ന അനീതിയാണ്. ആ ബ്ലോഗിലെ ആശയത്തയോ പരാമർശിക്കുന്ന കേസുകളെയോ സഭാതർക്കത്തയോ സഭാകേസിനയോ ഞാൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. പക്ഷേ ബോധപൂർവ്വം ചെയ്യുന്ന അപകീർത്തികരവും ദോഷകരവുമായ ചില പോസ്റ്റുകളെ ചൂണ്ടികാണിക്കുകയേ ചെയ്യുന്നുള്ളൂ.(ഞാനീ ബ്ലോഗിലെ ഇരുപതോളം പോസ്റ്റുകള് മാത്രമേ നോക്കിയിട്ടുള്ളൂ)

ഒന്ന്

നവംബർ 9 ആം തീയതിയിലെ ഒരു ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ട് ഇന്ങനെയാണ്. 'ഓർത്തഡോക്സുകാർ അച്ചന്മാരുടെ കൈ മുത്താൻ ചെല്ലുന്ന സഹോദരന്ങൾ സൂക്ഷിക്കുക'. ഈ തലക്കെട്ടിനു താഴെ ഒരു ഫോട്ടോയും ഫോട്ടോയെക്കുറിച്ചുള്ള സൂചകവും ഉണ്ട്. ' മൊബൈൽ ഒളിക്യാമറയിൽ പതിഞ്ഞ ഫോട്ടോകൾ എന്നതിൽ ഉണ്ട്.(ചിത്രത്തെക്കുറിച്ച് പരുമലപള്ളി ബ്ലോഗുകാരൻ പറയുന്ന അറിവേ എനിക്കുള്ളൂ) മൊബൈൽ ജ്വരം ബാധിച്ച ഒരു തലമുറയുടെ പ്രതിനിധിയായി ഒളിഞ്ഞുനോട്ടം എന്ന മാനസിക രോഗം ബാധിച്ച ഒരുത്തനാണ് 'പരുമലപള്ളി' ബ്ലോഗ് കൊണ്ടൂ നടക്കുന്നത് എന്നാണ്  എനിക്കിതിൽ നിന്ന് മനസിലായത്. ചെണ്ടകൊട്ടൂന്നതും പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്നതും ഒളിക്യാമറയിൽ പകർത്താൻ തക്കവണ്ണം ഉള്ള എന്തെങ്കിലും ആണോ?? രഹസ്യമായി ചെണ്ടകൊട്ടി തകർത്താടി എന്നൊക്കെ പറയുന്നതിനു മുമ്പ് തലച്ചോർ ഒന്ന് ഉപയോഗിക്കണം. ചെണ്ടകൊട്ടിയാൽ ശബദ്ദം വെളിയിൽ വരും. ശബ്ദ്ദം വെളിയിൽ വന്നാൽ രഹസ്യ്മായിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ???


അന്യന്റെ കിടപ്പറയിലും സ്ത്രികളുടെ കുളിപുരകളിലും ഒളിക്യാമറ വെച്ച് പലതും പകർത്തി, അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി അത് നാലാളെ കാട്ടി സ്വയംവലിയവനായി രസിക്കുന്നവരിൽ പെട്ട ഒരാൾ ആയിരിക്കണം 'പരുമലപള്ളി' ബ്ലോഗിൽ കോപ്പി പേസ്റ്റ് ചെയ്യുന്നത്..ഒളിക്യാമറയൊക്കെവെച്ച് ഇന്ങനെയുള്ള കാര്യന്ങൾ ചെയ്യുന്നത് ശുദ്ധ ചെറ്റത്തരവും തെണ്ടിത്തരവും അല്ലേ??? ചെണ്ട കൊട്ടുകയും പാട്ടുപാടുകയും ഡാൻസ് ചെയ്യുകയും ചെയ്തതുകൊണ്ട് 'ഓർത്തഡോക്സുകാർ അച്ചന്മാരുടെ കൈ മുത്താൻ ചെല്ലുന്ന സഹോദരന്ങൾ സൂക്ഷിക്കുക' എന്ന് പറയുന്ന 'പരുമലപള്ളി' ബ്ലോഗുകാരൻ 2011 ഒക്‌ടോബർ 11 ലെ ഈ മാതൃഭൂമി വാർത്ത വായിച്ചിട്ട് എന്തായിരിക്കൂം പറയുന്നത്???

രണ്ട്

2011 നവംബർ 11 ലെ അട്ടിൽ തോലണിഞ്ഞ ചെന്നായ് എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്തിരിക്കൂന്ന ബ്ലോഗ് പോസ്റ്റാണ് താഴെ കൊടുത്തിരിക്കൂന്നത്. പരസ്പര ബഹുമാനത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇത്. 'ഈ ഫോട്ടോയിൽ കാണൂന്ന കിളവൻ' എന്ന് ഒരു ബിഷപ്പിനെ വിളിക്കുമ്പോൾ  തന്ങളുടെ സഭയിലെ ബിഷപ്പിന് 'ഫോട്ടോയിൽ കാണൂന്ന കിളവനെ'ക്കാൾ പ്രായം ഇല്ലേ എന്ന് 'പരുമലപള്ളി' ബ്ലോഗ്കാരൻ സ്വയം ചിന്തിക്കണമായിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥിതി അനുസരിച്ച് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക എന്നുള്ളത് കുറ്റം കൃത്യം ചെയ്യുക എന്നതുപോലെ തന്നെയുള്ള ഗുരുതരമായ കുറ്റം അല്ലേ?? .'ഇവനേയും കൂട്ടരേയും കണ്ണിൽ കണ്ടാൽ കല്ലെടുത്ത് എറിയൂ ചെറുപ്പക്കാരേ' എന്ന് പറഞ്ഞ് ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ബ്ലോഗ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒരു ക്രൈസ്തവ ആരാധനാലയത്തിന്റെ പേരിൽ, പരിശൂദ്ധ പിതാവേ ഞന്ങൾക്ക്  വേണ്ടി അപേക്ഷിക്കണേ എന്ന് ബ്ലോഗ് തലക്കെട്ടിൽ എഴുതിവെച്ചിട്ടുള്ള ഒരു ബ്ലോഗിലാണ് ഇന്ങനെയുള്ള ആക്രമണത്തിന് ആഹ്വാനം ചെയ്തിരിക്കൂന്നത്!!!! പരിശൂദ്ധ പിതാവേ അന്ങയുടെ ആരാധനാലയത്തിന്റെ പേരിൽ പോക്രിത്തരം എഴുതികൂട്ടുന്നവനും  വേണ്ടി അപേക്ഷിക്കണേ എന്ന് മാത്രമേ നമുക്കും പ്രാർത്ഥിക്കാൻ പറ്റൂ

മൂന്ന്

'പരുമലപള്ളി' ബ്ലോഗ്കാരന്റെ സങ്കുചിതമനസ്ഥിതിയുടേയും സ്ത്രിവിരുദ്ധതയുടെയും ഉദാഹരണമാണ് 'ശോഭനയെ കണ്ടപ്പോൾ മനസിൽ ലഡു പൊട്ടി' എന്നബ്ലോഗ് പോസ്റ്റ്.  സ്ത്രിയെ കാണുമ്പോൾ അവളെ വെറും ഒരു ഉപഭോഗവസ്തുവായി കരുതുന്നവരുടെ കൂട്ടക്കാരുടെ നേതൃത്വം വഹിക്കുന്ന ആളായിരിക്കണം 'പരുമലപള്ളി' ബ്ലോഗുകാരൻ . അതോ സ്ത്രി ഒരിക്കലും നാലാളുടെ മുന്നിൽ നിൽക്കരുത്, അവൾ എപ്പോഴും വീട്ടിൽ തന്നെ കഴിയേണ്ടവളാണ് എന്നൊക്കെയായിരിക്കും ഇപ്പോഴും  'പരുമലപള്ളി' ബ്ലോഗുകാരന്റെ വിശ്വാസം. അയാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ !!!

നാല്
വ്യക്തി അധിക്ഷേപത്തിനപ്പുറം ഈ ബ്ലോഗ് പോസ്റ്റുകൊണ്ട് 'പരുമലപള്ളി' ബ്ലോഗുകാരൻ എന്തെങ്കിലും അർത്ഥമാക്കുന്നുണ്ടന്ന് തോന്നുന്നില്ല.

'പരുമലപള്ളി' ബ്ലോഗുകാരന്റെ നിലപാടുകൾ തന്നെയായിരിക്കൂം ആ സമുദായവിഭാഗത്തിൽ ഉള്ളവർക്ക് എന്ന് എനിക്ക് അഭിപ്രായം ഇല്ല. മറ്റേതെങ്കിലും ഒരു ബ്ലോഗ് ഡൊമൈനിൽ ആയിരുന്നു ഇയാൾ ഇത്തരം പോസ്റ്റുകൾ ഇട്ടിരുന്നത് എങ്കിൽ ഈ പോസ്റ്റുകളെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം ഞാൻ പറയുകയില്ലായിരുന്നു. പക്ഷേ ലക്ഷക്കണക്കിന് ആളുകൾ ആരാധനയ്ക്കായി എത്തുന്ന പരുമലപള്ളിയുടെ പേരിലുള്ള ഒരു ബ്ലോഗ് ഡൊമൈനിൽ ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ പ്രതികരിക്കേണ്ടത് ഒരു ബ്ലോഗർ എന്നനിലയിലും പരുമലപള്ളിയിൽ പോകുന്ന ഒരു വിശ്വാസിഎന്ന് നിലയിലും എന്റെ ചുമതലയാണന്ന് ഞാൻ കരുതുന്നു.

