Saturday, January 24, 2009

ചില സി.ബി.ഐ. ചിന്തകള്‍ :

എന്നാലും ഞങ്ങളുടെ സി.ബി.ഐ. ഇത്രയ്ക്ക് അങ്ങോട്ട് വേണ്ടായിരുന്നു. ഞങ്ങളുടെ പിണറായി സഖാവിനെ ഒന്‍‌പതാം പ്രതിയാക്കണമായിരുന്നോ ? എസ്.എന്‍.സ്വാമിയും കെ.മധുവും മമ്മൂട്ടിയും ഒക്കെ ചേര്‍ന്ന് കഷ്ടപ്പെട്ട് സേതുരാമയ്യര്‍ വഴി ഞങ്ങള്‍ മലയാളികള്‍ക്കിടയില്‍ സി.ബി.ഐ യെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കി തന്നായിരുന്നു. “ടട്ടട്ടേ ടടട്ടേ...ടട്ടട്ടേ ടടട്ടേ...“ എന്ന് രാവിലേയും വൈകിട്ടും പാടിന്നടന്നു. എന്നിട്ടും ഞങ്ങളോടിത് വേണമായിരുന്നോ .... സി.ബി.ഐ. മനഃപൂര്‍വ്വം തങ്ങളെ കുറ്റക്കാര്‍ആക്കുകയാണന്ന് പിതൃക്ക കോട്ടൂരച്ചന്‍സ് ആന്‍ഡ് സെഫി സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ഞങ്ങളത് ചിരിച്ചു തള്ളിയതാണ് പക്ഷേ
ഇപ്പോള്‍ പിണറായി സഖാവിനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതം ആണന്ന് പാര്‍ട്ടിയും കൈരളിയും ദേശാഭിമാനിയും പറയുമ്പോള്‍ ഞങ്ങളതിനെ എങ്ങനെയാണ് അവിശ്വസിക്കു ന്നത് ... പാവം പിടിച്ച ആ ആച്ചന്മാരേയും സിസ്റ്ററേയും പ്രതികളാക്കി കണ്ടത് പാപമായല്ലോ എന്റെ സി.ബി.ഐ.... കുമ്പസാരക്കൂട്ടില്‍ ഉളിപ്പില്ലാതെ ആ പാപം എങ്ങനെ ഏറ്റുപറയും ...


സി.ബി.ഐ ആനയാണ് ചേനയാണ് എന്നോക്കെയാണ് കഴിഞ്ഞ ആഴ്ചവരെ കൈരളിയും ദേശാഭിമാനിയും പറഞ്ഞത്. സിസ്റ്റര്‍അഭയെകൊന്നവരെ പതിനാറു വര്‍ഷത്തിനു‌ശേഷം അറസ്റ്റ് ചെയ്ത സി.ബി.ഐ യെക്കുറിച്ച് അവരെന്തെല്ലാം അപദാനങ്ങളാണ് വാഴ്ത്തിപ്പാടിയത് . അച്ചന്‍സ് സിസ്‌റ്റേഴ്‌സിന്റെ കൂസലില്ലായ്മയെ എത്ര ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് കാണിച്ചു തന്നത്. അച്ചന്മാരും സിസ്റ്ററും നിരപരാധികളാണന്ന് രൂപതക്കാര്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു പുകില്‍. പ്രതികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയന്ന് പറഞ്ഞ് എന്ത് പോസ്റ്ററുകളാണ് ഭിത്തികളില്‍ പറഞ്ഞത്. പ്രതികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും നോട്ടീസ് ഇറക്കിയവരേയും തെറിവിളച്ച് സി.ബി.ഐ യ്ക്ക് ജയ് വിളിച്ചവര്‍ ഇന്ന് എവിടെയാണ് ???? ഡിസംബറില്‍ രൂപതക്കാര്‍ ചെയ്തത് തന്നെയല്ലേ രണ്ടു ദിവസമായി കൈരളിയും ദേശാഭിമാനിയും സി.പി.ഐ.(എം) നടത്തുന്നത് .....


പിതൃക്ക കോട്ടൂര്‍ സെഫി കള്‍ക്ക് വേണ്ടി ദീപിക പത്രം വാദിച്ചതുപോലെ ഇന്ന് ദേശാഭിമാനി ചെയ്യുന്നു. ( ജീവന്‍ കൈവിട്ടതില്‍ അച്ചന്മാര്‍ ഖേദിച്ചിട്ടുണ്ടാവും,പോയ ബുദ്ധി ആനപിടിച്ചാലും തിരിച്ചുവരല്ലില്ലോ? ) . ദീപിക സി‌ബിഐ ക്കാര്‍ക്ക് എതിരേ മുന്‍ ജസ്റ്റീസിനെകൊണ്ട് ലേഖനം എഴിതിക്കുമ്പോള്‍ കൈരളി സി.ബി.ഐ നടപടികള്‍ക്ക് എതിരെ ജസ്റ്റിസ് കൃഷ്ണയ്യരെ കൊണ്ട് തന്നെ പറയിപ്പിക്കുന്നു. (അത് ലേഖനരൂ‍പത്തില്‍ വരുമോ എന്നറിയാന്‍ നാളത്തെ (25/1/09) പത്രം നോക്കണം.). അച്ചന്‍‌സ് ആന്‍ഡ് സിസ്റ്ററിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് ഇടയലേഖന മിറക്കിയെങ്കില്‍ പിണറായി വിജയന്‍ നിഷ്‌കളങ്കന്‍ ആണന്ന് വീടുവീടാന്തരം കയറി അറിയിക്ക ണമെന്ന് ഇടതു‌പക്ഷത്തുനിന്ന് അറിയിപ്പ് തഴേത്തട്ടിലേക്ക് എത്തിക്കഴിഞ്ഞു. സി.ബി.ഐ. ക്കാരെ തെറിവിളിച്ച് കുഞ്ഞാടുകള്‍ ചെറിയ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ സഖാക്കള്‍ സംസ്ഥാനമൊട്ടാകെ
വലിയ പ്രകടനങ്ങള്‍ ആണ് സിബി.ഐ.ക്കെതിരെ നടത്തിയത്.



സി.ബി.ഐ.ക്കാര്‍ പുപ്പിലികള്‍ ആണന്നാണ് ഇത്രയും നാള്‍ ഇടതുപക്ഷം പറഞ്ഞു കൊണ്ട് നടന്നത് . ലാലുവിന്റെ കാലിത്തീറ്റയുംമായാവതിയുടെ താജ് കുഭകോണവും ജയാമ്മയുടെ അഴിമതിയും ഒക്കെ പറഞ്ഞ് സി.ബി.ഐ യെ പൊക്കിപ്പിടിച്ചവര്‍ ഇന്നലെ തൊട്ട് സ്റ്റിയറിംങ്ങ് അങ്ങ് കണ്ടമാനം ഒടിച്ചു. അതെല്ലാം ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ സി.ബി.ഐ യെ എങ്ങനെ ഭരണപക്ഷം ഉപയോഗിക്കുന്നു എന്നതിന്റെ തെളിവുകളാണന്ന് അവര്‍ പറയുന്നു.


തങ്ങള്‍ ഭരണത്തില്‍ കേറിയതുകൊണ്ടാണ് അഭയക്കേസില്‍ പ്രതികള്‍ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ക്ക് കഴിഞ്ഞതെന്ന് പറഞ്ഞ അച്യുതാനന്ദന്‍ സഖാവിന് കേരളത്തില്‍ മിണ്ടാട്ടമില്ല. താന്‍ മുഖ്യമന്ത്രിയായതുകൊണ്ടാണ് ലാവ്‌ലിന്‍ കേസില്‍ സിബി.ഐ യ്ക്ക് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കാന്‍ കഴിഞ്ഞതന്ന് ഏതായാലും സഖാവ് പറഞ്ഞില്ല. ഇങ്ങനെയങ്ങ് തീര്‍ത്ത് പറഞ്ഞന്ന് പറയാന്‍ വരട്ടെ. കേരളത്തില്‍ വച്ച് ഒന്നും പറഞ്ഞില്ലന്നേയുള്ളു. പറയാനുള്ളതെല്ലാം സര്‍ക്കാര്‍ ചിലവില്‍ ഫ്ലൈറ്റ് പിടിച്ച് ഡല്‍ഹിയില്‍ ചെന്ന് പറഞ്ഞത്രെ. ( അതിനും നാട്ടുകാരുടെ കാശ് എടുത്തു ... പാവം!!!) . ചിലരിങ്ങനെയാണ് , ദേഷ്യം വരുമ്പോള്‍ അത് എതിരാളിയോട് കാണിക്കാറില്ല. നദിക്കരയില്‍ പോയി നിന്ന് രണ്ട് തെറിവിളിച്ച് തൃപ്തിപ്പെടും .സ്വന്തം തടികൂടി നോക്കണമല്ലോ ....


“മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍“ എന്ന് പൂന്താനം പാടിയത് നമ്മുടെ സി.ബി.ഐ.ക്കാരെ ക്കുറിച്ച് ആകാന്‍ വഴിയില്ലങ്കിലും സി.ബി.ഐ. യ്ക്കിത് ഇപ്പോള്‍ ചേരും. അഭയക്കേസില്‍ പ്രതികളെ ഒക്കെ പിടിച്ച് നിവര്‍ന്ന് നില്‍ക്കുമ്പോള്‍ “സി.ബി.ഐ. ക്കാര്‍ തങ്ങളെ പ്രതികളാക്കിയത് ഗൂഡാലോചനയുടെ ഫലമാണന്ന് “ അച്ചന്മാര്‍ പറഞ്ഞതാരും കേട്ടില്ല. അതാരും ഏറ്റുപിടിച്ചതും ഇല്ല. പക്ഷേ ഇപ്പോള്‍ കാലം മാറി കഥ മാറി .. സി.ബി.ഐ.ക്കാര്‍ ഗൂഡാലോചനക്കാ‍ര്‍ ആയി..


അച്ചന്മാര്‍ക്ക് ആശ്വസിക്കാം ,കൂട്ടത്തല്‍ നാട്ടുകാര്‍ക്കും. ഇത്രയും നാളും കീരിയും പാമ്പും പോലെ നിന്നിരുന്ന സഭയും പാര്‍ട്ടിയും ‘സി.ബി.ഐ ക്കാരുടെ ഗൂഡാലോചന‘ യില്‍ ഒരുമിച്ചല്ലോ?? സഭയ്ക്കുംപാര്‍ട്ടിക്കും ‘സി.ബി.ഐ ക്കാരുടെ ഗൂഡാലോചന‘ യ്ക്ക് എതിരെ ഒരുമിച്ച് ഒരു പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ് ....

Friday, January 23, 2009

ഒരു മന്ത്രിയുടെ ഒറ്റപ്പെടല്‍ :

ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന ഫിലിപ്പോസ് മാര്‍ യൌസേഫിയോസ് മെത്രാ‍പ്പോലീത്തായുടെ കബറടക്ക ശുശ്രൂഷയോട് അനുബന്ധിച്ച് നടന്ന ‘നഗരകാണിക്കല്‍’ ശുശ്രൂഷയില്‍ പങ്കെടുത്ത ഗതാഗത വകുപ്പുമന്ത്രി മാത്യു ടി തോമസ് വല്ലാത്ത ഒരവസ്ഥയില്‍ ചെന്ന് പെടുകയുണ്ടായി. നഗരകാണിക്കല്‍ പത്തനംതിട്ട ഗാന്ധി പ്രതിമയുടെ അടുത്തെത്തി തിരിഞ്ഞ് കോളേജ് റോഡ് വഴി കബറക്ക സ്ഥലമായ ബേസില്‍ അരമനയിലേക്ക് പോവുകയാണ് . നഗരകാണിക്കലില്‍ പങ്കെടുക്കുന്ന ( നഗരകാ ണിക്കല്‍ എന്ന് പറഞ്ഞാല്‍ ബിഷപ്പിനെ തന്റെ നാടിനോട് വിടപറഞ്ഞ് കബറക്ക ത്തീനായി കൊണ്ടു പോവുകയാണ് .ഇതില്‍ നടന്നാണ് പങ്കെടുക്കുന്നത്). മാത്യു ടി തോമസും ഈ ചട ങ്ങില്‍ പങ്കെടുക്കുകയാണ് .ഗാന്ധിപ്രതിമയുടെ അടുത്തുവരെ അദ്ദേഹം എത്തിയത് ചടങ്ങില്‍ പങ്കെടുക്കൂന്ന ‘ഖദര്‍ വസ്ത്രധാരി’ കളുടെ കൂടെ ആയിരുന്നു.

