Tuesday, January 13, 2009

കാല്‍‌നടയാത്രക്കാര്‍ക്കും സെസ് :

അപകടങ്ങള്‍ ഏത് വഴി വേണമെങ്കിലും സംഭവിക്കാം. ഭാഗ്യം പോലെയിരിക്കും ഇപ്പോള്‍ അപകടങ്ങളുടെ വരവ്. റോഡ് സൈഡില്‍ കൂടി നടന്നുപോയാലും അപകടങ്ങള്‍ സംഭവിക്കാം. വണ്ടിവന്നിടിക്കണം എന്നോന്നും ഇല്ല. നമ്മുടെ ഓടകളുടെമുകളില്‍ക്കൂടി നടന്നാല്‍ എപ്പോഴാണ് ഓടയില്‍ വീഴുന്നതെന്ന് പറയാന്‍ പറ്റില്ല. നമ്മുടെ നാട്ടില്‍ ഓടപ്പുറത്തിട്ടിരിക്കൂന്ന സ്ലാബുകള്‍ നടപ്പാതകള്‍ ആണന്ന് ആരും പറഞ്ഞുതരാതെ തന്നെ നമുക്ക് അറിയാം. ഓടപ്പുറത്ത് കൂടെ നടക്കുന്നവന്‍ വേണമെങ്കില്‍ നോക്കി നടന്നു കൊള്ളണം .ചിലപ്പോള്‍ ‍ സ്ലാബ് പൊട്ടിയതായിരിക്കാം ചിലപ്പോള്‍ രണ്ടാമത്തെ സ്ലാബ് കഴിഞ്ഞ് പത്തുചുവട്ടടി കഴിഞ്ഞായിരിക്കും മൂന്നാമത്തെ സ്ലാബ് . ഹനുമാന്‍ ലങ്കയ്ക്കു ചാടിയതുപോലെ കൈയ്യിലിരിക്കുന്ന സാധനങ്ങള്‍ കൊണ്ട് വേണമെങ്കില്‍ ഓട ചാടിക്കോളണം. ഇതാണ് നമ്മുടെ ‘നടപ്പുനിയമം ‘ .ഈ നടപ്പു നിയമം അറിയാത്ത ഒരു പാവം പിടിച്ച മലയാളി യുവതി തമ്പാനൂരില്‍ കൂടി നടന്നപ്പോള്‍ ഓടയ്ക്കകത്ത് (സ്ലാബിനിടയില്‍ ) കാലു പോയി ‘വെറും‘ മുക്കാല്‍ മണിക്കൂര്‍ വേദന അനുഭവിച്ച് കിടന്നത് ചാനലുകാരല്ലാം കൂടി വാര്‍ത്തയാക്കി. വാര്‍ത്ത വന്നപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത് ഈ ഓടയുണ്ടാക്കാനും പരിപാലിക്കാനും സ്ലാബ് ഇടാനും മാറ്റാനും കൂടി ഉള്ളതാണ് നമ്മുടെ പൊതുമരാമത്ത് വകുപ്പന്ന് !!!!!