പരുമലപള്ളിയുടെ പേരിലുള്ള ബ്ലോഗ് ഡൊമൈനിൽ ഇത്തരം പോസ്റ്റുകൾ കണ്ടതുകൊണ്ട് മാത്രമാണ് ഇന്ങനെ ഒരു പ്രതികരണം. ആശയ സംവാദത്തിനുള്ള വേദികളായിരിക്കണം ബ്ലോഗ് പോലുള്ള പൊതുഇടന്ങൾ. ബ്ലോഗ് പോലുള്ള പബ്ലിക് സ്പേസിലെ  ചുമ്മാതുള്ള വിമർശനം ഒരു പരിധിക്കപ്പുറത്തേക്ക് പോയിക്കഴിഞ്ഞാൽ ആ വിമർശനത്തിന്റെ തലം മറ്റൊന്നാകും. സൈബർ ക്രൈമിന്റെ അർത്ഥവ്യാപ്തി 'പരുമലപള്ളി' ബ്ലോഗുകാരന് അറിയാഞ്ഞിട്ടാണോ അതോ എനിക്കൊരു നിയമവും ബാധകമല്ല എന്നൊരു ചിന്തയാണോ എന്നറിയില്ല. സ്വന്തം ചിന്തകൾക്കും അഭിപ്രായന്ങൾക്കും ആശയന്ങൾക്കും അപ്പുറം വ്യക്തി/സമുദായ/മത അധിക്ഷേപന്ങൾ ഒഴിവാക്കേണ്ടതാണ്.കുറഞ്ഞ പക്ഷം ഒരു ആരാധനാലയത്തിന്റെ പേരിലുള്ള ബ്ലോഗിൽ നിന്നെങ്കിലും ഇത്തരം അധിക്ഷേപന്ങൾ ഒഴിവാക്കണം.    

Sunday, July 17, 2011

അഭിമുഖം : ഫാദര്‍ യൂദാ ചാമ്പത്തറ

(ഈ അഭിമുഖവും അഭിമുഖത്തിലുള്ളവരും സാങ്കല്പികം ആണ്. ആളുകള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരോടെങ്കിലും സാമ്യം തോന്നുന്നുണ്ടങ്കില്‍ അതൊരു തോന്നല്‍ മാത്രമാണ്)
ഇന്റ‌ര്‍ പള്ളി യൂണിയന്‍ ട്രഷറര്‍ ഫാദര്‍ യൂദാ ചാമ്പത്തറയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

നമസ്ക്കാരം ഫാദര്‍. ഫാദറിനെ ഈ അഭിമുഖത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
ആ സ്വാഗതം ഞാന്‍ വരവു വെച്ചിരിക്കുന്നു. എന്നോട് കര്‍ത്താവിന് നിരക്കാത്തതൊന്നും ചോദിക്കരുതെന്ന് ഞാന്‍ ആദ്യം തന്നെ ആവിശ്യപ്പെടുകയാണ്.

അങ്ങ് ഇന്റ‌ര്‍ പള്ളി യൂണിയന്‍ ട്രഷറര്‍ ആണല്ലോ.. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര്.
അതായത് ഈ യൂണിയന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് അറിയാമല്ലോ.. ഈ യൂണിയന്‍ എന്ന് പേര് കേട്ടാല്‍ ഒരുമാതിരി പെട്ടവരോക്കെ നമ്മളൊടൊന്നും ചോദിക്കാതെ നമ്മള്‍ പറയുന്നത് കേട്ട് നമ്മള്‍ ചോദിക്കുന്നത് തന്നിട്ടങ്ങ് പൊയ്‌ക്കോളും. അതുമാത്രവുമല്ല ഇപ്പോള്‍ ഞങ്ങള്‍ അച്ചന്മാര്‍ക്കും ബിഷപ്പുമാര്‍ക്കും അത്ര നല്ല സമയം അല്ലന്ന് അറിയാമല്ലോ.. കുഞ്ഞാടുകളൊക്കെ കന്നം തിരിവ് കാണിച്ചു തുടങ്ങി. പണ്ട് ഞങ്ങളൊന്നു വായിക്കും കുഞ്ഞാടുകള്‍ അതുകേട്ട് അനുസരിക്കുമായിരുന്നി. ഇപ്പോള്‍ അതൊക്കേ മാറി. ഞങ്ങളൊരു ഇടയ ലേഖനം ഇറക്കിയാല്‍ കുഞ്ഞാടുകള്‍ അതിനെ എതിര്‍ത്ത് രണ്ട് പത്ര പ്രസ്താവന ഇറക്കും. ഈ യൂണിയന്‍ എന്ന് പേരെങ്കിലും കേട്ടാന്‍ അവന്മാര്‍ അടങ്ങിക്കോളും എന്ന് ഞങ്ങള്‍ കരുതി, മാത്രവുമല്ല ഞങ്ങളുടെ അവകാശം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കും ഒരു യൂണിയന്‍ ഒക്കെ ആവിശ്യമാണല്ലോ.

അപ്പോ ഒരു പക്ക യൂണിയന്‍ സെറ്റപ്പാണോ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.
പിന്നല്ലാതെ. ഇപ്പോള്‍ തന്നെ ഞങ്ങള്‍ കൂദാശകള്‍ അനുഷ്ഠിക്കുന്നതിന് വാങ്ങുന്നത് കൈക്കൂലി ആണന്ന് ചില കമ്യൂണിസ്റ്റുകാര്‍ പറയുന്നുണ്ട്. നമ്മളൊരു യൂണിയന്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇനി കൈക്കൂലിയുടെ പ്രശ്നം ഇല്ലല്ലോ. യൂണിയന്‍ വാങ്ങുന്ന കാശ് കൈക്കൂലി ആണന്ന് ഈ നാട്ടില്‍ ആരും പറയത്തില്ല. മാത്രവുമല്ല നമ്മളിപ്പോള്‍ ഒരിടത്ത് ഒരു പരിപാടിക്ക് വിളിച്ചിട്ട് ചെല്ലാന്‍ പറ്റിയില്ലങ്കിലും പിന്നീട് ചെല്ലുമ്പോള്‍ കിട്ടാനുള്ളത് കിട്ടും.

ഒരു നോക്കു കൂലി സെറ്റപ്പ്.
ആര്‍ക്കും എന്തും കരുതാം.

ഇപ്പോള്‍ പള്ളി യൂണിയനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ചാണല്ലോ. പൊയ്‌ക്കോണം കോളേജില്‍ ഇപ്പോള്‍ അഡ്‌മിഷനു വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയന്നുള്ള പരാതിയൊക്കെ ഉയര്‍ന്ന സാഹചര്യത്തില്‍ കച്ചവടത്തെക്കുറിച്ച് എന്താണ് അഭിപ്രായം.
ആ പൊയ്‌ക്കോണം കോളേജുകാര്‍ ഭയങ്കര മണ്ടന്മാരാണന്നേ.. അവന്മാര്‍ ഞങ്ങളുടെ യൂണിയനില്‍ ചേരാതെ വേറെ കുറേ പേരുടെ കൂടെ കൂടിയതിന്റെ ശിക്ഷയാ കിട്ടിയത്. കര്‍ത്താവ് തന്നെ പറഞ്ഞത് . വിശ്വാസം ഉണ്ടങ്കില്‍ ഈ മലയോട് ഇവിടെ നിന്ന് മാറി ദൂറെക്ക് പോകാന്‍ പറഞ്ഞാല്‍ ദൂരേക്ക് പോകുമെന്നാ. അങ്ങനെ വിശ്വസിക്കുന്ന ഞങ്ങളെ വിശ്വസിക്കാതെ അവരുടെ കൂടെ പോയില്ലേ.. എന്നിട്ടെന്തായി അവസാനം. പൊയ്‌ക്കോണം കാരുതമ്മില്‍ തല്ലായി. കാശ് കിട്ടാ‍ത്തവന്മാര്‍ കിട്ടിയവന്മാര്‍ക്കിട്ട് പാര വെച്ചു. കാശ് കിട്ടിയവന്മാര്‍ കിട്ടാത്തവന്മാര്‍ക്കിട്ട് കൈയ്യും വെച്ചു. കാശ് കിട്ടാത്തവന്മാരുടെ വാക്കുകേട്ട്  ഉണ്ണാന്‍ ചെന്ന ആഫ്രിക്കന്‍ നെറ്റുകാര്‍ക്കിട്ട് കാശ് കിട്ടിയവന്മാര്‍ കൈയ്യിലുള്ളത് കൊടുക്കുകയും ചെയ്തു.

താങ്കള്‍ പറഞ്ഞല്ലോ വിശ്വാസം ഉണ്ടങ്കില്‍ മലയോട് ദൂരേക്ക് പോകാന്‍ പറഞ്ഞാല്‍ പോകുമെന്ന്.. ശരിക്കും അങ്ങനെ പോകുമോ?
ഹഹഹഹഹ്.. പിന്നില്ലാതെ. ഇങ്ങനെ ദൂരേക്ക് ദൂരേക്ക് പറഞ്ഞു വിട്ടല്ലേ ഞങ്ങള്‍ ഇത്രയും നാള്‍ മെഡിക്കല്‍ കോളേജൊക്കെ നടത്തിയത്.

ആരെയാണ് ദൂരേക്ക് പറഞ്ഞ് വിട്ടത്. ഏജന്റുമാരെയാണോ.
അല്ലന്നേ. സര്‍ക്കാരിനെ ആണ് ഞങ്ങള്‍ ഇങ്ങനെ ദൂരേക്ക് ദൂരേക്ക് പറഞ്ഞ് വിട്ടത്. പണ്ട് ഒരു പുണ്യാളന്‍ ഏതാണ്ട് രണ്ട് സമം ഏതാണ്ട് ഒന്നു പറഞ്ഞ് വന്നു. ആ പുണ്യാളനെ ഞങ്ങള്‍ ആദ്യം ദൂരേക്ക് പറഞ്ഞു വിട്ടു. കണ്ടില്ലേ ഇപ്പോള്‍ അങ്ങ് ദൂരയാ. പിന്നെ വേറെ കുറെ ആള്‍ക്കാര്‍ വന്നു. അവരേയും ഞങ്ങള്‍ പറഞ്ഞു വിട്ടു. വേറെ കുറേ ആള്‍ക്കാര്‍ വന്നു. അവരെ ഞങ്ങള്‍ ഭരണത്തില്‍ നിന്ന് പറഞ്ഞു വിട്ടു. എല്ലാ വര്‍ഷവും സര്‍ക്കാരെന്ന് പറയുന്ന സാത്താന്‍ ഞങ്ങളേ പരീക്ഷിക്കാനായി സാശ്രയ നിയമം എന്നൊക്കെ പറഞ്ഞ് വരും. എല്ലാ വര്‍ഷവും ഈ സാത്താന്‍ വരുന്നത് ജൂണ്‍ ജൂലൈ മാസത്തിലാ. ഓഗസ്റ്റാകുമ്പോഴേക്കും കര്‍ത്താവിനുള്ളത് കര്‍ത്താവിനും സീസര്‍ക്കുള്ളത് സീസര്‍ക്കും കൊടുത്ത് ഓഗസ്റ്റ് ആകുമ്പോഴേക്കും ഞങ്ങളാ സാത്താനെ ദൂരേക്ക് പറഞ്ഞ് വിടും. വീണ്ടും അടുത്ത ജൂണ്‍ ആകുമ്പോഴേ അവര്‍ തിരിച്ചു വരൂ.. വീണ്ടൂം അവരെ ഞങ്ങള്‍ പറഞ്ഞു വിടൂം. ഇതെല്ലാം നടക്കുന്നത് ഞങ്ങളുടെ വിശ്വാസം കൊണ്ടാ. വിശ്വാസം അതല്ലേ എല്ലാം !!!!  മല പോലെ വരുന്ന സര്‍ക്കാര്‍ എലിപോലെ അല്ലേ തിരിച്ചു പോകുന്നത്