ഗാന്ധിപ്രതിമയുടെ അടുത്ത് ബിഷപ്പിന് വ്യാപാരികളുടെ ആദരാഞ്ജലിഅര്‍പ്പണത്തിനായി രഥം അവിടെ നിര്‍ത്തുമന്ന് ആദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അദ്ദേഹം നടന്നുകൊണ്ടിരുന്ന ലൈനില്‍ നിന്ന് മാറി റോഡ് സൈഡിലേക്ക് മാറിനിന്നു. ക്യാമറകള്‍ മാത്യു ടി തോമസിനെ ഫോക്കസ് ചെയ്യുന്നു എന്നറിഞ്ഞ ഉടനെ അദ്ദേഹത്തിനു ചുറ്റും കുറെ ഖദര്‍ ധാരികള്‍ കൂടി.
അല്പസമയത്തിനകം ബിഷപ്പിന്റെ മൃതശരീരവുമായി വന്ന രഥം ഗാന്ധി‌പ്രതിമയുടെ സമീപ ത്തായി എത്തി. ക്യാമറക്കണ്ണുകള്‍ രഥത്തെ ഫോക്കസ് ചെയ്തതോടെ മാത്യു ടി തോമസിന്റെ ചുറ്റും നിന്ന ഖദര്‍ ധാരികള്‍ അപ്രത്യക്ഷരായി.( അവരെവിടെ പ്രത്യക്ഷപെട്ടു എന്ന് പറയേണ്ട കാര്യമില്ലല്ലോ ?). ഗാന്ധിപ്രതിമയുടെ സമീപത്തെ ആദരാഞ്ജലിഅര്‍പ്പണം കഴിഞ്ഞതിനു ശേഷം രഥം മുന്നോട്ട് നീങ്ങി. അപ്പോഴും മാത്യു ടി തോമസ് റോഡ് സൈഡില്‍ തന്നെ നില്‍ക്കുന്നു. രണ്ടു മിനിട്ട് നേരം അദ്ദേഹം അവിടെ തന്നെ നിന്നു.

തന്റെ കൂടെ വന്നവര്‍ എങ്ങോട്ട് പോയന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവണം. ഏതായാലും
ഒരു ചെറുപ്പക്കാരനച്ചന്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി. ‘ഖദര്‍ വസ്ത്രധാരി’ കളുടെ കൂടെ അദ്ദേഹത്തെ അച്ചന്‍ എത്തിച്ചിട്ടൂണ്ടാവുമെന്ന് ഞാന്‍ കരുതി .എന്നാല്‍ മാത്യു ടി തോമസ് അച്ചന്മാരുടെ കൂട്ടത്തില്‍ നടക്കുന്നതാണ് പിന്നീട് ഞാന്‍ കണ്ടത്.



Tuesday, January 20, 2009

www.keralapolice.com പറ്റിച്ചേ !!!!

ഗൂഗിള്‍ സേര്‍ച്ചില്‍ keralapolice എന്നൊന്ന് സേര്‍ച്ച് ചെയ്ത് നോക്കിക്കേ ... നമ്മുടെ കേരളാപോലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സേര്‍ച്ച് പേജില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ഗൂഗിള്‍ തങ്ങളുടെ ഡേറ്റാബേസില്‍ നിന്ന് അതിശക്തമായ അല്‍ഗോരിതം വച്ച് സോര്‍ട്ട് ചെയ്തെടുക്കുന്ന സൈറ്റുകള്‍ നല്‍കുമ്പോള്‍ ആറാമതായി (6) നല്‍കുന്ന സേര്‍ച്ച് റിസല്‍ട്ട് സൈറ്റ് നോക്കുക.


ചിത്രം 1 സേര്‍ച്ച് റിസല്‍ട്ട്

www.mannaexpress.com എന്ന സൈറ്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് കിട്ടുന്നത് കേരളാ‌പോലീസുമായി ഒരു ബന്ധവും ഇല്ലാത്ത സൈറ്റ്. ക്രിസ്റ്റന്‍ പോര്‍ട്ടലാണ് ഇതെന്ന് ഈ സൈറ്റിന്റെ ഹോം പേജില്‍ നിന്നു തന്നെ മനസിലാക്കാം. ( ഈ പോര്‍ട്ടല്‍ എങ്ങനെയാണ് keralapolice എന്ന കീ വേഡ് സേര്‍ച്ചില്‍ വന്നുപെട്ടന്നതെന്ന് വഴിയെ മനസിലാക്കാം.)

www.keralapolice.org എന്ന് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്തു നോക്കിക്കേ .. അല്ലങ്കില്‍ ഗൂഗിളിന്റെ സേര്‍ച്ച് റിസല്‍ട്ടിലെ ഒന്നാമത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്താലും മതി . www.keralapolice.org നമ്മുടെ കേരളാ പോലീസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ്നമുക്ക് കാണാന്‍ കഴിയുന്നു.


ചിത്രം 2 കേരളാപോലീസിന്റെ ഒഫീഷ്യല്‍ സൈറ്റ്



www.keralapolice.org ക്ക് പകരം www.keralapolice.com എന്ന സൈറ്റൊന്ന് നോക്കുക. കേരളാപോലീസിനെക്കുറിച്ചുള്ളവിവരങ്ങള്‍ കാണാന്‍ കൊതിക്കുന്ന നിങ്ങളുടെ മുന്നില്‍ എത്തുന്നത് ഇങ്ങനെ ഒരു വെബ് സൈറ്റാണ് ...







ചിത്രം3 www.keralapolice.com എന്ന സൈറ്റ്


കേരളാപോലീസും ക്രിസ്ത്യന്‍ പോര്‍ട്ടലുമായി എന്താണ് ബന്ധം എന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളു. മനഃപൂര്‍വ്വം നിങ്ങളെ കബളിപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമാണ് ഇതിനു പിന്നില്‍. ഈ വൈബ് സൈറ്റ് എന്തിനുവേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇതിന്റെ ഹോം പേജില്‍ നിന്ന് തന്നെ മനസിലാക്കാം.





ഇനി http://www.mannaexpress.com/ എന്ന സൈറ്റ് കൂടി കണ്ടു നോക്കൂ. എന്താ കാണുന്നത്. http://www.keralapolice.com/ എന്ന അതേ സൈറ്റ്




ചിത്രം 4 http://www.mannaexpress.com/ എന്ന സൈറ്റ്

നമ്മുടെ നാട്ടിലെ കമ്പിനി നിയമങ്ങളില്‍ ഒരു രജിസ്റ്റേര്‍ഡ് കമ്പിനിയുടെ പേര് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതേ പോലെ തന്നെ ഗവണ്‍‌മെന്റിന്റെ പേരോ , സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് എന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പേരോ സ്വകാര്യസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. നമ്മുടെ ഐ‌റ്റി നയങ്ങളിലും ഇങ്ങനെയൊരു നിയമം ഉണ്ടാകേണ്ടതിന്റെ ആവിശ്യമാണ് ഈ വൈബ്‌സൈറ്റ് ( www.keralapolice.com ) ഓര്‍മ്മിപ്പിക്കുന്നത്.


ജനങ്ങളെ മനഃപൂര്‍വ്വം വഞ്ചിക്കുക എന്നുള്ള ഉദ്ദേശത്തില്‍ മാത്രമാണ് www.keralapolice.com എന്ന വൈബ് സൈറ്റിന്റെ നിര്‍മ്മാണം . ഈ സൈറ്റിന്റെ (www.keralapolice.com) കണ്ടന്റ് www.mannaexpress.com എന്ന സൈറ്റിന്റെ അതേ കണ്ടന്റ് തന്നെയാണന്ന് കൂടി അറിയുമ്പോഴാണ് ഈ സൈറ്റ് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണന്ന് മനസിലാവുന്നത്. കേരളപ്പോലീസും ക്രൈസ്തവതയും തമ്മില്‍ ഒരു ബന്ധവും ഇല്ലന്ന് ആര്‍ക്കാണ് അറിയാത്തത്.





ആരാണ് ഈ സൈറ്റിന് പിന്നിലുള്ളതന്ന് അവര്‍ തന്നെ പറയുന്നു .


ദൈവ വചനങ്ങളുമായി പൊരുത്തപ്പെടുന്ന സംഘടനകളുമായി സഹകരിക്കുന്നതില്‍ ഈ സൈറ്റിനു പിന്നിലുള്ളവര്‍ക്ക് സന്തോഷമേയുള്ളൂ എന്ന് അവര്‍ തന്നെ പറയുന്നു. കേരളപ്പോലീസ് ഇങ്ങനെയുള്ള ഒരു സംഘടനയായി www.keralapolice.com നു പിന്നിലുള്ളവര്‍ക്ക് തോന്നിയിരിക്കുമോ ?


www.keralapolice.com ന്റെ ഉദ്ദേശം എന്താണന്ന് കൂടി അവര്‍ പറയുന്നു.

ഇപ്പോഴുള്ള നമ്മുടെ ഐറ്റി നിയമങ്ങളില്‍ തന്നെ ഇത്തരം തെറ്റിധാരണ പരത്തുന്ന സൈറ്റുകള്‍ നിരോധിക്കാന്‍ നിയമം ഉണ്ടായിരിക്കണം.ഒര്‍ക്കൂട്ടില്‍ ഒരു വ്യക്തിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നതിലും കുറ്റകരമായ ഒരു പ്രവൃത്തി തന്നെയാണ് http://www.keralapolice.com/ നടത്തിയിരിക്കുന്നത് . കേരളപോലീസ് പോലെ ഒരു സംസ്ഥാനത്തിന്റെ നീതിനിര്‍വഹണം നടത്തുന്ന ഒരു ഗവണ്‍‌മെന്റ് സംവിധാനത്തിന്റെ പേരില്‍ ഒരു വൈബ് സൈറ്റ് തയ്യാറാക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം തന്നെയല്ലേ...സര്‍ക്കാര്‍ സംവിധാനത്തെ വെല്ലു‌വിളിച്ചുകൊണ്ട് എന്തിന്റെ പേരിലാണങ്കിലും ഇങ്ങനെ തയ്യാറാക്കുന്ന വെബ് സൈറ്റ് ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണ് .....







Friday, January 16, 2009

എല്ലാവര്‍ക്കും വേണം രാജ്യസഭാ സീറ്റ് :

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിനു‌വേണ്ടി യുഡി‌എഫിലും എല്‍.ഡി.എഫി ലും അവകാശവാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എല്‍.ഡി. എഫില്‍ കക്ഷികള്‍ തമ്മിലാണ് സീറ്റിനു‌ വേണ്ടിയുള്ള അവകാശ വാദങ്ങള്‍ എങ്കില്‍ യുഡി‌എഫില്‍പഴയതുപോലെ തന്നെ കക്ഷികള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സീറ്റിനു വേണ്ടി അവകാശം ഉന്നയിച്ചു കഴിഞ്ഞു. ജനങ്ങള്‍ക്ക് വോട്ടവകാശമോ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനേ വ്യവസ്ഥ ഇല്ലാത്ത രാജ്യസഭാ തിരഞ്ഞെടുപ്പിലെ ചക്കളത്തി പോരാട്ടങ്ങള്‍മാധ്യമങ്ങളില്‍ വാര്‍ത്തയാകേണ്ടവയല്ലന്നാണ് തോന്നുന്നത്. ജനങ്ങളുടെ സന്മനസു കൊണ്ട് ലോക്‍സഭാ ഇലക്ഷനില്‍ എട്ടുനിലയില്‍ പൊട്ടിയവരെ വരെ രാജ്യസഭാവഴി എം.പികള്‍ ആക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറുകുന്നു എന്നത് ഏറ്റവും വലിയജനാധിപത്യ രാജ്യമെന്ന് മേനി നടിക്കൂന്ന ഭാരതത്തിന് അപമാനമല്ലേ എന്ന് ചിന്തിക്കുക. (ഒ.രാജഗോപാലനെ പോലെയുള്ളവരെഞാന്‍ ഉദ്ദേശിക്കുന്നില്ല. തുറന്നു പറയട്ടെ ഞാന്‍ ഉദ്ദേശിക്കുന്നത് ‘സൂര്യനെല്ലി‘യില്‍ തട്ടി വോട്ട് വീഴാതിരുന്ന പി.ജെ.കുര്യനെ തന്നെയാണ് ).