റോഡിലെ സ്ലാബുകളെല്ലാം ശരിക്കിട്ടോളാന്‍ മന്ത്രി പറയേണ്ടതാമസം കാനപ്പുറത്തെ സ്ലാബുകളെല്ലാം നന്നായി എന്നു വിചാരിച്ച്നാളെമുതല്‍ ഓടപ്പുറത്ത് കയറി നടന്നാല്‍ ചിലപ്പോള്‍ പാതാളത്തിലോട്ട് പോയന്നിരിക്കും. ഇടയ്ക്കിടെ ആളുകള്‍ പാതാളത്തിലേ ക്ക്പോയി നമ്മുടെ മുന്‍ രാജാവ് മാവേലിയുടെ ക്ഷേമം അന്വേഷിക്കാന്‍ വേണ്ടി യായിരിക്കും ഇങ്ങനെ ചിലയിടങ്ങളില്‍ ആള്‍ക്ക് ഇറങ്ങി പോകാന്‍ പാകത്തില്‍ ഓടസ്ലാബില്‍ വിടവിട്ടിരിക്കുന്നത്. ഇതിനു വേണ്ടി നമ്മള്‍ റോഡ് സൈഡിലോ നടുക്കോ
മൂടിയില്ലാത്ത മാന്‍ ഹോളുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം നാളെമുതല്‍ കാണത്തില്ലന്ന് വിചാരിക്കുന്ന മണ്ടന്മാരേ നിങ്ങളുടെജീവന് നമ്മുടെ ഭരണകര്‍ത്താക്കള്‍ നല്ല വിലതന്നെയാണ് കല്പിക്കുന്നത് . നിങ്ങളുടെ ജീവന്‍ അവര്‍ മുന്തിയ പരിഗണ തന്നെയാണ് നല്‍കുന്നത്. വിദേശകാറുകളില്‍ നൂറ്റമ്പതില്‍ കത്തിച്ചാണ് അവര്‍ പോകുന്നതെങ്കിലും സാധാരണക്കാരുടെ ജീവന് അവര്‍ പരിഗണന നല്‍കുന്നുണ്ട്. തങ്ങളുടെ അകമ്പടി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിക്കുന്നവരെ അവര്‍ ആശുപത്രികളില്‍ എത്തിക്കുന്നില്ലേ?? .. ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയല്ലേ നമ്മുടെ ഭരണ കര്‍ത്താക്കള്‍ റോഡില്‍ക്കൂടി പോകുന്നതിനു മുന്‍പ് നിയമപാലകര്‍ നിങ്ങളെ റോഡില്‍ തടഞ്ഞു നിര്‍ത്തുന്നത് . എന്തെല്ല്ലാം നിയമങ്ങളാണ് നിങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി അവര്‍ ഉണ്ടാക്കിയിരിക്കുന്നത്....


റോഡിലെ അപകടങ്ങള്‍ക്ക് കാരണം വാഹനങ്ങളുടെ അമിത വേഗത ആയതു കൊണ്ട് സ്പീഡ് ഗവര്‍ണര്‍ വച്ച് വേഗത കുറച്ചില്ലേ? (അപകടങ്ങള്‍ കുറഞ്ഞോ എന്ന് ചോദിക്കരുത് )

പണ്ട് ഒരു ബസ് അപകടത്തില്‍ പെട്ട് ബസിന്റെ മുന്‍‌വശത്ത് യാത്ര ചെയ്തിരുന്ന സ്ത്രികള്‍ മരിച്ചതിനു ശേഷം സ്ത്രികളുടെ സ്ഥാനം പിന്‍‌വശത്താക്കിയില്ലേ ? (ആണു ങ്ങള്‍ ചത്താലും കുഴപ്പമില്ല എന്ന വിചാരിച്ചാണോ ഇങ്ങനെയൊരു നിയമം ഉണ്ടാക്കിയതന്ന് അറിയില്ലങ്കിലും പെട്ടന്ന് തന്നെ വീണ്ടും ആണുങ്ങള്‍ പിന്നിലും പെണ്ണുങ്ങള്‍ മുന്നിലും ആയി)

ഇരു ചക്രവാഹനങ്ങളില്‍ സഞ്ചിരിക്കുന്നവര്‍ അപകടത്തില്‍ പെട്ട് തലയ്ക്ക് ക്ഷതം ഏല്‍ക്കാതിരിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയില്ലേ ? (പുറകിലിരിക്കുന്നവരുടെ തല തലയല്ലാത്തതുകൊണ്ട് പുറകിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് വേണ്ട)

നാലു ചക്രവാഹനങ്ങളുടെ മുന്നിലിരിക്കുന്നവരുടെ തല മുന്നില്‍ പോയി ഇടിക്കാതി രിക്കാനും അപകടസ്മയങ്ങളില്‍ തെറിച്ചു പോകാതിരിക്കാനും സീറ്റ്‌ബെല്‍റ്റ് നിര്‍ബ ന്ധമാക്കിയില്ലേ ???

ബസുകളില്‍ നിന്ന് ആളുകള്‍ തെറിച്ചു പോകാതിരിക്കാന്‍ ഡോറുകളില്‍ വാതില്‍പ്പി ടിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലേ (ഗവണ്‍‌മെന്റ് നിയമങ്ങള്‍ ഗവണ്‍‌മെന്റ് വാഹന ങ്ങള്‍ക്ക് ബാധകമല്ലാത്തതുകൊണ്ട് ആനവണ്ടികള്‍ക്ക് വാതില്‍ നിര്‍ബന്ധമില്ല).