നിങ്ങള്‍ക്ക് സാമൂഹ്യനീതി നടപ്പാക്കാന്‍ ബാധ്യത ഇല്ലേ?
ഉണ്ട് .. എന്ന് കരുതി നാട്ടാരുടെ ബാധ്യത ഞങ്ങള്‍ ഏറ്റെടുക്കണോ? ഞങ്ങളെപ്പോലെ സാമൂഹിക നീതി നടപ്പാക്കുന്ന വേറെ ആരുണ്ട് ഈ സ്വാശ്രയ കച്ചവടത്തില്‍. ഏറ്റവും കൂടുതല്‍ കാശ് തരുന്നവന് ആദ്യം സീറ്റ് കൊടുക്കും. നൂറ് തരുന്നവനോടും പത്ത് തരുന്നവനോടും നമുക്ക് ഒരേ പോലെ പെരുമാറാന്‍ പറ്റുമോ? പത്ത് തരുന്നവനെ നൂറ് തരുന്നവന്റെ കൂടെ ഇരുത്താന്‍ പറ്റുമോ? പത്ത് തരുന്നവനെ നൂറ് തരുന്നവന്റെ കൂടെ ഇരുത്തുന്നതല്ല സാമൂഹിക നീതി. പത്ത് തരുന്നവനെ പത്തിന്റെ സ്ഥാനത്തും നൂറ് തരുന്നവനെ നൂറിന്റെ സ്ഥാനത്ത് ഇരുത്തുന്നതും ആണ് സാമൂഹിക നീതി. അല്ലാതെ പത്തു തരുന്നവനെ നൂറിന്റെ സീറ്റിലും നൂറ് തരുന്നവനെ പത്തിന്റെ സീറ്റിലും ഇരുത്തുന്നതല്ലെ സാമൂഹിക നീതി.

ഇടനിലക്കാരെ വെച്ച് കോളേജിലേക്ക് ആളെ പിടിക്കുന്നത് ശരിയാണൊ?
ഞങ്ങള്‍ കര്‍ത്താവ് പറയുന്നത് അനുസരിച്ച് ജീവിക്കുന്നവരാ. കര്‍ത്താവ് തന്നയാ പറഞ്ഞത് . എന്റെ പിന്നാലെ വരുവീന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവര്‍ ആക്കാമെന്ന്. ഞങ്ങള്‍ എങ്ങനാ ആള്‍ക്കാരെ പിടിക്കാന്‍ പോകുന്നതെന്ന് കരുതിയാ പിള്ളാരെ പിടിക്കാന്‍ ആള്‍ക്കാരെ വിട്ടിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് ഞങ്ങള്‍ കാശും കൊടുക്കുന്നുണ്ട്. കര്‍ത്താവ് പിന്നേം പറഞ്ഞിട്ടുണ്ട്. കലപ്പയ്ക്ക് കൈ വെച്ചിട്ട് തിരിഞ്ഞു നോക്കരുതെന്ന്. ഏതായാലും ഞങ്ങള്‍ കോളേജ് തുടങ്ങി. ഇനി തിരിഞ്ഞു നോക്കുന്ന പ്രശ്നം ഇല്ല.

നിങ്ങള്‍ ആത്മീയ കാര്യങ്ങള്‍ നോക്കാതെ കച്ചവടം നടത്തുവാണന്ന് പലര്‍ക്കും പരാതി ഉണ്ടല്ലോ?
പരാതി എല്ലാവരും പറയും. അതില്‍ കാര്യമാക്കേണ്ടതില്ല. ഏതായാലും കുഞ്ഞാടുകളുടെ ഒരു ആത്മീയ കാര്യത്തിനും ഒരു മുടക്കവും വന്നിട്ടില്ല. ഉദാഹരണത്തിന് ആ കിഴക്കേപറമ്പിലെ മത്തായി മാപ്പിള മരിച്ചു. അവരെന്നോട് പറഞ്ഞ് ശനിയാഴച ശവം അടക്കണമെന്ന്. ശനിയാഴ്ച എനിക്ക് കോളെജില്‍ മീറ്റിംങ്ങ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞു ശവമടക്ക് ശനിയാഴ്ച ഒക്കില്ല ഞായറാഴ്ച നടത്താമന്ന്. ആ വറീതിന്റെ മോന്റെ കല്യാണം തിങ്കളാഴ്ച നടത്തണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. തിങ്കളാഴ്ച എല്‍‌കെ‌ജി പിള്ളാരുടെ ഇന്റ്‌ര്‍‌വ്യൂ വെച്ച്രുന്ന ദിവസമാ. അതുകൊണ്ട് ആ കല്യാണം ഞായറാഴ്ച ആക്കി. നമ്മളു തന്നെ എല്ലാം നടത്തണമെന്നാ കര്‍ത്താവിന്റെ വിധി. 

(ആത്മഗതം) : അങ്ങയെപ്പോലെയുള്ളവരെ സഹിക്കണമെന്നുള്ളത് ഞങ്ങളുടെ വിധിയും.
നിങ്ങളുടെ യൂണിയനില്‍ പെട്ട കോളേജുകളില്‍ പ്രവേശനത്തിന് കൈക്കൂലി വാങ്ങുന്നുണ്ടോ?
അതൊക്കെ പാപമാണ്. ഇനി ആരെങ്കിലും സംഭാവനയായിട്ട് ഇരുപതോ മുപ്പതോ അമ്പതോ ലക്ഷം തന്നാല്‍ ഞങ്ങളത് വേണ്ടാന്ന് പറയുകയും ഇല്ല. ആരുടേയും മനസ് വേദനിപ്പിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല.

നിങ്ങളുടെ സഭയിലെ പിള്ളാര്‍ സഭാ സ്കൂളില്‍ തന്നെ പഠിക്കണമെന്നുള്ള ഇടയ ലേഖനത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?
അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്. ഏതായാലും ഞങ്ങള്‍ ഇഷ്ടം പോലെ സ്കൂളും കോളേജും ഉണ്ടാക്കി ഇട്ടിട്ടൂണ്ട്. പിള്‍ലാരെ പ്ലേ സ്കൂളില്‍ ചേര്‍ത്ത് കഴിഞ്ഞിട്ട് വര്‍ഷാവര്‍ഷാദ്യം കാശ് എത്തിച്ചാല്‍ പിള്ളാരെ എന്‍‌ഞ്ചിനീയറോ ഡോക്‍ടറോ ഒക്കെ ആക്കി ഇരുപതുവര്‍ഷം കഴിഞ്ഞ് ഇറക്കി വിടും. മാതാപിതാക്കള്‍ ഒന്നും അറിയേണ്ട കാര്യമേ ഇല്ല. നമ്മള്‍ ഈ കണ്ട സ്ഥാപനങ്ങള്‍ ഓകെ ഉണ്ടാക്കിയിട്ടിട്ട് ഈ യൂണിയനില്‍ പെട്ട പിള്ളാര് വേറെ എവിടെങ്കിലും ഒക്കെ പോയി പടിച്ചാല്‍ നഷ്ടം ആര്‍ക്കാ? ഞങ്ങള്‍ക്ക് തന്നെ.. നമുക്ക് കിട്ടാനുള്ള കാശ് എന്തിനാ വേറെ ആര്‍ക്കെങ്കിലും ഒക്കെ കൊണ്ടു പോയി കൊടുക്കുന്നത്?

ഇങ്ങനെ കാശ് വാങ്ങി അഡ്‌മിഷന്‍ വാങ്ങി പഠിച്ചിറക്കുന്നവര്‍ക്ക് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടാവുമോ?
ഏതായാലും വാങ്ങുന്ന കാശിന് ഞങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടാവും.. തല്ലി പഠിപ്പിച്ചാണങ്കിലും ഞങ്ങള്‍ അവരെ എല്ലാം കോളെജിന് പുറത്തിറക്കിയിരിക്കും. പിന്നെ അവര്‍ തീരുമാനിക്കും ആരോടാ പ്രതിബദ്ധത വേണ്ടതെന്ന്.. കാശ് മുടക്കിയ വീട്ടുകാരോടോ മരുന്നു കമ്പ്നിക്കാരോടോ ശവപ്പെട്ടിക്കടക്കാരനോടോ മൊബൈല്‍ മോര്‍ച്ചറിക്കാരനോടോ ഒക്കെ അവര്‍ക്ക് പ്രതിബദ്ധത ഉണ്ടാവും. ഇവരൊക്കയും സമൂഹത്തില്‍ പെട്ടവരാണല്ലോ. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങളുടെ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാവും. ഞങ്ങളുടേത് ഒരു മിഷന്‍ പ്രവര്‍ത്തനമാണ്.