സാധാരണയുള്ളതുപോലെ യുഡിഫില്‍ രാജ്യസഭാ സീറ്റിന് മാണിസാര്‍ അവകാശം ഉന്നയിച്ചു. ചില പ്രത്യേക സാഹചര്യത്തില്‍ തങ്ങള്‍ വിട്ടു നല്‍കിയ സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്നുള്ള ന്യായമായ ആവിശ്യം അവര്‍ ഉന്നയിക്കൂന്നു. ഒഴിവു വരുന്ന സീറ്റ് തനിക്ക്തന്നെ വേണമെന്ന് വയലാര്‍ രവിയും ആവിശ്യപ്പെട്ടു. ജനങ്ങളെ സേവിക്കാനുള്ള വയലാര്‍ രവിയുടെ ത്വര എന്ത് വലുതാണന്ന് വോട്ടവകാ ശമില്ലാത്ത നമ്മള്‍ മനസിലാക്കണം. വയസ് കുറേ ആയി , നിയമസഭയിലും കേന്ദ്രത്തിലും ഒക്കെ വര്‍ഷങ്ങളായിഓടി നടക്കുന്നു , എന്നിട്ടും തനിക്ക് ജനങ്ങളെ സേവിച്ച് തീര്‍ന്നില്ലന്ന് വയലാര്‍ രവിക്ക് തോന്നിയത് എന്തുകൊണ്ടായിരിക്കും. സീറ്റ്മറ്റാര്‍ക്കു‌വേണ്ടിയെങ്കിലും ചോദിച്ചായിരുന്നെങ്കില്‍ അത് മനസിലാക്കാം. കോണ്‍‌ഗ്രസില്‍ ‘സ്വയം’ കഴിഞ്ഞിട്ടേയുള്ളല്ലോ മറ്റുള്ളവര്‍. ചില മത അദ്ധ്യക്ഷന്മാരെ പ്പോലെ മരിക്കുന്നതുവരെ ജനങ്ങളെ സേവിക്കാന്‍ എന്തെങ്കിലും അധികാര കസേര തങ്ങള്‍ക്ക് താങ്ങാവണം എന്ന് വയലാര്‍ രവിയെപ്പോലെ ഒരാള്‍ കരുതുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ അപചയം ആണ് കാണിക്കുന്നത്. വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് അധികാരം നേടിയ വയലാര്‍ രവി യുവതലമുറയ്ക്ക് വഴിമാറുന്നതല്ലേ നല്ലത് ? ഇനി ഒരഞ്ച് വര്‍ഷംകൂടി ജനങ്ങളെ അങ്ങ് സേവിക്കണമെന്നാണ് അതിയായ മോഹമെങ്കില്‍ ദേഹവും തൊണ്ടയും അനക്കി ലോക്‍സഭാ ഇലക്ഷനില്‍ നില്‍ക്കട്ടെ ....

കോണ്‍‌ഗ്രസില്‍ രാജ്യസഭാ സീറ്റിനു മോഹിക്കുന്നത് വയലാര്‍ രവി മാത്രമല്ല. ആ സീറ്റ് കരുണാകരന് ആവിശ്യപ്പെട്ടതാണന്ന്കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭാ സീറ്റിന്റെ പേരില്‍ പാര്‍ട്ടി വിട്ടുപോയിട്ട് ‘ഗതിപിടിച്ച് ‘ തിരിച്ചു കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നവര്‍ പറയുന്നു. ഏതായാലും കരുണാകരനേയും കൂട്ടരേയും നമ്മള്‍ അംഗീകരിച്ചേ മതിയാവൂ. കോണ്‍ഗ്രസിനും ആശ്വസിക്കാം. അടുത്ത ലോക്‍സഭാ ഇലക്ഷനില്‍ കരുണാകരനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടണമെന്ന് അവര്‍ അവകാശപെട്ടില്ലല്ലോ? ഒഴിവുവരുന്ന സീറ്റ് കരുണാകരന്റെ ആണന്നാണ് ഇവരുടെ പക്ഷം. കരുണാകരന്‍ കോണ്‍‌ഗ്രസ് വിട്ടുപോയപ്പോള്‍ ഉപേക്ഷിച്ച രാജ്യസഭാസ്ഥാനം കരുണാകരന് തിരിച്ചു കിട്ടണമെന്ന് . കോടോത്തിനെ വിമത സ്ഥാനാര്‍ത്ഥിയാക്കി കോണ്‍‌ഗ്രസിനെ ഒരു വഴിക്കാക്കുമെന്ന് പ്രതിജ്ജ എടുത്തവര്‍ക്ക് ( പക്ഷേ സ്വയം വഴിയാധാരമായത് ചരിത്രം ) വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രാജ്യസഭാസീറ്റ് തന്നെ നല്‍കേണ്ടത് ഉചിതം തന്നെയാണ്.

നമ്മള്‍ ജനങ്ങള്‍ , രാജ്യസഭാ ഇലക്ഷനില്‍ വെറും കാഴ്ചക്കാരാണ് . ഗാലറിയില്‍പ്പോലും ഇരുന്ന് കളിയുടെ ആവേശത്തില്‍ കൈയ്യടിക്കാന്‍ നമുക്ക് കഴിയത്തില്ല. ജനങ്ങളുടെ ഈ നിസഹായവസ്ഥയെ മുതലെടുക്കാനും ജനങ്ങള്‍ കഴുതകള്‍ തന്നെയാണന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാനും വേണ്ടിയാണന്ന് തോന്നുന്നു ഇടയ്ക്കിടെ രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഒരവകാശവും ഇല്ലാത്ത ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നു തന്നെയാണ് രാജ്യസഭാ അംഗങ്ങള്‍ക്കും ആനുകൂല്യങ്ങളും ശമ്പളവും ‘ഫ്രി ടിക്കറ്റു’കളും നല്‍കുന്നത് . ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് പണം എടുത്ത് രാജ്യസഭാ‍അം‌ഗങ്ങള്‍ക്ക് നല്‍കുമ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ തിരഞ്ഞെടുപ്പില്‍ ഒരു പങ്കും ഇല്ലന്ന് പറയുന്നത് ജനാധി‌പത്യ വ്യവസ്ഥയില്‍ നല്ലതാണോ ????????????

Tuesday, January 13, 2009

കാല്‍‌നടയാത്രക്കാര്‍ക്കും സെസ് :

അപകടങ്ങള്‍ ഏത് വഴി വേണമെങ്കിലും സംഭവിക്കാം. ഭാഗ്യം പോലെയിരിക്കും ഇപ്പോള്‍ അപകടങ്ങളുടെ വരവ്. റോഡ് സൈഡില്‍ കൂടി നടന്നുപോയാലും അപകടങ്ങള്‍ സംഭവിക്കാം. വണ്ടിവന്നിടിക്കണം എന്നോന്നും ഇല്ല. നമ്മുടെ ഓടകളുടെമുകളില്‍ക്കൂടി നടന്നാല്‍ എപ്പോഴാണ് ഓടയില്‍ വീഴുന്നതെന്ന് പറയാന്‍ പറ്റില്ല. നമ്മുടെ നാട്ടില്‍ ഓടപ്പുറത്തിട്ടിരിക്കൂന്ന സ്ലാബുകള്‍ നടപ്പാതകള്‍ ആണന്ന് ആരും പറഞ്ഞുതരാതെ തന്നെ നമുക്ക് അറിയാം. ഓടപ്പുറത്ത് കൂടെ നടക്കുന്നവന്‍ വേണമെങ്കില്‍ നോക്കി നടന്നു കൊള്ളണം .ചിലപ്പോള്‍ ‍ സ്ലാബ് പൊട്ടിയതായിരിക്കാം ചിലപ്പോള്‍ രണ്ടാമത്തെ സ്ലാബ് കഴിഞ്ഞ് പത്തുചുവട്ടടി കഴിഞ്ഞായിരിക്കും മൂന്നാമത്തെ സ്ലാബ് . ഹനുമാന്‍ ലങ്കയ്ക്കു ചാടിയതുപോലെ കൈയ്യിലിരിക്കുന്ന സാധനങ്ങള്‍ കൊണ്ട് വേണമെങ്കില്‍ ഓട ചാടിക്കോളണം. ഇതാണ് നമ്മുടെ ‘നടപ്പുനിയമം ‘ .ഈ നടപ്പു നിയമം അറിയാത്ത ഒരു പാവം പിടിച്ച മലയാളി യുവതി തമ്പാനൂരില്‍ കൂടി നടന്നപ്പോള്‍ ഓടയ്ക്കകത്ത് (സ്ലാബിനിടയില്‍ ) കാലു പോയി ‘വെറും‘ മുക്കാല്‍ മണിക്കൂര്‍ വേദന അനുഭവിച്ച് കിടന്നത് ചാനലുകാരല്ലാം കൂടി വാര്‍ത്തയാക്കി. വാര്‍ത്ത വന്നപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത് ഈ ഓടയുണ്ടാക്കാനും പരിപാലിക്കാനും സ്ലാബ് ഇടാനും മാറ്റാനും കൂടി ഉള്ളതാണ് നമ്മുടെ പൊതുമരാമത്ത് വകുപ്പന്ന് !!!!!

റോഡിലെ സ്ലാബുകളെല്ലാം ശരിക്കിട്ടോളാന്‍ മന്ത്രി പറയേണ്ടതാമസം കാനപ്പുറത്തെ സ്ലാബുകളെല്ലാം നന്നായി എന്നു വിചാരിച്ച്നാളെമുതല്‍ ഓടപ്പുറത്ത് കയറി നടന്നാല്‍ ചിലപ്പോള്‍ പാതാളത്തിലോട്ട് പോയന്നിരിക്കും. ഇടയ്ക്കിടെ ആളുകള്‍ പാതാളത്തിലേ ക്ക്പോയി നമ്മുടെ മുന്‍ രാജാവ് മാവേലിയുടെ ക്ഷേമം അന്വേഷിക്കാന്‍ വേണ്ടി യായിരിക്കും ഇങ്ങനെ ചിലയിടങ്ങളില്‍ ആള്‍ക്ക് ഇറങ്ങി പോകാന്‍ പാകത്തില്‍ ഓടസ്ലാബില്‍ വിടവിട്ടിരിക്കുന്നത്. ഇതിനു വേണ്ടി നമ്മള്‍ റോഡ് സൈഡിലോ നടുക്കോ
മൂടിയില്ലാത്ത മാന്‍ ഹോളുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം നാളെമുതല്‍ കാണത്തില്ലന്ന് വിചാരിക്കുന്ന മണ്ടന്മാരേ നിങ്ങളുടെജീവന് നമ്മുടെ ഭരണകര്‍ത്താക്കള്‍ നല്ല വിലതന്നെയാണ് കല്പിക്കുന്നത് . നിങ്ങളുടെ ജീവന്‍ അവര്‍ മുന്തിയ പരിഗണ തന്നെയാണ് നല്‍കുന്നത്. വിദേശകാറുകളില്‍ നൂറ്റമ്പതില്‍ കത്തിച്ചാണ് അവര്‍ പോകുന്നതെങ്കിലും സാധാരണക്കാരുടെ ജീവന് അവര്‍ പരിഗണന നല്‍കുന്നുണ്ട്. തങ്ങളുടെ അകമ്പടി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിക്കുന്നവരെ അവര്‍ ആശുപത്രികളില്‍ എത്തിക്കുന്നില്ലേ?? .. ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയല്ലേ നമ്മുടെ ഭരണ കര്‍ത്താക്കള്‍ റോഡില്‍ക്കൂടി പോകുന്നതിനു മുന്‍പ് നിയമപാലകര്‍ നിങ്ങളെ റോഡില്‍ തടഞ്ഞു നിര്‍ത്തുന്നത് . എന്തെല്ല്ലാം നിയമങ്ങളാണ് നിങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി അവര്‍ ഉണ്ടാക്കിയിരിക്കുന്നത്....


റോഡിലെ അപകടങ്ങള്‍ക്ക് കാരണം വാഹനങ്ങളുടെ അമിത വേഗത ആയതു കൊണ്ട് സ്പീഡ് ഗവര്‍ണര്‍ വച്ച് വേഗത കുറച്ചില്ലേ? (അപകടങ്ങള്‍ കുറഞ്ഞോ എന്ന് ചോദിക്കരുത് )

പണ്ട് ഒരു ബസ് അപകടത്തില്‍ പെട്ട് ബസിന്റെ മുന്‍‌വശത്ത് യാത്ര ചെയ്തിരുന്ന സ്ത്രികള്‍ മരിച്ചതിനു ശേഷം സ്ത്രികളുടെ സ്ഥാനം പിന്‍‌വശത്താക്കിയില്ലേ ? (ആണു ങ്ങള്‍ ചത്താലും കുഴപ്പമില്ല എന്ന വിചാരിച്ചാണോ ഇങ്ങനെയൊരു നിയമം ഉണ്ടാക്കിയതന്ന് അറിയില്ലങ്കിലും പെട്ടന്ന് തന്നെ വീണ്ടും ആണുങ്ങള്‍ പിന്നിലും പെണ്ണുങ്ങള്‍ മുന്നിലും ആയി)

ഇരു ചക്രവാഹനങ്ങളില്‍ സഞ്ചിരിക്കുന്നവര്‍ അപകടത്തില്‍ പെട്ട് തലയ്ക്ക് ക്ഷതം ഏല്‍ക്കാതിരിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയില്ലേ ? (പുറകിലിരിക്കുന്നവരുടെ തല തലയല്ലാത്തതുകൊണ്ട് പുറകിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് വേണ്ട)

നാലു ചക്രവാഹനങ്ങളുടെ മുന്നിലിരിക്കുന്നവരുടെ തല മുന്നില്‍ പോയി ഇടിക്കാതി രിക്കാനും അപകടസ്മയങ്ങളില്‍ തെറിച്ചു പോകാതിരിക്കാനും സീറ്റ്‌ബെല്‍റ്റ് നിര്‍ബ ന്ധമാക്കിയില്ലേ ???

ബസുകളില്‍ നിന്ന് ആളുകള്‍ തെറിച്ചു പോകാതിരിക്കാന്‍ ഡോറുകളില്‍ വാതില്‍പ്പി ടിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലേ (ഗവണ്‍‌മെന്റ് നിയമങ്ങള്‍ ഗവണ്‍‌മെന്റ് വാഹന ങ്ങള്‍ക്ക് ബാധകമല്ലാത്തതുകൊണ്ട് ആനവണ്ടികള്‍ക്ക് വാതില്‍ നിര്‍ബന്ധമില്ല).

ഇത്രയ്ക്ക് നിയമങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത് കഴിഞ്ഞപ്പോഴാണ് ആര്‍ക്കോ വെളിപാട് വന്നത് . അപകടങ്ങള്‍ക്ക് കാരണം നമ്മുടെ റോഡുകള്‍ കൂടി അല്ലേ ? ആരുടയോ ബുദ്ധി‌തെളിഞ്ഞു റോഡിനും വേണ്ടേ ഒരു സുരക്ഷ. വെറുതെയങ്ങ സുരക്ഷിക്കാന്‍ പറ്റുമോ ? ചിലവുള്ള കാര്യമാണ് റോഡ് സുരക്ഷ . അതിനു ഫണ്ട് വേണം. ഫണ്ടന്ന് പറഞ്ഞാല്‍ കാശ്. കാശ് എവിടെ നിന്ന് വരും. പിരിവുതന്നെ ശരണം. ആ പിരിവിനു ഒരു പേരു വേണം . അവസാനം ഒരു പേരും കണ്ടെത്തി. റോഡ് സുരക്ഷാ സെസ് !!റോഡില്‍ക്കൂടി ‘ഓടി പോകുന്ന‘ എല്ലാ വണ്ടികള്‍ക്കും സെസ് .. സെസു കൊണ്ട് ഫണ്ടായി. ആ ഫണ്ട് കൊണ്ട് റോഡ് സുരക്ഷയായി..

എന്താണ് ഇപ്പോള്‍ നമ്മുടെ റോഡ് ... ഗട്ടറുകള്‍ കാണാനേയില്ല ... സൈന്‍‌ ബോര്‍ഡുകള്‍ രാത്രിയില്‍ തിളങ്ങുന്നു ... റോഡുകളില്‍അടയാള വരകള്‍ ... ഹഹ എന്തു മനോഹരമായ റോഡുകള്‍ ... റോഡ് സെസ് അടച്ചുകഴഞ്ഞപ്പോള്‍ റോഡ് എല്ലാം സുരക്ഷിതമായി എന്നു കരുതിയവരേ നമ്മുടെ റോഡ് ഇപ്പോഴും മഴപെയ്താല്‍ തോടു തന്നെയല്ലേ ??? ഗട്ടറില്‍ ഓടിക്കാതെ വണ്ടിയോടിക്കാം എന്ന് കരുതി മാസികകളിലെ ‘വഴികാണിച്ചു കൊടുക്കാമോ?’ വരയ്ക്കാന്‍ മറന്നവരേ നമ്മളിപ്പോഴും കേരളത്തില്‍തന്നെയാണന്ന് ഓര്‍ക്കുക...

റോഡില്‍ക്കൂടി വാഹനം ഓടിക്കണമെങ്കില്‍ റോഡ് സുരക്ഷാ സെസ് അടയ്ക്കണമെന്ന് പറഞ്ഞ് വാഹനമുള്ളവരെ കളിയാക്കിയവരേ നിങ്ങള്‍ക്കും ഒരു സെസ് വരും .’ കാല്‍‌നട സുരക്ഷാ സെസ് ‘ . നടന്നു പോകുന്നവരുടെ സുരക്ഷയും സര്‍ക്കാര്‍ തന്നെയല്ലേ നോക്കേണ്ടത് ... ‘കാല്‍‌നട സുരക്ഷാ സെസ്‘ അടച്ചിട്ട് ഓടപ്പുറത്തുകൂടെ ഓടിപ്പോകാം എന്നൊന്നും കരുതേണ്ട.. ഓടയ്ക്ക് സ്ലാബുതന്നെ കണ്ടന്ന് വരില്ല ....

Sunday, January 11, 2009

പിണറായി പുറത്തേക്ക് ?????

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ‘ലാവ്‌ലിന്‍ ‘ കേസില്‍ സി.ബി.ഐ. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റപത്രത്തില്‍ മുഖ്യപ്രതി സ്ഥാനത്ത് പിണറായി വിജയന്‍ ആണ്. മംഗളം റിപ്പോര്‍ട്ട് മറ്റ് പത്രങ്ങള്‍ കണ്ടതായി പോലും ഭാവിച്ചിട്ടില്ല. കഴമ്പില്ലാത്ത അഴിമതിക്കഥകള്‍ നിരത്തി വായനക്കാരുടെ എണ്ണം കൂട്ടാന്‍ എല്ല്ലാ പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ലാവ്‌ലിന്‍ അഴിമതികളില്‍ ബൂര്‍ഷാ പത്രങ്ങള്‍പ്പോലും താല്പര്യം കാണിച്ചിട്ടില്ല.


കേരളത്തിലെ ചില വൈദ്യുതി പദ്ധതികളുടെ നവീകരണത്തോട് അനുബന്ധിച്ച് ലാവ്‌ലിന്‍ കമ്പിനിയുമായി ഉണ്ടാക്കിയകരാറിന്റെ ലംഘനത്തെതുടര്‍ന്ന് കേരളത്തിന് അര്‍ഹതപെട്ട ‘കോടികള്‍ ‘ (ആശുപത്രി ഉപകരണങ്ങള്‍) ലഭിച്ചില്ല എന്ന ആരോപണങ്ങളെ തുടര്‍ന്ന് നടത്തുന്ന അന്വേഷ്ണമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത് .യു.ഡി.എഫി നേയും എല്‍.ഡി.എഫിനേയും ഒരേ പോലെ പ്രതിക്കൂട്ടിലാക്കിയ ലാവ്‌ലിന്‍ അഴിമതി ഇപ്പോള്‍ എല്‍.ഡി.എഫി നെ പ്രതികൂട്ടിലാക്കുകയാണ്. ‘മൊട്ടുസൂചി’ അഴിമതിക്ക് എതിരെ മിനിട്ടിന് മിനിട്ടിന് പത്രസമ്മേളനം നടത്തി തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്ന ഭരണ- പ്രതിപക്ഷകക്ഷികള്‍ ലാവ്‌ലിന്‍ നിശബ്ദ്ദത പാലിച്ചു. ഈ നിശബ്ദ്ദതയില്‍ നിന്നാണ് ക്രൈം മാസികയുടെ നന്ദകുമാര്‍ തെളിവുകളുമായിഎത്തുന്നത്. പിണറായിക്കെതിരെയുള്ള തെളിവുകള്‍ നന്ദകുമാര്‍ ഹാജരാക്കുകയും ചെയ്തു. ഇതില്‍ കലി പൂണ്ടവര്‍ ക്രൈം മാസികയുടെ കോപ്പികള്‍ കത്തിക്കുകയും ക്രൈം ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. സിബിഐ നടത്തിയ അന്വേഷ്ണത്തിലുംതെളിവുകള്‍ പിണറായിക്കെതിരാണ് .


ഈ കുറ്റപത്രം സമര്‍പ്പണം നീട്ടിക്കൊണ്ടു പോകാന്‍ ചിലര്‍ ശ്രമിക്കും . വരുന്ന ലോക്സ്ഭ ഇലക്ഷന് മുമ്പായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കും. മാത്രവുമല്ല പിണറായി അടുത്തമാസം നടത്തുന്ന കേരളയാത്രയില്‍ ഈ കുറ്റപത്രത്തിന് വിശദീകരണം നല്‍കുകയും വേണ്ടിവരും. ഇത് പ്രതിപക്ഷം ശരിക്ക്
വിനിയോഗിക്കൂകയും ചെയ്യും. സംസ്ഥാന ഗവണ്‍‌മെന്റിന്റെ ജനക്ഷേമ പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുംഅഴിമതികളും പ്രചരണായുധമാക്കി കൊണ്ട് നടത്തുന്ന ‘കേരള യാത്ര’യ്ക്ക് ,അഴിമതി ആരോപണത്തില്‍ കുറ്റപത്രത്തില്‍ പേര്
പരാമര്‍ശിക്കപെട്ട ഒരാള്‍ നേതൃത്വം നല്‍കുന്നത് വി‌എസ് പക്ഷമെങ്കിലും എതിര്‍ക്കും.


ലാവ്‌ലിന്‍ കേസില്‍ സിബിഐ യുടെ അന്വേഷ്ണം സജീവമാക്കി നിര്‍ത്തിയിരുന്നത് വി‌എസ് തന്നെ ആയിരുന്നല്ലോ ? ക്ലീന്‍ഇമേജ് സൃഷ്ടിച്ചിരിക്കുന്ന വി‌എസിന് തനിക്കിപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചിരിക്കുന്ന ക്ഷീണം മറന്ന് പോരാട്ടം നടത്താന്‍സിബി‌ഐ യുടെ ലാവ്‌ലിന്‍ കുറ്റപത്രം ഊര്‍ജ്ജമാകും. തന്റെ ചിറകുകള്‍ ഓരോന്നായി അരിഞ്ഞ ഔദ്യോഗിക പക്ഷത്തിനെതിരെനടത്തുന്ന ഒളിയുദ്ധം അവസാനിപ്പിച്ച് തെളിയുദ്ധം നടത്താന്‍ പറ്റിയ ആയുധങ്ങള്‍ ഈ കുറ്റപത്രത്തില്‍ നിന്ന് വി‌എസ് പക്ഷംനേടിയെടുക്കും. അഴിമതിക്ക് എതിരെ കുരിശു‌യുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് ഒരു അഴിമതിക്കേസില്‍ പേര്
പരാമര്‍ശിക്കപെട്ട ആള്‍ ഇരിക്കുന്നതിന്റെ ധാര്‍മ്മികത മറ്റ് പാര്‍ട്ടിക്കാര്‍ ചോദ്യം ചെയ്തില്ലങ്കിലും വി‌എസ് ചോദ്യം ചെയ്യാതിരിക്കില്ല ... നിഷ്‌പക്ഷം എന്ന് നടിക്കുന്ന കേന്ദ്രനേതൃത്വത്തിന് ഇത് കാണാതിരിക്കാനും ആവില്ല ... അത്‌ഭുതങ്ങള്‍സംഭവിച്ചില്ലങ്കില്‍ , ലാവ്‌ലിന്‍ കെസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയാണങ്കില്‍ ‘അനിവാര്യ‘മായത് സംഭവിച്ചിരിക്കും.