ഇപ്പോള്‍ യൂണിയനില്‍ പെട്ടവര്‍ നടത്തുന്നത് മിഷന്‍ പ്രവര്‍ത്തനം ആണോ?
മിഷനെക്കാള്‍ വലുത് വിഷനാണ്. വിഷന്‍ 2020 എന്ന ഒരു പദ്ധതി തന്നെ ഞങ്ങള്‍ക്കുണ്ട്. 2020 ആകുമ്പോഴേക്കും കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു മെഡിക്കല്‍ / എന്‍‌ഞ്ചനീയറിംഗ് കോളേജുകള്‍ സ്ഥാപിച്ച് കുട്ടികള്‍ക്ക് തങ്ങളുടെ പഞ്ചായത്തുകളില്‍ തന്നെ തുടര്‍ പഠനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ് ഞങ്ങളുടെ വിഷന്‍. പിന്നെ ഇതിനിടയ്ക്ക് എപ്പോഴെങ്കിലും സമയം കിട്ടുവാണങ്കില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്യും. പിന്നെ സെന്‍‌ട്രലൈസഡ് ത്രി സ്റ്റാര്‍ വൃദ്ധസദനം ഞങ്ങളുടെ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ ആരംഭിക്കുന്നുണ്ട്. മാസം പതിനഞ്ചായിരം രൂപ മാത്രമേ ഞങ്ങള്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

ഈ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള മുടക്കു മുതലൊക്കെ എവിടെ നിന്നാണ്..
അതൊക്കെ ഞങ്ങളുടെ കുഞ്ഞാടുകള്‍ സംഭാവനായിട്ട് തരുന്നതാ.. ദൈവത്തിനുള്ളത് ദൈവത്തിനായി അവര്‍ നല്‍കുന്നു.

എന്നിട്ട് വിശ്വാസികളായ കുഞ്ഞാടുകളെ ആരേയും സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ..
ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യണമെന്നാണല്ലോ പ്രമാണം. അതുകൊണ്ട് കുഞ്ഞാടുകള്‍ സംഭാവനകള്‍ നല്‍കുക എന്ന കര്‍മ്മം മാത്രം തത്ക്കാലം ചെയ്താല്‍ മതി. സ്കൂളും കോളേജും ഒക്കെ നടത്താന്‍ എന്നെപ്പോലുള്ളവര്‍ ഇവിടെയുണ്ട്. പിന്നെ ഈ കുഞ്ഞാടുകളെ ഇതിനകത്തേക്ക് വലിച്ചു കയറ്റിയാല്‍ തൊന്തരവാണ്. പൊയ്‌ക്കോണംക്കാര്‍ക്ക് പറ്റിയത് അതാ. കുഞ്ഞാടുകളേ പിടിച്ച് ആശുപത്രി ഭരണത്തില്‍ കയറ്റി. ഒരുത്തന്‍ കാശടിച്ചു മാറ്റുന്നത് വേറെ ഒരുത്തന് ഇഷ്‌ടപ്പെട്ടില്ല. ഇഷ്ടപ്പെടാത്തവന്‍ ലിസ്റ്റ് ചോര്‍ത്തി ചാനലുകാര്‍ക്ക് കൊടുത്തു. എന്നിട്ടടിയായി. അവസാനം കാശുമില്ല ലിസ്റ്റുമില്ല സീറ്റും ഇല്ല. അതുപോലെ സംഭവിക്കാതിരിക്കാനാണ് ഞങ്ങളുടെ യൂണിയനിലെ കോളേജ് ഭരിക്കാന്‍ ഞങ്ങളെപ്പോലുള്ളവര്‍ മതി എന്ന് തീരുമാനിച്ചത്.

ഇനി മുതല്‍ മെഡിക്കല്‍ കോളേജുകളും ഗവണമെന്റ് കോളേജുകളും സര്‍ക്കാര്‍ തന്നെ നടത്തിയാല്‍ മതി എന്ന് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുന്നു എന്ന് കരുതുക. എന്തായിരിക്കും പ്രതികരണം.
സര്‍ക്കാര്‍ എന്തിന് അങ്ങനെ ചെയ്യണം. അതൊക്കെ ചെയ്യാന്‍ ഞങ്ങളെപ്പോലുള്ള സമുദായക്കാര്‍ ഇല്ലേ? സര്‍ക്കാരിന് കോളേജുകള്‍ തുടങ്ങാന്‍ ഉപയോഗിക്കുന്ന പണം പാവങ്ങള്‍ക്ക് വേണ്ടി വിതരണം ചെയ്തു കൂടേ.. ഇവിടെ എത്രയോ ആളുകള്‍ വീടും ഭക്ഷണവും ഇല്ലാതെ നരകിക്കുന്നു. അവര്‍ക്ക സഹായം ചെയ്തു കൂടേ സര്‍ക്കാരിന്.

നിങ്ങള്‍ക്കും അങ്ങനെ ചെയ്തു കൂടേ..
സര്‍ക്കാര്‍ പണം തന്നാല്‍ അത് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമേയുള്ളൂ..

താങ്കള്‍ യോഹന്നാന്റെ സുവിശേഷം 12 ആം അദ്ധ്യായം വായിച്ചിട്ടൂണ്ടോ... അതില്‍ താങ്കളെപോലുള്ളവരെക്കുറിച്ച് പറയുന്നുണ്ട്..
ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. ബൈബിള്‍ അനുസരിച്ച് ജീവിക്കുന്നവരാ ഞങ്ങളെന്ന്. അതുകൊണ്ട് ബൈബിളില്‍ എഴുതിയിരിക്കുന്നത് പലതും ഞങ്ങളെക്കുറിച്ചാണന്ന് തോന്നും. എന്താണ് യോഹന്നാന്റെ സുവിശെഷം 12 ആം അദ്ധ്യായത്തില്‍ ഞങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.?

യോഹന്നാന്റെ സുവിശേഷം 12ന്റെ 6 ല്‍ പറയുന്നുണ്ട്. “ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആക കൊണ്ടും പണസഞ്ചി തന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടൂത്തു വന്നതുകൊണ്ടും അത്രേ പറഞ്ഞതു.“
നമ്മളെ വിളിച്ചു വരുത്തി കളിയാക്കുന്നോ?

നിങ്ങള്‍ എല്ലാവരും കൂടി മലയാളികളെ ഇട്ട് കളിയാക്കുന്നതിന് ഒരു കുഴപ്പവും ഇല്ലിയോ...?
താന്‍ നോക്കിക്കോ അടുത്ത മെത്രാന്‍ യോഗത്തില്‍ യോഹന്നാന്റെ 12 ആം അദ്ധ്യായം ബൈബിളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം എടുക്കും. തന്നെ പോലുള്ളവരെ അങ്ങനെ ഒരു പാഠം പഠിപ്പിക്കും.

Friday, April 29, 2011

തത്ക്കാല്‍ മാഫിയ

 അത്യാവശ്യമായി പെട്ടന്ന്  യാത്ര ചെയ്യേണ്ടിയവര്‍ക്ക്  ഒരുക്കിയ സംവിധനമാണല്ലോ റെയില്‍‌വേയുടെ തത്ക്കാല്‍ റിസര്‍‌വേഷന്‍. തത്ക്കാല്‍ റിസര്‍‌വേഷനു വേണ്ടി വളരെക്കുറച്ച് ടിക്കറ്റുകള്‍ മാത്രമെ നീക്കി വെച്ചിട്ടും ഉള്ളൂ. യാത്ര തിരിക്കേണ്ട ദിവസത്തിനു മുമ്പുള്ള രണ്ട് ദിവസത്തിനു മുമ്പേ തത്ക്കാല്‍ ടിക്കറ്റ് നല്‍കാറുള്ളൂ. എന്നാല്‍ ബുദ്ധിമുട്ടി വളരെ അകലെ നിന്ന് വന്ന് ക്യു നില്‍ക്കുന്ന എത്ര പേര്‍ക്ക് ഈ ടിക്കറ്റ് കിട്ടും????(എല്ലാവര്‍ക്കും കിട്ടണം എന്നല്ല പറഞ്ഞ് വരുന്നത്)... എനിക്കുണ്ടായ അനുഭവം  ഇന്ന് എറണാകുളം നോര്‍ത്ത് റെയില്‍‌വേ സ്റ്റേഷനില്‍ ഒരു തത്ക്കാല്‍ ടിക്കറ്റ് എടുക്കാനായി പോയി. രാവിലെ ആറുമണീ ആയപ്പോഴേക്കും അവിടെ ചെന്നു. ഒരു പത്തു നാല്‍‌പ്പതു പേര്‍ അവിടെ നില്‍ക്കുകയും ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചെന്ന് ഒരു പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു പേപ്പറൊക്കെ ചുരുട്ടിപ്പിടിച്ച ഒരു ചേട്ടന്‍ ആ പേപ്പര്‍ എന്റെ നേരെ നീട്ടി. ആ പേപ്പറില്‍ ഓരോ കൌണ്ടറിന്റേയും പേര് എഴുതിയിട്ടുണ്ടായിരുന്നു. അതിന്റെ താഴെ താഴേ വരുന്നവര്‍ പേരെഴുതിയിട്ടുണ്ടാ‍ായിരുന്നു. മൂന്നാമത്തെ കൌണ്ടറിന്റെ താഴേയായി ഞാനു പേരെഴുതി.
“ഈ ലിസ്റ്റ് എപ്പോഴാ ചേട്ടാ എഴുതി തുടങ്ങുന്നത്?” എന്ന് ഞാന്‍ ചേട്ടനോട് ചോദിച്ചു.
തലേന്ന് രാത്രിയിലേ ഒന്‍പതും പത്തു മണിക്കും ഒക്കേ വന്ന് ആള്‍ക്കാര്‍ പേരെഴുതും എന്ന് പറഞ്ഞു. ആ ലിസ്റ്റ് അനുസരിച്ചുള്ളതിന്റെ പകുതിപോലും ആള്‍ക്കാര്‍ അവിടെ ഇല്ലായിരുന്നു എന്നതാണ് സത്യം. ആ ലിസ്റ്റില്‍ അനുസരിച്ച് ടിക്കറ്റ് എടുക്കാന്‍ നിന്നാല്‍ ടിക്കറ്റ് കണ്‍ഫേം ആയി കിട്ടില്ലന്ന് ഉറപ്പായിരുന്നു. അവിടെ നിന്ന് നേരെ സൌത്ത് റയില്‍‌വേ സ്റ്റേഷനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ അവിടെ ക്യു നില്‍ക്കുന്നതുമായി ചില പ്രശ്നങ്ങള്‍ നടക്കുകയാണ്. ഒന്നു രണ്ടു പേരോടും പോലീസുകാരനോടും ചോദിച്ചതില്‍ നിന്ന് മനസിലായ കാര്യങ്ങള്‍ ഇവയാണ്.