Saturday, January 10, 2009

സാംസ്‌കാരിക ബമ്പര്‍ : bumber

“ഗാന്ധര്‍വ്വം ചേഹ നാട്യം ച
യഃ സ‌മ്യക് പരിപാലയേത്
ലഭതേ സദ്‌ഗതിം പുണ്യാം
സമം ബ്രഹ്മര്‍ഷിഭിര്‍ നരഃ “
[സംഗീതത്തേയും നാട്യത്തേയും ആരാണോ വേണ്ടതുപോലെ പരിപാലിക്കുന്നത് ആ ആള്‍ക്ക് ബ്രഹ്മര്‍ഷികളെപ്പോലെ പുണ്യമായ സദ്‌ഗതി ലഭിക്കും]

ഇത് ഞാന്‍ പറഞ്ഞതല്ല. നമ്മുടെ സാംസ്കാരിക ബമ്പര്‍ ഭാഗ്യക്കുറിയുടെ പരസ്യത്തില്‍ കണ്ടതാണ്. ഇന്ത്യയിലാദ്യമായി കലാ-സാംസ്കാരിക മേഖലകളീലെ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്ഷേമനിധിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ബമ്പര്‍ഭാഗ്യക്കുറിയുടെ വില്പന ഇന്നു മുതല്‍ ആരംഭച്ചിരിക്കൂന്നു. ടിക്കറ്റ് വില വെറും നൂറു രൂപ. ഒന്നാം സമ്മാനമോ രണ്ടു കോടിരൂപ.നിങ്ങള്‍ക്ക് പതിനായിരം രൂപയുടെ ടിക്കറ്റ് വാങ്ങണമെങ്കില്‍ അത് ചലിച്ചിത്രതാരങ്ങള്‍ നേരിട്ട് തരും എന്നാണ് പരസ്യത്തില്‍പറയുന്നത്. അങ്ങനെ നമ്മുടെ കേരളം ക്ഷേമനിധിത്തുടങ്ങാനും ലോട്ടറിതുടങ്ങി ചരിത്രം സൃഷ്ടിച്ചിരിക്കൂന്നു. ആരാണ് പറഞ്ഞത്കേരളത്തില്‍ നിന്ന് നൂതന ആശയങ്ങള്‍ ഒന്നും വരുന്നില്ലന്ന് ?????

2005 ല്‍ നടത്തിയ സ്പോര്‍ട്സ് ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞതുമുതല്‍ കേരളത്തിലെ കായികപ്രേമികള്‍ ഒരു ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കണ്ടതാണ് . സ്പോര്‍ട്സ് ലോട്ടറി നടത്തിയപ്പോള്‍ എന്തല്ലാമാണ് പറഞ്ഞത് . കേരളത്തില്‍ സ്പോര്‍ട്സ് അങ്ങനെ വികസിച്ച് വികസിച്ച് മാനം മുട്ടുമെന്നൊക്കെയാണ് പറഞ്ഞത് . ലോട്ടറിയുടെ പിരിവും കഴിഞ്ഞു കാശും തീര്‍ന്നുഎന്നു പോലല്ലേ കാര്യങ്ങള്‍ ഇപ്പോഴും. ഇപ്പോഴും നമ്മുടെ കുട്ടികള്‍ ലോക്കല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി അന്യനാടുകളില്‍ പോയിസമ്മാനം വാങ്ങുന്നു. റോഡില്‍ക്കൂടി ഓറ്റി പരിശീലിക്കുന്നു. 2008 ല്‍ ഒരു ഒളിമ്പിക്സ് മെഡല്‍ ആയിരുന്നു സ്പോര്‍ട്സ് ലോട്ടറിയുടെ ലക്ഷ്യം . നമ്മുടെ ആ മെഡല്‍ ബിന്ദ്ര വെടിവച്ചിട്ടപ്പോള്‍ നമ്മുടെ സ്പോര്‍ട്സ് ലോട്ടറി ആളുകള്‍ ബിന്ദ്രചേട്ടനെ കേരളത്തില്‍ കൊണ്ടുവന്ന് ഉപഹാരം കൊടുത്തീല്ലേ. ഒളിമ്പിക്സില്‍ പങ്കെടുത്ത കേരളതാരങ്ങള്‍ക്ക് പിന്നീട് സ്വീകരണം നല്‍കുമെന്ന് അവര്‍വലിയ വാഗ്‌ദാനം നല്‍കിയില്ലേ ? ഈ വാഗ്‌ദാനം പോരെ നമ്മുടെ നാട്ടിലെ സ്പോര്‍ട്സിന് ???

സ്പോര്‍ട്സ് ലോട്ടറിക്കഴിഞ്ഞപ്പോള്‍ അതാ വരുന്നു അടുത്ത ലോട്ടറി. മുഖ്യമന്ത്രിയുടേ ദുരിതാശ്വാസനിധി ലോട്ടറി. ലോട്ടറിക്കഴിഞ്ഞതില്‍ പിന്നെ ആരുടെയെങ്കിലും ഒക്കെ ദുരിതത്തിന് ആശ്വാസമായോ എന്നറിയില്ല. ഭാരിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ട എന്നാണല്ലോ ? സുനാമിയില്‍ തകര്‍ന്ന വീടുകള്‍ ഇപ്പോഴും നിര്‍മ്മിച്ചിട്ടില്ലന്നാണ് പറയുന്നത്. കഴിഞ്ഞില്ല അടുത്ത ബമ്പര്‍ എത്തി ഉടനെ. ലക്ഷം വീട് പുനരുദ്ധാരണ ലോട്ടറി. ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞിട്ടും ലക്ഷം വീട് ഇപ്പോഴും ലക്ഷം വീടായിതന്നെ നിലനില്‍ക്കുന്നുണ്ട്. ലക്ഷം വീട് പുനരുദ്ധരിച്ചില്ലങ്കിലും മന്ത്രിമന്ദിരങ്ങളുടെ പുനരുദ്ധാരണം മുറയ്ക്ക് നടക്കുന്നുണ്ട്. രാജാവ് നന്നായിട്ടുവേണമല്ലോ പ്രജകളെ നന്നാക്കാന്‍ !!!! പിന്നെയും വന്നു അടുത്ത ലോട്ടറി. സഹകരണ ലോട്ടറി. സഹകരണ മേഖലയെ താങ്ങാന്‍ ഒരു കൊച്ചു കൈതാങ്ങല്‍ . എല്ലാ ലോട്ടറികളും നന്നായി വിറ്റുപോയി. കാരണം വില്പന സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെ. പോലീസ് സ്റ്റേഷന്‍ , സഹകരണ സ്റ്റോറുകള്‍ , പഞ്ചായത്ത് ,വില്ലേജ് ഓഫീസുകള്‍,ട്രഷറികള്‍ ... തുടങ്ങി സാധാരണക്കാരന്‍ ചെന്നുകയറുന്നിടത്തെല്ലാം ലോട്ടറി കച്ചവടം പൊടിപോടിച്ചു.

അവസാനം സാം‌സ്കാരിക ബമ്പറും എത്തി. സാം‌സ്കാരിക ബമ്പറിന്റെ പരസ്യത്തില്‍ സിനിമാക്കാരുടെ നിര തന്നെയുണ്ട്. ഈ സിനിമാക്കാര്‍ തങ്ങളില്‍ അവശത ബാധിച്ചവരെ സഹായിക്കാനല്ലേ 20-20 ഉണ്ടാക്കിയത്. ഒരു കോടി രൂപ ‘അമ്മ’യ്ക്ക് കൊടുത്താണത്രെ ദിലീപ് സിനിമ നിര്‍മ്മിച്ചത് . അതില്‍ നിന്ന് കിട്ടിയ ലാഭമെടുത്ത് ഈ കലാ-സാംസ്കാരിക കേരളത്തിനൊരു കൈത്താങ്ങ്നടത്തിക്കൂടെ ??? അല്ലങ്കില്‍ നമ്മുടെ സാംസ്കാരിക വകുപ്പിനുതന്നെ സിനിമയോ , സീരിയലോ, ഡാന്‍‌സോ, നാടകമോ ഒക്കെനിര്‍മ്മിച്ച് കളിച്ചുകൂടെ ???? ഭാഗ്യക്കൂറി എന്ന ആശയം നല്ലതുതന്നെ അതിന്റെ വില്പനയാണ് പ്രശ്നം... സര്‍ക്കാര്‍ ഓഫീസുകള്‍മാര്‍ച്ച് 8 വരെ ലോട്ടറി വില്പനംകേന്ദ്രങ്ങള്‍ ആകും എന്നതില്‍ സംശയമില്ല.

ഏതായാലും സാംസ്കാരിക ലോട്ടറി വില്‍ക്കാന്‍ സിനിമാതാരങ്ങള്‍ റോഡ് ഷോകള്‍ ഒക്കെ നടത്തുന്നുണ്ടത്രേ. മമ്മൂട്ടി 5000 ടിക്കറ്റുകള്‍ ഉദ്ഘാടനവില്പനസമയത്ത് തന്നെയെടുത്തു. അതുപോലെ ബാക്കിയുള്ളവരും അതില്‍ പങ്കാളികള്‍ ആകുമത്രെ!!സ്പോര്‍ട്സ് ലോട്ടറിപോലയോ ,ദുരിതാശ്വാസനിധി ലോട്ടറി പോലയോ ഈ ലോട്ടറിയും ആകാതിരുന്നാല്‍ മതി.(ലോട്ടറിയുടെനടത്തിപ്പല്ല.. ലക്ഷ്യപ്രാപ്തിയാണ് )

സൂപ്പര്‍ ലോട്ടറി :
നഷ്ടത്തിലോടുന്ന നമ്മുടെ കോര്‍പ്പറേഷനുകളെ രക്ഷപ്പെടുത്താനും ഒരു ലോട്ടറി‌ വേണം. എല്ല്ലാ ക്ഷേമനിധികളുടേയും ധനശേഖരണാര്‍ത്ഥം ഓരോരോ ലോട്ടറികൂടി നടത്തിയാല്‍ നന്നായിരിക്കും. ലൈഗിംക തൊഴിലാളികള്‍ക്ക് ക്ഷേമനിധി തുടങ്ങാനും അതിനു ലോട്ടറി തുടങ്ങാനും ആ ലോട്ടറിയുടെ വില്പനയ്ക്കുവേണ്ടി റോഡുഷോകള്‍ സംഘടിപ്പിക്കാനും ആര്‍ക്കെങ്കിലും
തോന്നുമോ ആവോ??????????

Wednesday, January 7, 2009

നിയമപരിഷ്‌കരണത്തിലെ വിപ്ലവം :

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി വിപ്ലവകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് . എല്ലാ സമതികളേയും പോലെ ഈ സമിതിയും മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചിതലരിക്കപ്പെടാനാണ് സാധ്യതയെങ്കിലും കേരള സമൂഹത്തിനു മുന്നില്‍ ഒരു തുടര്‍ ചര്‍ച്ചയ്ക്കെങ്കിലും ഈ നിര്‍ദ്ദേശങ്ങള്‍ ഉപകരിക്കപെട്ടിരിക്കുകയാണ്. കേരളത്തിലെ സാമൂഹിക- മത- രാഷ്ട്രീയ രംഗത്ത് കനത്ത എതിര്‍പ്പുകളെ നേരിടേണ്ടി വന്നേക്കാവുന്ന നിര്‍ദ്ദേശ ങ്ങളാണ് ശുപാര്‍ശകളായി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി നിയമമന്ത്രിക്ക് കൈമാറുന്നത് .. ഇതാ ചില നിര്‍ദ്ദേശങ്ങള്‍



ബഹുഭാര്യാത്വത്തെക്കുറിച്ച് :
മുസ്ലിം സമുദായത്തില്‍ നിലനിന്നുവരുന്ന ബഹുഭാര്യാത്വത്തിന് കര്‍ശനമായ ഒരു ഉപാധി സമിതി മുന്നോട്ട് വയ്‌ക്കുന്നു. ആദ്യ ഭാര്യയുടെ സമ്മതം ഉണ്ടങ്കില്‍ മാത്രമേ ഭര്‍ത്താവിന് രണ്ടാമത് വിവാഹം കഴിക്കാന്‍ സാധിക്കു.

മുസ്ലിം മതനേതാക്കള്‍ ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു വെങ്കിലും മുസ്ലിം സ്ത്രികളും മറ്റുള്ളവരും ഇതിനെ സ്വാഗതം ചെയ്യുന്നു.

ദയാവധം :
ദയാവധം ആകാം എന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. (സാമൂഹികപരമായ ഒരു കാഴ്ചപ്പാട് ഇവിടെ ആവിശ്യമാണന്ന് തോന്നുന്നു).മതനേതാക്കള്‍ ഇതിനെ എതിര്‍ക്കുന്നു. ഈശ്വരന്‍ തരുന്ന ജീവനെ ഇല്ലാതാക്കാന്‍ ഈശ്വരനുമാത്രമേ അവകാശമുള്ളു.

താഴ്ന്നജാതിക്കാര്‍ക്കും അമ്പലങ്ങളില്‍ പൂജാരിയാകാം :
താഴ്ന്നജാതിക്കാര്‍ക്കും അമ്പലങ്ങളില്‍ പൂജനടത്താം മെന്നും അതിനവര്‍ക്കാവിശ്യമായ പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശം.

ചാതുര്‍‌വര്‍ണ്യത്തില്‍ നിന്നുള്ള അവസാന പൊളിച്ചടുക്കല്‍ ആയി ഇതിനെകാണാമെങ്കിലും മറ്റ് ചില പ്രശ്നങ്ങള്‍ ഉടലെടുക്കും (ജനങ്ങളുടെ മനോഭാവം തന്നെ). എസ്.എന്‍.ഡി.പി. ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുമ്പോള്‍ യോഗക്ഷേമസഭ ഇതിനെഎതിര്‍ക്കുന്നു.

രണ്ട് കുട്ടികളില്‍ അധികമാകുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ഇല്ല :
ഈ നിര്‍ദ്ദേശത്തെ ക്രൈസ്തവ സഭ എതിര്‍ക്കുന്നു. ( മറ്റ് പല രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ ഈ നിയമം ഉണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഇതേപോലെയുള്ള നിയമങ്ങള്‍ ഉണ്ട്.)

ബാലവേല കര്‍ശനമായി നിരോധിക്കണം :

വിദ്യാഭ്യാസം സാര്‍വത്രികം :

ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ ഒരാഴ്ചത്തെ നോട്ടീസ് നല്‍കണം :
മിന്നല്‍ ‘ഹര്‍ത്താലുകള്‍‘ നടക്കുകയില്ലന്ന് അര്‍ത്ഥം.

ഹര്‍ത്താലുകളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്യുന്നവരില്‍ നിന്ന് ഈടാക്കണം :
ഹര്‍ത്താലുകളുടെ സൃഷ്ടികര്‍ത്താക്കളായ രാഷ്ട്രീയക്കാര്‍ ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


ക്രിസ്ത്യന്‍ സഭകളുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ ട്രസ്റ്റുകള്‍ രൂപീകരിക്കണം :
ക്രിസ്ത്യന്‍ സഭകളുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ ട്രസ്റ്റുകള്‍ രൂപീകരിക്കുക, ആ ട്രസ്റ്റില്‍ വിശ്വാസികളെക്കൂടി അംഗങ്ങളാക്കണം. സര്‍ക്കാര്‍ നിയന്ത്രണം ആവിശ്യമില്ലന്നും പറയുന്നു.ഏറ്റവും അധികം എതിര്‍പ്പ് നേരിടേണ്ടിവരാവുന്ന വിപ്ലവകരമായ ഒരു നിര്‍ദ്ദേശമാണിത് . (ഹിന്ദുദേവാലയങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡും മുസ്ലീം ആരാധനായങ്ങള്‍ക്ക് വഖഫ് ബോര്‍ഡും ഇപ്പോള്‍തന്നെ നിലവിലുണ്ടന്ന് വിസ്മരിക്കരുത് .). ക്രൈസ്തവ പുരോഹിത മേധാവിത്വം ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കും എന്നതില്‍ സംശയമില്ല.


ക്രൈസ്തവ വിവാഹ നിയമങ്ങളിലെ കാലോചിത്മായ പരിഷ്ക്കരണവും ഈ സമിതി നടത്തിയിട്ടുണ്ട്. ഇത്രയുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടൂള്ള നിയമപരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍.

ഈ നിര്‍ദ്ദേശങ്ങളില്‍ ഒന്നെങ്കിലും നിയമം ആവുകയാണങ്കില്‍ അത്ഭുതം തന്നെ എന്ന് പറയാം ... ഈ നിര്‍ദ്ദേശങ്ങള്‍ ചിതലരിച്ച് നിയമവകുപ്പിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒടുങ്ങുമായിരിക്കും... അങ്ങനെ അല്ലാതാവട്ടെയെന്ന് പ്രത്യാശിക്കാം ...

മുസ്ലീം‌ലീഗിന്റെ ഇരട്ടത്താപ്പ് :

പാലസ്തീനെ ആക്രമിക്കുന്ന ഇസ്രായേലുമായിട്ടുള്ള ബന്ധം ഇന്ത്യ വിച്‌ഛേദിക്കണമെന്ന് മുസ്‌ലിം ലീഗ് ആവിശ്യപ്പെട്ടതോടെ അവരുടെ നിലപാടുകളിലെ വൈരുദ്ധ്യം പുറത്തായിരി ക്കുന്നു. രാജ്യതാല്‍‌പര്യത്തിനെക്കാള്‍ വലുത് സ്വന്തം സമുദായത്തില്‍പെട്ടവരുടെ കണ്ണീരു തന്നെയാണ് ലീഗിന് വലുതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശം എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപെടേണ്ടതു തന്നെയാണ ങ്കില‌ും മുസ്‌ലിം ലീഗ് ഈ പ്രശ്നത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ട് പാകിസ്ഥാനെതി രെ എടുക്കുന്നില്ല ??? നിരപരാധികള്‍ കൊല്ലപ്പെടുന്ന പാലസ്തീന്‍ അധിനിവേശത്തിന്റെ പേരിലാണ് മുസ്‌ലിം ലീഗ് , ഇസ്രായേലുമായിട്ടുള്ള ബന്ധം ഇന്ത്യ വിച്‌ഛേദിക്കണമെന്ന് ആവിശ്യപ്പെട്ടതെങ്കില്‍ 200 ല്‍ അധികംനിരപരാധികള്‍ കൊല്ലപ്പെട്ട മുംബയ് സ്ഫോടനത്തി ന് ഉത്തരവാദികളെ സംരക്ഷിക്കുന്ന പാക്കിസ്ഥാനുമായുള്ള ബന്ധം വിച്ഛേക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല.???

ഇസ്ലാമിക രാജ്യങ്ങളുടെ ഹൃദയത്തിലെ കഠാരയാണ് ഇസ്രായേല്‍ എന്നാണ് പാണക്കാട് ശിഹാബ് തങ്ങള്‍ പറയുന്നത്. ഇസ്രായേല്‍ മാത്രമാണോ ‘കഠാര’ എന്ന് നോക്കുക.. തങ്ങളുടെ രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് പാക്കിസ്ഥാന്‍ ആരോപിക്കു ന്ന താലിബാന്‍ മുസ്‌ലിം രാഷ്ട്രമല്ലേ ? ഇറാന്‍‌- ഇറാഖ് യുദ്ധം എത്രനാള്‍ നീണ്ടുനിന്നു? മുസ്ലിം രാഷ്ട്രമായ കുവൈറ്റിനെആക്രമിച്ച ഇറാഖ് മുസ്ലീം രാഷ്ട്രം തന്നെ അല്ലേ ??? ഇനി പറയൂ ആര് ആര്‍ക്കാണ് കഠാരയന്ന് !!! ഇസ്രായേലിലെ മറ്റ് പലകാര്യങ്ങള്‍ കൊണ്ട് അമേരിക്ക പിന്തുണയ്ക്കൂന്നുണ്ടങ്കിലും മറ്റ് ലോകരാഷ്ട്രങ്ങളെല്ലാം ഇസ്രായേലിന്റെ കടന്നുകയറ്റത്തെ അപലപിക്കുകയാണ് . ആ രാഷ്ടങ്ങളൊന്നും ഇസ്രായേലുമായിട്ടുള്ള ബന്ധം വിച്‌ഛേദിച്ചി ട്ടില്ല. അറബ് രാജ്യങ്ങളില്‍ നിന്നുപോലും ഇങ്ങനെയൊരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടില്ല എന്ന് അറിയുമ്പോഴാണ് മുസ്‌ലിം ലീഗിന്റെ ‘തനി‌ നിറം’ പുറത്താകുന്നത് ...

ഇസ്രായേലുമായിട്ടുള്ള ബന്ധം ഇന്ത്യ വിച്‌ഛേദിക്കണമെന്ന് മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയാണ് ആവിശ്യപ്പെടുന്നതെങ്കിലും വിദേശകാര്യങ്ങളുടെ ചുമതലയുള്ള സഹമന്ത്രി യാണ് ഈ ആവിശ്യം മുന്നോട്ട് വയ്ക്കുന്നത് എന്ന് പറുമ്പോഴാണ് ഈ ആവിശ്യത്തിന് മറ്റൊരുമാനം വരുന്നത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട് ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരെ പ്രസ്താവനകള്‍ നടത്താമോ എന്ന് പറയേണ്ടത് യു.പി.എ ആണ്.

ഇന്ത്യയില്‍ നടത്തിയ ഭീകരാ‍ക്രമണങ്ങളുടെ തെളിവില്‍ ലോകത്തിനുമുന്നില്‍ ‘ഭീകരപ്രോത്‌ സാഹന രാഷ്ട്രമായ’ പാക്കിസ്ഥാനുമായുള്ള ബന്ധം വി‌ച്‌ഛേദിക്കാന്‍ ഇന്ത്യ തയ്യാറാകണ മെന്ന് മുസ്‌ലിം ലീഗോ അതിന്റെ നേതാക്കളോ പറയുമോ?‘പാകിസ്ഥാന്‍ ലോകത്തിന്റെ കരടാണ് ‘ എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍(ഇപ്പോള്‍ ലോകത്തിനുമുന്നിലുള്ള വെല്ലുവിളി പാകിസ്ഥാന്‍ ആണന്നാണ് അമേരിക്കപറയുന്നത് ) സ്വന്തം രാജ്യത്തിന്റെ കണ്ണിലെ കരട് ആണോ ആദ്യംഎടുത്ത് മാറ്റേണ്ടത് അതോ മറ്റ് രാജ്യങ്ങളുടെ ഹൃദയത്തിലെ കഠാരയാണോ ?????? രാജ്യതാല്‍‌പര്യങ്ങളെക്കാള്‍ വലുതാണോമറ്റുള്ളവ... സ്വന്തം രാജ്യത്തെ ഭീകരതയെ കണ്ടില്ലന്ന് നടിച്ച് മറ്റൊരു രാജ്യത്ത് നടക്കുന്ന ഭീകരതയെ എതിര്‍ക്കുകയാണോ ചെയ്യേണ്ട ത് ... (പാലസ്തീനുമേലുള്ള കടന്നുകയറ്റം എതിര്‍ക്കപെടേണ്ടതു തന്നെയാണ് .) . മുസ്‌ലിം ലീഗിന്റെ ശുദ്ധമനസിനെസംശയിക്കുന്നില്ല... എങ്കിലും മുംബയില്‍ നടന്ന ഭീകരാക്രമണ ത്തിന്റെ പേരില്‍ പാക്കിസ്ഥാനേതിരേയും നടപടിയെടുക്കണമെന്ന് ആവിശ്യപ്പെടാമാ യിരുന്നു. രാജ്യതാല്‌പര്യത്തിനു തന്നെയല്ലേ പ്രഥമസ്ഥാനം നല്‍കേണ്ടത് ???????