തലേന്ന്(ഇന്നലെ) രാത്രിയില്‍ തൊട്ടെ ക്യുവില്‍ നിന്ന ചിലരുടെ പേരൊന്നും അവിടെ കറങ്ങി നടക്കുന്ന ലിസ്റ്റില്‍ ഇല്ലത്രെ. ലിസ്റ്റില്‍ പേരില്ലാത്ത അവരെ ക്യുവില്‍ നിന്ന് മാറ്റാന്‍ ആരക്കയോ നോക്കിയന്ന്. ആ പേരില്ല കൂട്ടത്തില്‍ പെട്ട ഒരു നോര്‍‌ത്ത് ഇന്ത്യന്‍ ചേട്ടന്‍ അവരോടങ്ങ് ചൂടായി. ആ ബഹളം ശാന്തമാക്കാന്‍ പോലീസ് വന്നപ്പോഴാണ് ഞാന്‍ അവിടെ എത്തിയത്.

ഇങ്ങനെ ഒരു ലിസ്റ്റ് റെയില്‍‌വേയുടെ അനുമതി ഇല്ലാതെ ആണത്രെ ഉണ്ടാക്കുന്നത്. ആരാണ് ഈ ലിസ്റ്റ് ഉണ്ടാക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല(?). മുന്നില്‍ വരുന്ന ആള്‍ക്കാര്‍ മുന്നില്‍ ക്യു നില്‍ക്കുന്ന രീതിയിലൊന്നും അല്ല ഈ സ്റ്റേഷനുകളില്‍ റിസര്‍വേഷന്‍ . (ടിക്കറ്റ് കൌണ്ടറ് തുറന്നു കഴിഞ്ഞാല്‍ ആള്‍ക്കാര്‍ ലിസ്റ്റിലെ പേരിനനുസരിച്ച് ക്യു നില്‍ക്കുന്നതുകൊന്റ് ക്യു വിന് അനുസരിച്ചല്ല ടിക്കറ്റ് കൊടുക്കുന്നതെന്നും പറയാന്‍ പറ്റില്ല). ആ ക്യുവിന്റെ പുറകില്‍ നിന്ന് കഴിഞ്ഞാല്‍ എട്ടര ആയാലും ടിക്കറ്റ് എടുക്കാന്‍ പറ്റില്ലന്ന് തോന്നിയതിനാല്‍(എന്റെ മുന്നില്‍ എണ്‍പതോളം ആളുകള്‍ ക്യുവില്‍ ഉണ്ടാ‍ായിരുന്നു) വീണ്ടും നോര്‍ത്തിലേക്ക് വന്നു.

ഒരു ഏഴുമണി കഴിഞ്ഞപ്പോള്‍ അവിടെ നിന്ന ഒരാള്‍ ലിസ്റ്റൊക്കെ നോക്കി പേര് വിളിച്ചു മൂന്നു ക്യുവായി ആള്‍ക്കാരെ നിര്‍ത്തി. ഈ മൂന്നു ക്യുവിലേയും ആദ്യത്തെ മൂന്നാലു ആള്‍ക്കാര്‍ ആ ലിസ്റ്റ് എഴുതിച്ച ആളിന്റേയും വായിച്ച ആളിന്റേയും ക്യൂ വായി നിര്‍ത്തുകയും ചെയ്യുന്ന ആളിന്റേയും ഒക്കെ ആള്‍ക്കാര്‍ ആണന്ന് അവരുടെ പെരുമാറ്റ രീതിയില്‍ നിന്ന് മനസിലാക്കാന്‍ പറ്റി. ഇവര്‍ ഏജന്റുമാര്‍ ആയിരിക്കണം. എങ്ങനെയൊക്കെ ആണങ്കിലും ഇവരുടെ ആള്‍ക്കാര്‍ക്കേ ക്യുവിന്റെ ആദ്യത്തെ സ്ഥാനങ്ങളില്‍ എത്താന്‍ പറ്റൂ എന്ന് ഉറപ്പ്. അല്ലങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കേതിരെ റെ‌യില്‍‌വേ പോലീസ് നടപടികള്‍ എടുക്കണാം. തങ്ങളുടെ കൈയ്യിലിരിക്കുന്ന റിസര്‍‌വേഷന്‍ ഫോം എന്താണാന്നോ അതിലെന്താണ് എഴുതിയിരിക്കുന്നതെന്നോ അറിയാന്‍ വയ്യാത്തവര്‍ പോലും ഒരു കൌണ്ടറില്‍ ഇന്ന് ക്യുവില്‍ നില്‍ക്കുന്നത് കണ്ടു.

ക്യുവില്‍ പതിനാറോ പതിനാഴേ ആയി നിന്ന് ടിക്കറ്റ് എടുക്കാന്‍ കൌന്ററില്‍ കൊടുത്തപ്പോഴേക്കും ഞാന്‍ ടിക്കറ്റ് എടുക്കാന്‍ ചെന്ന ട്രയിനിലെ ടിക്കറ്റ് വെയ്‌റ്റിംങ്ങ് ലിസ്റ്റില്‍ 20കഴിഞ്ഞു. പിന്നെ ടിക്കറ്റ് എടുക്കാതെ മടങ്ങി.

മുംബൈ വസായ് റയില്‍‌വേ സ്റ്റേഷനില്‍ സീസണ്‍ സമയത്ത് ഞാന്‍ ടിക്കറ്റ് എടുക്കാന്‍ പോയിട്ടുണ്ട്. അവിടെ റെയില്‍‌വേയിലെ ഉദ്യോഗസ്ഥന്‍/പോലീസ് ആണ് നമുക്ക് തലേന്ന് ടോക്കണ്‍ തരുന്നത്. ആ ലിസ്റ്റില്‍ ഒരു തട്ടിപ്പും വെട്ടിപ്പും നടത്താന്‍ പറ്റില്ലന്നാണ് ഞാന്‍ മനസിലാക്കിയത്. പിറ്റേന്ന് ആ ടോക്കണ്‍ അനുസരിച്ച് നില്‍ക്കണം.

നമ്മുടെ നാട്ടിലെ തത്ക്കാല്‍ തട്ടിപ്പിന് റെയില്‍‌വേയും കൂട്ടു നില്‍ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ക്യു നില്‍ക്കാന്‍ വേണ്ടി ഇത്രയും ആള്‍ക്കാര്‍ വരുമ്പോള്‍ ഒരു റെയില്‍‌വേ പോലീസുകാരനേയും പോലും അവിടെ കണ്ടില്ല. (മറ്റ് സ്റ്റേഷനുകളിലും ഇങ്ങനെ പെപ്പറില്‍ പേരെഴുതുന്ന പരിപാടി ഉണ്ടങ്കില്‍ ഇത്രയും തട്ടിപ്പ് വേറെ എങ്ങും ഇല്ലന്ന് അവിടെയുള്‍ല ചിലരുടെ സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു.)

റെയില്‍‌വേ റ്റഹ്ന്നെ നേരിട്ട് ഒരു ടോക്കണ്‍ സിസ്റ്റം നടപ്പിലാക്കിയാല്‍ ഇത്തരം മാഫിയാകളെ ഒഴിവാക്കാന്‍ പറ്റും എന്നാണ് തോന്നുന്നത്. ഒരാള്‍ക്ക് രണ്ടോ മൂന്നോ തത്ക്കാല്‍ ടിക്കറ്റേ നല്‍കുകയുള്ളൂ എന്നൊരു നിയമ കൂടി ഉണ്ടാക്കണം. കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞ് രാത്രിയില്‍ റിസര്‍‌വേഷന്‍ കൌണ്ടറിനു മുന്നില്‍ കാത്തു കെട്ടിക്കിടക്കുന്ന ജനങ്ങളുടെ ദുരിതം കണ്ടില്ലന്ന് റെയില്‍‌വേ നടിക്കരുത്.

ക്യു നില്‍ക്കാന്‍ വേണ്ടി നില്‍ക്കാന്‍ ഉണ്ടാക്കുന്ന ലിസ്റ്റ് അനധികൃതമാണാങ്കില്‍ അതിനെതിരെ നടപടി എടുക്കേണ്ടാത് റയി‌ല്‍‌വേ ആണ്. റ്റഹ്ങ്ങള്‍ക്കാരും പാരാതി തന്നില്ല അതുകൊണ്ട് നടപിടി എടുക്കുന്നില്ല എന്ന് പറയരുത്. പരാതി കിട്ടിയാലേ ഇത്തരം സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങളേ തടയൂ എന്നുള്ള പിടിവാശി എടുക്കരുത് . തത്ക്കാല്‍ ടിക്കറ്റ് എടുത്ത അത് ലാഭത്തിന് മറിച്ചു വില്‍ക്കുന്നവരെ തടയാല്‍ കഴിയുന്നില്ലങ്കില്‍ പിന്നെ നമുക്കെന്തിനാണ് നിയമം.

{ഏതായാലും ഇന്ന് ടിക്കറ്റ് കിട്ടിയില്ല... നാളെ രാവിലെ വേറെ ഏതെങ്കിലും സ്റ്റേഷനില്‍ പോയി നിന്ന് നോക്കണം. എറണാകുളം നോര്‍ത്ത് /സൌത്ത് സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് കിട്ടുമെന്നുള്ള പ്രതീക്ഷ ഇല്ല)
  ശുഭയാത്ര....   (ചിത്രം :: http://www.indianrail.gov.in/ എന്ന സൈറ്റിലെ  ഹോം പേജിലെ ഹെഡര്‍) 

Friday, December 17, 2010

മത്സ്യകന്യക സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

ഹര്‍ജിക്കാരി : ശംഖുമുഖം കടപ്പുറത്തേക്ക് നോക്കിക്കിടക്കുന്ന മത്സ്യകന്യക എന്നു വിളിക്കുന്ന സാഗരകന്യക.

വിഷയം : എന്റെ മുലകളെ വെറുതെ വിടണം

സങ്കട ഹര്‍ജി
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സമീപം ശംഖുമുഖം കടപ്പുറത്തേക്ക് നോക്കിക്കിടക്കുന്ന മത്സ്യകന്യക എന്നു വിളിക്കുന്ന സാഗരകന്യക കേരളത്തിലെ ജനങ്ങള്‍ക്കു മുമ്പാകയും പ്രത്യേകിച്ച് ചില സ്ത്രി സംഘടനകളുടേയും മുമ്പാകെ സമര്‍പ്പിക്കുന്ന സങ്കട ഹര്‍ജി.

ജനങ്ങളേ/ സംഘടനക്കാരേ...
വളരെ വേദനയോടെയാണ് ഞാന്‍ ഈ സങ്കട ഹര്‍ജി നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. എന്റെ കുടുംബത്തില്‍ പെട്ട ഒരു മൈസൂര്‍ മൈലാഞ്ചി ശില്പത്തിന്റെ മുലകള്‍ കൊച്ചി കുസാറ്റ് വളപ്പില്‍ ഛേദിച്ചതായി ആരക്കയോപറയുന്നത് ഞാന്‍ കേട്ടു. ആരക്കയോ എന്നല്ല രണ്ടു ദിവസം മുമ്പ് എന്റെ ഭംഗി ആസ്വദിക്കാന്‍ വന്നവരില്‍ ചിലര്‍ അടക്കിപ്പിടിച്ച് പറയുന്നത് ഞാന്‍ കേട്ടതാണ്. നിങ്ങള്‍ മലയാളികളുടെ ഇടയില്‍ ഇത്രയും നാളും ജീവിച്ചതുകൊണ്ട് കിട്ടിയ ഒരു ഗുണമാണ് മനുഷ്യര്‍ അടക്കിപ്പിടിച്ച് പറയുന്നത് ചെവി കൂര്‍പ്പിച്ച് കേള്‍ക്കുക എന്നുള്ളത്. അവരുടെ സംസാരത്തില്‍ നിന്ന് എനിക്ക് ഏകദേശം ഒരു വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ രാത്രികളില്‍ ഞാന്‍ ഉറങ്ങിയിട്ടില്ല. ഉറങ്ങുമ്പോള്‍  ആരക്കയോ എന്റെ മുലകള്‍ കൂടം കൊണ്ട് തല്ലിത്തകര്‍ക്കുന്നതായി സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി ഉണരുകയാണ്. നഗ്നത മറ യ്ക്കാനായി ആരക്കയോ എന്റെ ചുറ്റിലും ചെടികള്‍ നട്ടുപിടിപ്പിക്കുന്നതായി ഞാന്‍ സ്വ‌പ്നം കണ്ടു. ദുഃസ്വപനങ്ങളുടെ വേലിയേറ്റമായിരുന്നു കഴിഞ്ഞ രാത്രികള്‍. ഇനിയുള്ള രാത്രികള്‍ എനിക്ക് ദുഃസ്വപ്നങ്ങളുടേത് ആയിരിക്കും എന്ന് തോന്നുന്നു. ഉറങ്ങാതെ കണ്ണുതുറന്നിരുന്നാലും ആരക്കയോ എന്നെ തകര്‍ക്കാന്‍ വരുമെന്ന് എനിക്ക് തോന്നുന്നു. നെഞ്ചില്‍ കരിങ്കല്ലാണങ്കിലും ഇത്രയും നാളും നിങ്ങളോട് സഹവസിച്ച് കരിങ്കല്ലുകളില്‍ രക്തക്കുഴലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു.

ഇന്നലെ ഒരാള്‍ എന്റെ തണലില്‍ വന്നിരുന്നു പത്രം വായിക്കുന്നത് ഞാന്‍ കേട്ടു. കുസാറ്റില്‍ വെട്ടിമുറിക്കപ്പെട്ട സാഗരകന്യകയുടെ മാറിടത്തില്‍ കലാപരമായ കഴിവു കാണീച്ച ശില്പി മുഖത്തിന്റെ കാര്യത്തില്‍ ഈ പ്രതിഭ കാണീച്ചില്ലന്നുള്ള രീതിയില്‍ പിവിസി റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ആ വാര്‍ത്ത. മാറിടത്തിലെ കലാപരമായ കഴിവ് എന്നതുകൊണ്ട് എന്താണ് പിവിസി അര്‍ത്ഥമാക്കുന്നത്??? മാറിടം  ഉയര്‍ത്തി മലര്‍ന്നു കിടക്കുന്ന നിലയില്‍ നിര്‍മ്മിച്ച ശില്പത്തിനെതിരെ കുസാറ്റിലെ വനിതാ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുസാറ്റിലെ സാഗരകന്യകയ്ക്ക് മാറിടം നഷ്‌ടമായതെന്ന് ഞാന്‍ മനസിലാക്കുന്നു. ഉയര്‍ന്ന മാറിടം ആയിരുന്നു ആ വനിതകളുടെ പ്രശ്നം എന്ന് എനിക്ക് തോന്നുന്നു. ഒരു സ്ത്രി മലര്‍ന്നു കിടക്കൂമ്പോള്‍ മാറിടം ഉയര്‍ന്നല്ലേ നില്‍ക്കുന്നത്? ആ ശില്പം ആ സംഘടനയിലെ സ്ത്രിത്വത്തെ അപമാനിക്കുന്നതായി അവര്‍ക്കു തോന്നിയോ??? നിങ്ങള്‍ ടിവിയില്‍ കുത്തിയിരുന്നു കാണുന്ന കോമഡി ഷോകളില്‍ വേഷം കെട്ടിവരുന്ന സ്ത്രികഥാപാത്രങ്ങളുടെ മാറിടം ഈ സംഘടനയില്‍ പെട്ട സ്ത്രികള്‍ കാണുന്നില്ല എന്നുണ്ടോ? എന്തിന് വഴിവക്കുകളിലെ പോസറ്ററുകളും ഫ്ലകസുകളും ഇവര്‍ക്ക് അശ്ലീലമായി തോന്നുന്നില്ലേ?? പുരുഷന്മാരുടെ അടിവസ്ത്രത്തില്‍ വരെ സ്ത്രികളെ  ഉള്‍പ്പെടൂത്തിയിട്ടൂള്ള പരസ്യങ്ങള്‍ക്കെതിരെ ഈ സംഘടനകള്‍ ആര്‍ക്കെങ്കിലും പരാതികൊടൂത്തതായോ സമരം നടത്തിയതായോ ഞാന്‍ കേട്ടിട്ടില്ല.

അല്ലങ്കില്‍ തന്നെ ഞങ്ങള്‍ ശില്പങ്ങളോട് നിങ്ങള്‍ക്കൊക്കെ എന്തും ആകാമല്ലോ? കുസാറ്റില്‍ നശിപ്പിക്കപ്പെട്ടത് സ്ത്രിയുടെ നഗ്നശില്പമായതുകൊണ്ടാണ് ഇത് മാധ്യമ ശ്രദ്ധ നേടിയതെന്നും മൃഗങ്ങള്‍ ആയിരുന്നെങ്കില്‍ ഇത് വിവാദം ആവുമായിരുന്നില്ലന്നൊക്കെയും പിവിസിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടന്ന് കേട്ടു. മൃഗങ്ങള്‍ ടിപ്പറിടിച്ച് ചത്താല്‍ വാര്‍ത്ത പത്രത്തില്‍ വരാതിരിക്കുകയും മനുഷ്യന്‍ ടിപ്പറിടിച്ച് മരിച്ചാല്‍ വാര്‍ത്ത പത്രത്തില്‍ വരികയും ചെയ്യുന്ന ലോകത്ത് സ്ത്രി/പുരുഷ ശില്പങ്ങള്‍ മാധ്യമ ശ്രദ്ധനേടും എന്ന് പിവിസിക്ക് അറിയില്ലേ?? സാഗരകന്യക ശില്പം വെട്ടി നശിപ്പിച്ചത് ശരിയായില്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളും ഒക്കെ പറഞ്ഞതായി ഞാന്‍ അറിഞ്ഞു. പിവിസിയുടെ റിപ്പോര്‍ട്ടിന്‍ മേല്‍ സംഭവങ്ങളേക്കൂറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റിയെ ചുമതലപ്പെടൂത്തിയതായി കണ്ടു. ഈ പഠനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ അവര്‍ക്ക് ഒരോ ഡോക്‍ടറേറ്റും കൂടി നല്‍കിയാല്‍ കൊള്ളാമായിരുന്നു. എന്താണ് അശ്ലീലം, എന്തെല്ലാമാണ് ഒരു ശില്പത്തിന്/പ്രതിമയ്ക്ക് വേണ്ടിയത്/വേണ്ടാത്തത് എന്നൊക്കെയുള്ള ഒരു റഫറന്‍സ് ആയി പിവിസിയുടെ ആ റിപ്പോര്‍ട്ട് വരും തലമുറയ്ക്ക് പഠിക്കാന്‍ നല്‍കാമായിരുന്നു.

ഞാനിനി എന്താണ് ചെയ്യേണ്ടത്.?? എനിക്കിവിടെ നിന്ന് ഓടിപ്പോകാന്‍ പറ്റില്ലല്ലോ!! എന്റെ നഗ്നമായ മാറിടം അശ്ലീലമാണന്ന് കരുതി ആരെങ്കിലും മുറിച്ചു കളഞ്ഞാല്‍ ... എനിക്കിനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല, ഇനി മുതല്‍ ഈ നാട്ടില്‍ സാരിയുടത്ത ശില്പങ്ങള്‍ മാത്രം മതി എന്ന് തീരുമാനം എടുക്കുന്ന നാളിലേക്കുള്ള ദൂരം വിദൂരമല്ലന്ന് തോന്നുന്നു.ഞാന്‍ ഒരു ജീന്‍സും ടിഷര്‍ട്ടും ഇട്ടു കിടന്നാല്‍ പ്രശ്നം തീരുമോ?? എങ്കില്‍ ഞാനതിനും തയ്യാറാണ്. എന്നെത്തന്നെ നശിപ്പിക്കണം എന്നുണ്ടങ്കില്‍ ദയവായി എന്നെ അംഗഭം‌ഗം വരുത്തരുത്. എന്നെ ഇളക്കി കടലിലേക്ക് എറിയുക. അംഗ‌ഭംഗം വന്ന് കിടക്കൂന്നതിലും നല്ലത് കടലില്‍ മുങ്ങിക്കിടക്കുന്നതാണ്. ഇതെന്റെ സങ്കടഹര്‍ജിയായി പരിഗണിച്ച് എന്നെ കടലില്‍ തള്ളാന്‍ കനിവുണ്ടാകണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.