Sunday, January 4, 2009

ജാതിമത സംഘടനകളുടെ രാഷ്ട്രീയ നിലപാട് :

.
അടുത്തുവരുന്ന ലോകസഭ തിരഞ്ഞെടുപ്പിനുമുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ ജാതിസമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്നേഹിച്ചും, തല്ലിയും തലോടിയും ഒക്കെ സമുദായികസംഘടനകളെ തങ്ങളുടെ പിന്നില്‍അണിനിര ത്താന്‍ ശ്രമിക്കുകയാണ്. മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളില്‍ തങ്ങളുടെ സമുദായത്തി നും തങ്ങള്‍ക്കും (നേതാക്കള്‍ക്കും)കൂടുതല്‍ നേടിയെടുക്കുക എന്നതാണ് ഈ ജാതിമത സമുദായ സംഘടനകള്‍ അനിവര്‍ത്തിക്കുന്ന നയം . സമദൂര സിദ്ധാന്തത്തിന്റെ ഉപേക്ഷ യിലൂടെ എന്‍.എസ്.എസും , രാഷ്ട്രീയ നേതാക്കളെ പ്രകീര്‍ത്തീച്ചുകൊണ്ട് എസ്.എന്‍.ഡി. പി യും , മഹാറാലിനടത്തിക്കൊണ്ട് ഓര്‍ത്തഡോക്സ് സഭയും , ഇടയലേഖനങ്ങളിലൂടെ കത്തോലിക്കാ സഭയും ഒക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ അറിയിച്ചുകഴിഞ്ഞു ... ആ നിലപാടുകളിലേക്ക് ...

എന്‍.എസ്.എസ്. :
പി.എസ്.സി യുടെ സംവരണ പ്രശ്നത്തോടെ ഇടതുപക്ഷത്തോടെ പൂര്‍ണ്ണ വിയോജിപ്പി ലേക്ക് എന്‍.എസ്.എസ്. എത്തിയിരിക്കുന്നു. കുറച്ചുകാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്നു എന്ന് അവകാശപ്പെടുന്ന ‘സമദൂര’ത്തിന്റെ പിന്‍‌വലിക്കലിലൂടെഎന്‍.എസ്.എസ്. സംഘട നയുടെ രാഷ്ട്രീയം എന്തെന്ന് വ്യക്തമാകുന്നു. എന്‍.എസ്.എസിനെ യുഡി‌എഫ് പാളയ ത്തില്‍ എത്തിക്കാന്‍ കേരളകോണ്‍‌ഗ്രസിന്റെ ബാലകൃഷ്ണപിള്ളയും ഒഴിച്ചുകൂടാനാവാത്ത സംഭാവന നല്‍കി. എന്‍.എസ്.എസിന്റെ പോസറ്ററുകളില്‍ ബാലകൃഷ്ണപിള്ളയും പ്രത്യക്ഷ പെട്ടതോടെ സംഘടനയുടെ രാഷ്ട്രീയ നിലപാട് വ്യക്തമായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ എന്‍.എസ്.എസ്. സമ്മേളനത്തില്‍ യുഡി‌എഫിനെ ഞോണ്ടുകയും എല്‍‌ഡി‌എഫിനെ തല്ലുകയും ചെയ്‌തതോടെ സിപിഐ(എം) നേതാക്കള്‍ എന്‍.എസ്.എസിനെതിരെ പടപ്പുറപ്പാട് തന്നെ നടത്തുന്നു. എന്‍.എസ്.എസിന് പിണറായിവിജയന്‍ നല്‍കിയ മറുപി ടിക്ക് അതേ നാണ്യത്തില്‍ നാരായണപണിക്കരും ഉത്തരം നല്‍കിക്കഴിഞ്ഞു. കുറച്ചുമാസ ങ്ങള്‍ക്ക് മുമ്പ് ജി.സുധാകരനുംസുകുമാരപ്പുറുപ്പുമായിരുന്നു കൊമ്പ് കോര്‍ത്തീരുന്നെതെങ്കില്‍ ഇപ്പോള്‍ രണ്ടു പ്രസ്ഥാനങ്ങളുടേയും തലവന്മാര്‍ തമ്മില്‍ പോരാട്ടംതുടങ്ങി. ( വന്യമൃഗങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ആരും വീണാലും മാംസം കൊത്തിപ്പറിക്കാം എന്ന സന്തോഷത്തില്‍ വന്നിരിക്കുന്നകഴുകന്മാരെപ്പോലെ ചില വിദ്വാന്മാര്‍ എന്‍.എസ്.എസ്.- എല്‍‌ഡി‌എഫ് പോരാട്ടം കാണാന്‍ ഇരിക്കുന്നുണ്ട്.).

എസ്.എന്‍.ഡി.പി. :
എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയ നിലപാട് വ്യക്തം. ഇടതുപക്ഷനേതാക്കളെ പുകഴ്‌ത്തിയും ഭരണത്തെ സ്തുതിച്ചും വെള്ളാപ്പള്ളിനടത്തുന്ന പ്രസ്താവനകളില്‍ നിന്ന് എസ്.എന്‍.ഡി. പി.യുടെ ചായ്‌വ് വ്യക്തമാകുന്നു. ഇടയ്ക്ക് ചില ഇടതുനേതാക്കളുടെ ജാതി‌ ഓര്‍മ്മപ്പെടുത്തി സമുദായവുമായിട്ടുള്ള ബന്ധം സ്വയം പ്രഖ്യാപിച്ച് സായൂജ്യം അടയാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുണ്ട്. വലതുപക്ഷത്തുനിന്ന് കിട്ടാവുന്നതെല്ലാം നേടിക്കഴിഞ്ഞതിനുശേഷം ഇടതു പാളയത്തിലേക്ക് കടക്കുന്നു. എം.ബി ശ്രീകുമാറിന് യുഡിഎഫ് നല്‍കിയ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാനത്തിന് എസ്.എന്‍.ഡി.പി. ‘ഉപകാരസ്മരണ’ ചെയ്തുവോ എന്നുള്ള സംശയം ബാക്കി നില്‍ക്കുന്നു. ഇടതുപ്രീതി സമ്പാദിക്കാന്‍ സ്ഥാനത്തും അസ്ഥാ നത്തും ‘ഇടതുപുകഴ്ച ‘ നടത്തുന്നു. വെള്ളാപ്പള്ളിക്ക് മറ്റെന്തോ ‘ഹിഡന്‍അജണ്ട’ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഗോകുലം ഗോപാലന്‍സമുദാ യത്തില്‍ പ്രബലനായിത്തീരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍.

കത്തോലിക്ക സഭ :
സ്വാശ്രയ പ്രശ്നത്തില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കത്തോലിക്കാ സഭയും ഇടതുപക്ഷവുമായി ട്ടുള്ള വിടവ് കൂട്ടി. കത്തോലിക്കാസഭയുമായി ബന്ധപ്പെട്ടിരിക്കുന്ന കേരളകോണ്‍‌ഗ്രസിലെ പി.ജെ. ജോസഫിനിപ്പോള്‍ മുന്നണി പുറമ്പോളില്‍ മാത്രം സ്ഥാനം ഉള്ളതുകൊണ്ട് ബന്ധത്തിന്റെ വിള്ളല്‍ അടയ്ക്കാന്‍ പി.ജെ. ജോസഫ് മുന്നിട്ടറങ്ങിയും ഇല്ല. രൂപതാമെത്രാ ന്മാരും ഇടതുപക്ഷനേതാക്കളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടുകൂടി ഇടതുപക്ഷത്തിനെതിരെ ഇടയലേഖനംവരെ ഇറക്കാന്‍ ബിഷപ്പുമാര്‍ തയ്യാറായി. അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞതുമില്ല. ഇടതുമന്ത്രിമാര്‍ അരമനകളില്‍ചെന്ന് സന്ധി സംഭാഷണം നടത്തിയെങ്കിലും അത് വിജയിച്ചില്ല. വലതുപക്ഷത്തിന് അനുകൂലമാ യി ഒരു നിലപാട് എടുക്കുന്നില്ലങ്കിലും ഇടതുപക്ഷത്തിന് ഒരു ‘ഷോക്ക് ‘ നല്‍കണമെങ്കില്‍ വോട്ട് വലതുപക്ഷത്തിനു തന്നെ കൊടുക്കണം. പാഠപുസ്തക വിവാദവും , സ്വാശ്രയപ്രശ്നവും ...ഒക്കെ ഇടതുപക്ഷവുമായിട്ടൂള്ള കത്തോലിക്കാ സഭാബന്ധത്തിന് വിടവുണ്ടാക്കിയതേ യുള്ളു. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഭയുടേതായിട്ടൂള്ള ഒരു സ്ഥാനത്തിനും അര്‍ഹതയുണ്ടായിരിക്കുകയില്ലഎന്ന് കൂടി സഭാനേതൃത്വം പറഞ്ഞുകഴിഞ്ഞു.

ഓര്‍ത്തഡോക്സ് സഭ :
പാത്രിയര്‍ക്കീസ്-ഓര്‍ത്തഡോക്സ് തര്‍ക്കത്തില്‍ കോടതിവിധി അട്ടിമറിക്കാന്‍ പാത്രിയര്‍ക്കീ സ് പക്ഷത്തിന് സര്‍ക്കാര്‍ പിന്തുണനല്‍കുന്ന് എന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭ ഇടതുമന്ത്രിസഭയിലെ മന്ത്രിമാരെ ബഹിഷ്‌ക്കരിച്ചു. തങ്ങളുടെ ആവിശ്യങ്ങള്‍ക്ക് പിന്തുണ സര്‍ക്കാരിന്റെ പക്ഷത്തുനിന്ന് കിട്ടുന്നില്ല എന്ന് പറഞ്ഞ് കോട്ടയത്ത് മഹാറാലി നടത്തിയ ഓര്‍ത്തഡോക്സ് പക്ഷത്തിന് സമ്മേളനത്തിന് സമ്മേളനം നടത്താന്‍ നെഹ്രു സ്റ്റേഡിയും കോട്ടയം നഗരസഭ വിട്ടുകൊടുക്കാതിരുന്നത് സഭയും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷ്‌ളാക്കി. സംസ്ഥാനംനേതൃത്വം ഇടപെട്ട് അവസാന നിമിഷംനെഹ്രു സ്റ്റേഡിയും വിട്ടുകൊടുക്കാം എന്ന് പറഞ്ഞിട്ടും സഭ അത് അംഗീകരിച്ചില്ല. ഇടതുപക്ഷം കാട്ടിയ ‘ഷോക്കില്‍ ‘ വീഴാതിരുന്നഓര്‍ത്തഡോക്സ് സഭ അടുത്ത ലോക്സഭാ ഇലക്ഷനില്‍ ഒരു ഷോക്ക് തന്നെ നല്‍കും. പ്രത്യേകിച്ച് കോട്ടയം ലോക്‍സഭാമണ്ഡലത്തില്‍ സഭയ്ക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് അവിടെയെങ്കിലും ആ ഷോക്ക് നല്‍കും. ഈ ഷോക്കില്‍ നിന്ന് രക്ഷപെടാന്‍ പിണറായിവിജയന്‍ തന്നെ ദേവലോകത്തേക്ക് ചെല്ലേണ്ടിവരികയും സന്ധിസംഭാഷണത്തിന് തയ്യാറാവുകയും ചെയ്തു. കോട്ടയം പ്രദേശങ്ങളില്‍ നടന്ന കുരിശും‌മൂട് ആക്രമണങ്ങളിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാഞ്ഞതോടെ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.