വിഷാദത്തോടെ,
മത്സ്യകന്യക
ശംഖുമുഖം കടപ്പുറം

Wednesday, December 15, 2010

ക്രൈസ്തവ മെത്രാന്‍ സമതിക്കൊരു വിയോജനക്കുറിപ്പ്

ഇന്നലത്തെ(ഡിസംബര്‍ 14) മനോരമയുടെ അവസാന പേജില്‍ ഒരു വാര്‍ത്ത കണ്ടു. സര്‍ക്കാര്‍ നീക്കം ഒന്നിച്ചു ചെറുക്കും : ക്രൈസ്തവ മെത്രാന്‍ സമതി . ആ വാര്‍ത്തയിലെ ചില സൂചകങ്ങള്‍ക്കുള്ള വിയോജനം രേഖപ്പെടുത്തട്ടെ.

1. DYFI ആരംഭിച്ചിട്ടുള്ള മദ്യ വിരുദ്ധ പോരാട്ടത്തെ സമ്മേളനം പരോക്ഷമായി കുറ്റപ്പെടുത്തി.
ഈ കുറ്റപ്പെടുത്തലിനു കാരണമായി പറയുന്നത് മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥത് ഇല്ലന്നാണ്. ഭരിക്കുന്ന സര്‍ക്കാരിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടന ഒരു സാമൂഹിക വിവത്തിനെതിരെ പ്രതികരിക്കുന്നതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ എന്നോ ഏതെങ്കിലും മെത്രാന്‍ ആ സമതിയോഗത്തില്‍ ചോദിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ അങ്ങനെ ഒരു കുറ്റപ്പെടുത്തലിന്റെ കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം DYFI എന്ന സംഘടനയുടെ സ്ഥാനം കേരളത്തില്‍ എന്താണന്ന് അറിയാത്തവരല്ല ആരും. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഒരു യുവജന സംഘടനയാണത്. ഒരു സമൂഹവിപത്തിനെതിരെ അവര്‍ പോരാട്ടം നടത്തുമ്പോള്‍ അവര്‍ക്ക് ധാര്‍മ്മികമായ ഒരു പിന്തുണ നല്‍കാന്‍ മദ്യത്തിനെതിരെ പോരാടൂന്ന എല്ലാവര്‍ക്കും കഴിയും. DYFI യോടൊന്നിച്ച് മദ്യ വിരുദ്ധ പോരാട്ടം നടത്താന്‍ സഭകളിലെ യുവജന സംഘടനകള്‍ക്ക് കഴിയില്ലേ??? ഒരു സാമൂഹിക വിപത്തിനെതിരെ പോരാടൂമ്പോള്‍ അതിലെ മതവും രാഷ്ട്രീയവും നോക്കേണ്ട കാര്യമില്ല.


2. തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ എന്ത് നിലപാടു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സഭാ‌നേതൃത്വത്തിനു അധികാരം ഉണ്ട്.
ഈ അധികാരം ആര് എപ്പോള്‍ എന്ന് നല്‍കി? ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ വിശ്വാസികള്‍ എന്ത് നിലപാടു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സഭാ‌നേതൃത്വത്തിനു അധികാരം ഉണ്ട് എന്ന് സമ്മതിക്കാമെങ്കിലും ഒരു സഭാവിശ്വാസി ആര്‍ക്ക് അല്ലങ്കില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഒരു അധികാരവും ഇല്ല. ഇല്ലാത്ത അധികാരം തങ്ങള്‍ക്ക് ഉണ്ട് എന്ന് നടക്കുന്നെങ്കില്‍ അതിനാരും വില കല്പിക്കുകയും ഇല്ല. രാഷ്ട്രീയവും ആത്മീയവും സമാന്തരങ്ങളായ രണ്ട് കാര്യങ്ങളാണ്. മതത്തില്‍ രാഷ്ട്രീയം ഇടപെടൂന്നതും രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതും മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും അപചയത്തിനു കാരണമാവും എന്നതില്‍ സംശയം ഇല്ല. ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടമാണ് അയാള്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്ക്/ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നുള്ളത്.


3. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി.

ഈ പ്രസ്താവനയ്ക്ക് ഉത്തരമായി ഒരു മറു ചോദ്യമാണ് ചോദിക്കേണ്ടത്. ക്രൈസ്തവ മെത്രാന്‍ സമതി വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍/മതകാര്യങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ചാല്‍ പോരേ??? തിരഞ്ഞേടുപ്പ് പ്രഖ്യാപിക്കുന്നതുമുതല്‍ അതിന്റെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നതുവരെയുള്ള നടപടികള്‍ കുറ്റമറ്റരീതിയില്‍ നടത്തേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനുതന്നെയാണ്. ന്യാമമായ രീതിക്ക് വിരുദ്ധമായി മറ്റ് ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നതില്‍ എന്താണ് തെറ്റ്. വിശ്വാസികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതില്‍ തെറ്റില്ല എന്നാണ് മെത്രാസ് സമിതി പറയുന്നത്. അത് അംഗീകരിക്കുന്നു എന്നതന്നെ ഇരിക്കട്ടെ. ഒരു വാര്‍ഡ്/ മണ്ഡലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി കത്തോലിക്ക , ഓര്‍ത്തഡോക്സ് , യാക്കോബായ , മര്‍ത്തോമ്മാ , സി‌എസ്‌ഐ സഭകളിലെ വിശ്വാസികള്‍ ആണ് നില്‍ക്കുന്നതെന്ന് കരുതുക. ഇങ്ങനെ ഒരു അവ്സ്ഥയില്‍ ആര്‍ക്ക് വോട്ട് ചെയ്യാനായിരിക്കും മെത്രാസ് സമിതി/ഇടയലേഖനം പറയുന്നത്?? ഇങ്ങനെയൊരു അവസ്ഥയ്ക്കാണല്ലോ വര്‍ഗ്ഗീയത എന്ന് പറയുന്നത്. മതത്തിന്റെ പേരില്‍ വോട്ട് നേടാന്‍ നമ്മുടെ രാജ്യത്ത് നിയമം ഇല്ലാത്തിടത്തോളം കാലം മേല്‍‌പ്പറഞ്ഞ രീതിയിലുള്ള മത/സമുദായ സംഘടനകളുടെ ലേഖനങ്ങള്‍ നിയമ വിരുദ്ധം തന്നെയാണ്. ഇങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാവുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കാന്‍ പാടില്ല.


4. യുഡി‌എഫിന്റെ വിജയം ഇടയലേഖനത്തിന്റെ വിജയമാണന്നുള്ള അഭിപ്രായം കെ‌സി‌ബി‌സിക്ക് ഇല്ല.
തിരഞ്ഞെടൂപ്പ ഫലം പുറത്ത് വന്നപ്പോള്‍ കെ‌സി‌ബി‌സിയുടെ വ്യക്താവായ സ്റ്റീഫന്‍ ആലത്തറ നടത്തിയ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് മുകളില്‍ പറഞ്ഞിരിക്കൂന്ന പ്രസ്താവന. യുഡി‌എഫ് വിജയം കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയലേഖനത്തിന്റെ വിജയമാണെന്നായിരുന്നു സ്റ്റീഫന്‍ ആലത്തറയുടെ പ്രസ്‌താവന. അന്ന് ആ വ്യക്താവ് നടത്തിയ പ്രസ്ത്യാവന കെ‌സി‌ബി‌സിയുടെ അഭിപ്രായം അല്ലായിരുന്നു എന്ന് അന്നാരും പറഞ്ഞില്ലായിരുന്നു. രണ്ട് മാ‍സങ്ങള്‍ വേണ്ടിവന്നോ അത് മനസിലാക്കാന്‍ ???

Thursday, December 2, 2010

മൃതദേഹത്തോട് അനാദരവു കാട്ടുമ്പോള്‍

ഇന്നത്തെ (ഡിസംബര്‍ 02/2010) ഒട്ടുമിക്ക മലയാള പത്രങ്ങളിലെല്ലാം ഉള്ള വാര്‍ത്ത ഏതൊരു മനുഷ്യനേയും ദുഃഖിപ്പിക്കുന്ന ഒന്നാണ്. സഭാതര്‍ക്കം: മൃതദേഹവുമായി റോഡ് ഉപരോധിച്ചു  എന്ന വാര്‍ത്തയായിരുന്നു അത്. സഭാതര്‍ക്കങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് കടക്കുക എന്നുള്ളത് ഈ പൊസ്റ്റിന്റെ ലക്ഷ്യമല്ല എന്നുള്ളതുകൊണ്ട് ആ ഭാഗം ഒഴിവാക്കി ഈ സംഭവത്തോടുള്ള പ്രതികരണം കുറിക്കുന്നു.

ഈ വാര്‍ത്ത വന്ന പത്രങ്ങളിലെ ലിങ്ക് :: മാതൃഭൂമി   മംഗളം  കൌമുദി  മാധ്യമം   ദേശാഭിമാനി മനോരമ

ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം എന്തിന്റെ പേരിലാണങ്കിലും അത് സമൂഹത്തിലെ മറ്റുള്ളവരെ ബാധിക്കുന്ന രീതിയിലേക്ക് മാറാതെ നോക്കേണ്ടത് ആ സഭയുടെ നേതൃത്വത്തില്‍ ഉള്ളവരാണ്. ഈ സഭാ തര്‍ക്കത്തില്‍ ഈ സഭകളില്‍ പെട്ട ഭൂരിപക്ഷം പേര്‍ക്കും താല്‌പര്യം ഇല്ല എന്നുള്ളതാണ് സത്യം. കഴിഞ്ഞമാസം പരുമല പള്ളിയുടെ പേരിലാണ് ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുത്തതെങ്കില്‍ ഈ മാസം അതൊരു മൃതദേഹത്തിന്റെയും ശവസംസ്‌ക്കാരത്തിന്റേയും പേരിലാണന്ന് മാത്രം. ഇത് ആദ്യമായിട്ടില്ല ഇരു സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി മൃതശരീരത്തെ വഴിയില്‍ വെച്ച് സമരം ചെയ്യുന്നത്. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായപ്പോള്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പോലും നടത്തേണ്ടി വന്നിട്ടൂണ്ട്. വിവേകവും മനുഷ്യത്വവും മതത്തിന്റെ പേരില്‍ നശിപ്പിക്കുന്നത് നന്നല്ല.