പാത്രിയര്‍ക്കീസ് സഭ :
ചായ്‌വ് ഇടതു പക്ഷത്തേക്ക് തന്നെ. എറണാകുളം മേഖലകളില്‍ നല്ല വോട്ട് ബാങ്കുള്ള തങ്ങളെ അവഗണിച്ച് ഇടതുപക്ഷത്തിന്മുന്നോട്ട് പോകാന്‍ ആവില്ലന്ന് അവര്‍ വിശ്വസി ക്കുന്നു. ന്യൂനപക്ഷങ്ങള്‍ ഇടതുപ്രസ്ഥാനത്തോടെ അകന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയ ഈ സമയത്ത് തങ്ങളുടെ കൂടെ നില്‍ക്കുന്ന ഏക ക്രിസ്തീയ സഭാ വിഭാഗമായ പാത്രിയര്‍ക്കീസ് സഭാ വിഭാഗത്തെ പിണക്കാന്‍ ഇടതുപക്ഷവും തയ്യാറാവില്ല.

പട്ടികജാതിപട്ടികവിഭാഗ സംഘടനകള്‍ :
പട്ടികജാതിപട്ടികവിഭാഗങ്ങളില്‍ പെട്ട സംഘടനകള്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്നില്ല.എന്നാല്‍ ചെങ്ങറസമരം ഒത്തുതീര്‍പ്പാക്കാന്‍ പറ്റാത്തത് ഇടതുപക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്. ചെങ്ങറസമരം ഉയര്‍ത്തുന്ന വെല്ലുവിളി ഉയര്‍ത്താന്‍ കൊച്ചിയില്‍ ട്ടികജാതിപട്ടികവിഭാഗങ്ങളുടെമാത്രമായ ഒരു കണ്‍‌വന്‍‌ഷനും സിപി‌ഐ(എം) നടത്തി.

മുസ്ലീം‌സംഘടനകള്‍ :
വര്‍ഗ്ഗീയ കക്ഷികളോട് കൂട്ടുകൂടുകയില്ല എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപനമെങ്കിലും വോട്ട് വീഴണമെങ്കില്‍ അല്പം വിട്ടുവീഴ്ചകള്‍ ആവണം എന്ന് അഭിപ്രായത്തിന് മുന്‍ തൂക്കം. മുസ്ലീലീഗ് വലതുപക്ഷത്തും മറ്റ് മുസ്ലീം സംഘടനകള്‍ ഇടതുപക്ഷത്തുംചുവടുറപ്പിച്ചു കഴിഞ്ഞു. ഒരു മുസ്ലീം നേതാവിന്റെ അഭാവം തങ്ങള്‍ക്ക് ഉണ്ടന്നുള്ള തിരിച്ചറിവില്‍ സിപി‌ഐ(എം) മുസ്ലീം‌ലീഗില്‍നിന്ന് പുറത്തുവന്ന ജലീലിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

ഈ സംഘടനകളെല്ലാം തങ്ങളുടെ സമുദായത്തിന് അഥവാ സംഘടനയ്ക്ക് ലഭിക്കാവുന്ന ലാഭക്കണക്കില്‍ മാത്രം ലക്ഷ്യമിട്ടാണ് രാഷ്ട്രീയ പിന്തുണ നല്‍കുന്നത്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ലന്ന് പറയുന്നതുപോലെ ഈ സംഘടനകളുടെ പിന്തുണയും മാറിമറിയാം. അവസാന നിമിഷം കിട്ടുന്ന ഉറപ്പുകളില്‍ അവര്‍ തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തുകയും ചെയ്യും.

Thursday, January 1, 2009

ജസ്റ്റിസ് ഹേമയുടെ ഗുരുദക്ഷിണ ???????

അങ്ങനെ കാത്ത് കാത്തിരുന്ന് സിസ്റ്റര്‍ അഭയയുടെ കൊലയാളികള്‍ എന്ന നിഗമന ത്തില്‍ സിബിഐ അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കും ഹൈക്കോടതിയില്‍ ജസ്റ്റിസ് ഹേമ ജാമ്യം അനുവദിച്ചു കൊടുത്തു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു എന്നതിനെക്കാള്‍ജാ മ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ നിയമ ലോകത്തെതന്നെ രണ്ട് തട്ടിലാക്കിക്കഴിഞ്ഞു.‘അദൃശ്യമായ കരങ്ങള്‍ക്ക് ‘ ആവിശ്യവും ഇതു തന്നെ ആയിരിക്കണം. മാധ്യമങ്ങള്‍ക്ക് എതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിക്കാ ന്‍അവര്‍ മറന്നില്ല. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം ജസ്റ്റിസ് ഹേമയുടെ ഗുരുനാഥനായ മുന്‍ ജസ്റ്റിസ്ദീപികയുടെ ഒന്നാമത്തെ പേജില്‍ തന്നെ എഴുതിയ ലേഖനമാണ് . ഈ ലേഖനത്തിലും പരാമര്‍ശിച്ചത് മാധ്യമങ്ങള്‍ നടത്തിയ അല്ലങ്കില്‍ നടത്തികൊണ്ടിരിക്കുന്ന അഭയക്കേസിന്റെ റിപ്പോര്‍ട്ടിങ്ങുകളെക്കുറിച്ചാ ണ്. (ഫാരിസിന്റെ കൈയ്യില്‍ നിന്ന് ദീപികപത്രം തിരിച്ചു വാങ്ങിയതുകൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായി).

ജസ്റ്റിസ് ഹേമയുടെ മുന്‍പില്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ തന്നെ തങ്ങള്‍ക്ക് നീതി ലഭിക്കുകയില്ലന്ന് സിബിഐ പറഞ്ഞതാണ്. എന്തുകൊണ്ട് സിബിഐ അങ്ങനെ പറഞ്ഞു? അല്ലങ്കില്‍ അങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ ഉണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണ് ? അസാധാരണമായ നടപടികളിലൂടെ പ്രതികളെന്ന് ആരോപിക്കപെട്ടവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ട്ജസ്റ്റിസ് ഹേമ എഴുതിയ വിധിപ്രസ്താവനയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണയാണോ??

പ്രതികള്‍ക്ക് നല്‍കിയ ജാമ്യനിബന്ധനയില്‍ പറഞ്ഞിരിക്കുന്ന ഒരു നിബന്ധന ഇതാണ് ; അവര്‍ ഫോണില്‍ക്കൂടി ആരുമായുംബന്ധപ്പെടാന്‍ പാടില്ല. ശാസ്ത്രം പുരോഗിമിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയല്ലേ ഇത് .??? അടച്ചിട്ട മുറിയില്‍പ്രതികള്‍(?) ആരുമായിട്ടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരി ക്കുന്നത് കണ്ടുപിടിക്കാന്‍ പറ്റുമോ ? (പ്രതികള്‍ താമസിക്കുന്നഇടങ്ങളില്‍ മൊബൈല്‍ ജാമറുകള്‍ വയ്ക്കുമോന്ന് അറിയില്ല) . ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം ഇല്ലാതാവുമെന്നും പറഞ്ഞിട്ടുണ്ട്. ബാലിശമായ ജാമ്യ നിബന്ധനകൊണ്ട് മാത്രമല്ല ഈ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍ നിയമലോകത്ത് ചര്‍ച്ചയാകുന്നത്
;കോടതി നടത്തിയ ചില നിരീക്ഷ്ണങ്ങളില്‍ക്കൂടിയാണ് .


സിസ്റ്റര്‍ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധനപോലെ പുരോഹിതരുടെ ലൈംഗികശേഷിയും ഇനി പരിശോധിക്കുമോഎന്നാണ് ഒരു ചോദ്യം ? ഈ ചോദ്യ ത്തിന്റെ പ്രശക്തി എന്തായിരുന്നു. സിസ്റ്റര്‍ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധനയില്‍ നിന്ന് ലഭിച്ച ഫലം സിബിഐ സ്വയം പറയുകയല്ലായിരുന്നു. തന്റെ കഷിയുടെ സമ്മതമില്ലാതെയാണ് കക്ഷിയുടെ കന്യകാത്വ പരിശോധന നടത്തിയത് എന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് ചില അപ്രിയസത്യങ്ങള്‍ പറയാന്‍ സിബിഐയെ പ്രേരിപ്പിച്ചത് .( ഇതില്‍ ഒരു മാനുഷികതയുടെ പ്രശ്നമുണ്ട് എന്നത് വിസ്മരിക്കുന്നില്ല.).സിസ്റ്റര്‍ സെഫിയെ സമുഹമധ്യത്തില്‍ ഈ ‍ അപ്രിയ സത്യങ്ങള്‍ മറ്റൊരു ‘പ്രതി’യാക്കി. എന്തുകൊണ്ട് ഈ കന്വകാത്യപരിശോധന നടത്തി ? തെളിവുകള്‍ നശിപ്പിപ്പിക്കാന്‍ വേണ്ടി പ്രതികള്‍(?) ഏതറ്റവും വരെ പോകുമെന്നുള്ളതിന് ഇതില്‍ കവിഞ്ഞ ഉദാഹരണം ആവിശ്യമുണ്ടോ?

പതിനാറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് തന്നെ കോടതിയുടെ രൂക്ഷവിമര്‍ശനത്തെതുടര്‍ന്നാണ്. ഹൈക്കോടതി യുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു കേസ് അന്വേഷണത്തിലാണ് ജസ്റ്റിസ്ഹേമ അവിശ്വാസം രേഖപ്പെടുത്തുന്നത്. ഇതേ അംഗങ്ങള്‍ തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്നും മറ്റൊരു പരിചയസമ്പന്നനായ ഓഫീസര്‍ മേല്‍നോട്ടം വഹിക്കുകയും വേണം എന്ന് പറയുന്നതില്‍ ഒരു വൈരുദ്ധതയില്ലേ?????

തന്റെ മുന്നില്‍ എത്തുന്ന ജാമ്യഹര്‍ജിയില്‍ ജാമ്യം അനുവദിക്കുകയോ അനുവദിക്കാ തിരിക്കുകയോ ചെയ്യുന്നത് കേസ് കേള്‍ക്കുന്നന്യായാധിപന്റെ നീതിബോധമാണ്. എന്നാല്‍ ഇവിടെ ഈ നീതിബോധത്തിനുമപ്പുറത്തേക്കും ജാമ്യം അനുവദിച്ചുകൊണ്ട്
നടത്തിയ പരാമര്‍ശനങ്ങള്‍ കടന്നു. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം , സിബിഐക്കെതിരെ വിമര്‍ശനം , സിബിഐനല്‍കിയ റിപ്പോര്‍ട്ടുകളിലെ തെളിവുകളെ ചോദ്യം ചെയ്യുന്നു ,.... സിബിഐ നല്‍കിയ റിപ്പോര്‍ട്ടുകളെ കേസ് നേരത്തെ
പരിഗണിച്ചിരുന്ന രണ്ട് ന്യായാധിപന്മാര്‍്‍ അഭിനന്ദിക്കുകയും അന്വേഷ്ണം നേരായ വഴിക്കുതന്നെയാണന്ന് പറയുകയും ചെയ്തതാണ്. എന്നിട്ടിപ്പോള്‍ സിബിഐയുടെ റിപ്പോര്‍ട്ടുകളെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. കേസിന്റെ അവസാന
സമയത്താണ് ഈ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതെങ്കില്‍ സ്വാഭാവികം എന്ന പരിഗണിക്കാമായിരുന്നു.ഒരു ജാമ്യാഹര്‍ജി പരിഗണിച്ചുകൊണ്ട് ഇങ്ങനെയുള്ള നിരീക്ഷണത്തിലേക്ക് കോടതി എങ്ങനെയാണ് കടന്നു ചെല്ലുന്നത്.???/


സിനിമാക്കഥപോലെ മാപ്പുസാക്ഷികള്‍വരെ മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രതികളുടെ ജീവന് സംരക്ഷണ നല്‍കാന്‍ കൂടിതീരുമാനം എടുക്കേണ്ടതായിരുന്നു. അദൃശ്യമായ കരം / അദൃശ്യമായകരങ്ങള്‍ പ്രതികളുടെ(?) നേരെയും നീട്ടപ്പെടു കയില്ലന്ന് എന്താണുറപ്പ് ... പതിനാറുവര്‍ഷത്തിനുശേഷം ചുരുളഴിയുന്ന കേസ് അഴിയപ്പെടരുതെന്ന് ഇപ്പോഴും ആരക്കയോ ആഗ്രഹിക്കുന്നു.