ഒരു മനുഷ്യന്റെ ജീവനില്ലാത്ത ശരീരത്തോടെ അനാദരവ് കാണിക്കുന്നത് എന്തിന്റെ പേരിലാണങ്കിലും ശരിയല്ല. മൃതശരീരം അടക്കം ചെയ്യുമ്പോള്‍ മറുപക്ഷം കൂവി എന്നാണ് ഒരു പത്രത്തില്‍ വായിച്ചത്. അങ്ങനെ ഒരു സംഭവം നടന്നു എങ്കില്‍ അങ്ങനെ ചെയ്തവര്‍ കാണിച്ചത് ശുദ്ധ തന്തയില്ലാത്തരം ആണന്ന് പറയുന്നതില്‍ ലജ്ജിക്കുന്നില്ല. എന്തിനു വേണ്ടിയാണ് മൃതശരീരങ്ങളെ വെച്ച് ഇങ്ങനെ വിലപേശുകയും സമരം ചെയ്യുകയും ചെയ്യുന്നത്. ആര്‍ക്കെന്ത് നേടാന്‍ ? ആര്‍ക്കെന്ത് ലഭിക്കാന്‍ ???

നിന്റെ വഴിപാട് യാഗപീഠത്തില്‍ എത്തിക്കുമ്പോള്‍ നിന്റെനേരെ സഹോദരന് എന്തെങ്കിലും പരാതി ഉണ്ടങ്കില്‍ അവനോട് ആദ്യം ആ പരാതി പറഞ്ഞ് തീര്‍ത്തതിനുശേഷം വന്ന് വഴിപാട് കഴിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. സഹോദരനോട് ഏഴല്ല ഏഴ് എഴുപതു വട്ടം ക്ഷമിക്കണം എന്നുമാണ്
ക്രിസ്തുപഠിപ്പിച്ചത്. ആ ക്രിസ്തുവിന്റെ പിന്‍‌ഗാമികള്‍ എന്നോ അനുയായികള്‍ എന്നോ പറയുന്നവര്‍ തന്നെയാണ് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. മറ്റുള്ള ജനങ്ങളുടെ ഇറ്റയിലും സമൂഹത്തിലും ഇവര്‍ നാണം കെടുത്തുന്നത് ക്രൈസ്തവതയെയാണ്,ഇവരാല്‍ അപമാനിക്കപ്പെടുന്നത് ക്രിസ്തുതന്നെയാണ്. വിശ്വാസപരമായ ഒരു തര്‍ക്കമല്ല ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത്.

കുറേ നാളുകള്‍ക്ക് മുമ്പുവരേയും ഏതെങ്കിലും കുടുംബങ്ങള്‍ പള്ളിയിലെക്ക് നല്‍കേണ്ട പണം നല്‍കാതിരുന്നാ‍ല്‍ ആ കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ശവം അടക്കം ചെയ്യണമെങ്കില്‍ നല്‍കേണ്ട പണം പള്ളി ട്രസ്റ്റില്‍ അടച്ചതിനു ശേഷമേ മൃതശരീരം അടക്കം ചെയ്യുവായിരുന്നുള്ളൂ. മൃതശരീരത്തെവെച്ച് വിലപേശുന്നത് ശരിയല്ലന്നും മരിച്ചവന്റെ ബന്ധുക്കളെ വിളിച്ച് പണം ചോദിക്കുന്നതിലും ശരിയില്ലായ്മയും മനസിലാക്കി പല പള്ളികളിലും അടക്ക സമയത്ത് കുടിശ്ശിഖ ബലമായി വാങ്ങാറില്ല. മനുഷ്യനു വിദ്യാഭ്യാസവും അറിവും ഉയര്‍ന്നിട്ടും മൃതശരീരത്തോട് അനാദരവ് കാണിക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നത് നന്നല്ല.

യാക്കോബായ വിഭാഗത്തില്‍ പെട്ട ചിന്നമ്മയുടെ മൃതശരീരം അടക്കാന്‍ വന്ന യാക്കോബായ പക്ഷത്തിനു മുന്നില്‍ സെമിത്തേരിയുടെ ഗെയ്റ്റ് ഓര്‍ത്തഡോക്സ് വിഭാഗം പൂട്ടിയതോടെ ആയിരുന്നത്രെ സംഘര്‍ഷം. ഇന്ന് പ്രതിസ്ഥാനത്ത് നാളെ ഓര്‍ത്തഡോക്സ് വിഭാഗം ആണങ്കില്‍ നാളെ പകരത്തിനുപകരം ചെയ്യുമ്പോള്‍ പ്രതിസ്ഥാനത്ത് യാക്കോബായ പക്ഷം ആയിരിക്കും. ഒക്‍ടോബര്‍ മാസത്തില്‍ സമാനമായ നടന്ന സംഭവത്തിന്റെ പ്രതിസ്ഥാനത്ത് യാക്കോബായ പക്ഷം ആയിരുന്നു. അന്ന് മുള്ളരിക്കോട് എന്ന സ്ഥലത്ത് ഓര്‍ത്തഡോക്സ് സഭയിലെ മത്തായി എന്ന ആളിന്റെ മൃതശരീരം സംസ്ക്കരിക്കുന്നതിന് കോടതിയുടെ ഉത്തരവ് വേണ്ടിവന്നു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്വമടക്ക് പ്രശ്നത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൃതശരീരം അനാഥമായി റോഡില്‍ കിടന്നത് ഒരു ദിവസമാണ്.(എവിടെയായിരുന്നു ആ സംഭവം എന്ന് ഓര്‍ക്കുന്നില്ല). ഓര്‍ത്തഡോക്സ് പക്ഷക്കാരനായോ യാക്കൊബായ പക്ഷക്കാരനായോ ജനിച്ചതുകൊണ്ട് മാത്രം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ ഇങ്ങനെ അപമാനിക്കപ്പെടരരുത്.

യാക്കോബായ വിഭാഗം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ചില വാര്‍ത്തകള്‍ :: ഒന്ന്   രണ്ട്

മരിച്ച ഒരാളുടെ ശവശരീരത്തോടു പോലും എന്തിനിങ്ങനെ അസഹിഷ്ണതയോടെ അക്രൈസ്തവമായി പെരുമാറുന്നു എന്ന് മനസിലാകുന്നില്ല. നിയമം നിയമത്തിന്റെ വഴിക്കൂടെ പോകട്ടെ എന്ന് പറയുന്നതോടൊപ്പം ചില മാനുഷികമായ കരുതലുകളും വിട്ടുവീഴചകളും സഭകളില്‍ നിന്ന് ഉണ്ടാകണം. മരണം എപ്പോള്‍ വെണമെങ്കിലും കടന്നുവരാം. സഭാതര്‍ക്കം തീര്‍ന്നിട്ടേ മരിക്കാവൂ എന്നു മനുഷ്യരായ നമുക്ക് ദൈവത്തോട് പറയാന്‍ പറ്റില്ലല്ലോ??? മൃതദേഹത്തോട് അനാദരവുകാണിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ നേതൃത്വം കുടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനായി ഭൂമിയില്‍ ജീവിക്കുമ്പോള്‍ മാനുഷികമായ ചില പരിഗണനകള്‍ സഹജീവികളോടു നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നതിലും ക്രൂരമാണ്മരണശേഷം ജീവനില്ലാത്ത ശരീരത്തോട് ചെയ്യുന്ന അനാദരവ്. ഓര്‍ത്തഡോക്സ് / യാക്കൊബായ വിഭാഗത്തില്‍ ജനിച്ചു എന്നൊരു തെറ്റുകൊണ്ട് മാത്രം ഇനി ആരുടേയും മൃതശരീരങ്ങള്‍  വഴിവക്കിലും സെമിത്തേരിക്കു മുമ്പിലും കാത്തുകിടക്കാന്‍ പാടില്ല. മനുഷ്യന്‍ മനുഷ്യനാവുന്നത്  വിവേകപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ യാണല്ലോ ..... ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍ ഇനിയെങ്കിലും തെരുവില്‍ മൃതശരീരങ്ങളുമായി സമരം നടത്താന്‍ ഇടയാകരുത്.... കായം‌കുളത്ത് നടന്നത് ഇത്തരം സംഭവങ്ങളിലെ അവസാനത്തേത് ആയിരിക്കട്ടെ .നൂറ്റാണ്ടുകള്‍ക്കുമുമ്പ് യേശുദേവന്‍ യെരുശലേം ദേവാലയത്തില്‍ നടക്കുന്ന കൊള്ളരുതായമകള്‍ക്ക് എതിരെയാണ് ചാട്ടവാറെടുത്തത്. അന്ന് യേശുദേവന്‍ ദേവാലയത്തില്‍ നിന്ന് ചാട്ടകൊണ്ട് അടിച്ച് പുറത്താക്കിയത് ദേവാലയത്തില്‍ വില്‍ക്കുന്നവരേയും വാങ്ങുന്നവറെയും ആയിരുന്നു. ദേവാലയത്തെ വാണിഭശാല ആക്കരുതെന്ന് പറഞ്ഞായിരുന്നു അന്ന് യെശുദേവന്‍ ചാട്ടവാറെടുത്തതെങ്കില്‍ ഇനിയും യേശുദേവന്‍ വന്നാല് ‍(വരുമെന്നാണ് ക്രിസ്ത്യാനികളുടെ പ്രത്യാശ)  ചാട്ടവാറെടുക്കുന്നത് തന്റെ അനുയായികള്‍ നടത്തുന്ന ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ആയിരിക്കും എന്നതില്‍ സംശയിക്കേണ്ട കാര്യമില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ഇരു സഭവിഭാഗങ്ങളുടേയും നേതൃത്വത്തിനു കഴിയും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ചിത്രങ്ങള്‍ :: മാതൃഭൂമിartmight

ഈ വിഷയത്തോട് അനുബന്ധിച്ച് വായിക്കാവുന്ന ഒരു കഥ :: വെറോനിക്ക