ഇത്രയ്ക്ക് നിയമങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത് കഴിഞ്ഞപ്പോഴാണ് ആര്‍ക്കോ വെളിപാട് വന്നത് . അപകടങ്ങള്‍ക്ക് കാരണം നമ്മുടെ റോഡുകള്‍ കൂടി അല്ലേ ? ആരുടയോ ബുദ്ധി‌തെളിഞ്ഞു റോഡിനും വേണ്ടേ ഒരു സുരക്ഷ. വെറുതെയങ്ങ സുരക്ഷിക്കാന്‍ പറ്റുമോ ? ചിലവുള്ള കാര്യമാണ് റോഡ് സുരക്ഷ . അതിനു ഫണ്ട് വേണം. ഫണ്ടന്ന് പറഞ്ഞാല്‍ കാശ്. കാശ് എവിടെ നിന്ന് വരും. പിരിവുതന്നെ ശരണം. ആ പിരിവിനു ഒരു പേരു വേണം . അവസാനം ഒരു പേരും കണ്ടെത്തി. റോഡ് സുരക്ഷാ സെസ് !!റോഡില്‍ക്കൂടി ‘ഓടി പോകുന്ന‘ എല്ലാ വണ്ടികള്‍ക്കും സെസ് .. സെസു കൊണ്ട് ഫണ്ടായി. ആ ഫണ്ട് കൊണ്ട് റോഡ് സുരക്ഷയായി..

എന്താണ് ഇപ്പോള്‍ നമ്മുടെ റോഡ് ... ഗട്ടറുകള്‍ കാണാനേയില്ല ... സൈന്‍‌ ബോര്‍ഡുകള്‍ രാത്രിയില്‍ തിളങ്ങുന്നു ... റോഡുകളില്‍അടയാള വരകള്‍ ... ഹഹ എന്തു മനോഹരമായ റോഡുകള്‍ ... റോഡ് സെസ് അടച്ചുകഴഞ്ഞപ്പോള്‍ റോഡ് എല്ലാം സുരക്ഷിതമായി എന്നു കരുതിയവരേ നമ്മുടെ റോഡ് ഇപ്പോഴും മഴപെയ്താല്‍ തോടു തന്നെയല്ലേ ??? ഗട്ടറില്‍ ഓടിക്കാതെ വണ്ടിയോടിക്കാം എന്ന് കരുതി മാസികകളിലെ ‘വഴികാണിച്ചു കൊടുക്കാമോ?’ വരയ്ക്കാന്‍ മറന്നവരേ നമ്മളിപ്പോഴും കേരളത്തില്‍തന്നെയാണന്ന് ഓര്‍ക്കുക...

റോഡില്‍ക്കൂടി വാഹനം ഓടിക്കണമെങ്കില്‍ റോഡ് സുരക്ഷാ സെസ് അടയ്ക്കണമെന്ന് പറഞ്ഞ് വാഹനമുള്ളവരെ കളിയാക്കിയവരേ നിങ്ങള്‍ക്കും ഒരു സെസ് വരും .’ കാല്‍‌നട സുരക്ഷാ സെസ് ‘ . നടന്നു പോകുന്നവരുടെ സുരക്ഷയും സര്‍ക്കാര്‍ തന്നെയല്ലേ നോക്കേണ്ടത് ... ‘കാല്‍‌നട സുരക്ഷാ സെസ്‘ അടച്ചിട്ട് ഓടപ്പുറത്തുകൂടെ ഓടിപ്പോകാം എന്നൊന്നും കരുതേണ്ട.. ഓടയ്ക്ക് സ്ലാബുതന്നെ കണ്ടന്ന് വരില്ല ....

1 comment:

  1. റോഡിലെ സ്ലാബുകളെല്ലാം ശരിക്കിട്ടോളാന്‍ മന്ത്രി പറയേണ്ടതാമസം കാനപ്പുറത്തെ സ്ലാബുകളെല്ലാം നന്നായി എന്നു വിചാരിച്ച്നാളെമുതല്‍ ഓടപ്പുറത്ത് കയറി നടന്നാല്‍ ചിലപ്പോള്‍ പാതാളത്തിലോട്ട് പോയന്നിരിക്കും. ഇടയ്ക്കിടെ ആളുകള്‍ പാതാളത്തിലേ ക്ക്പോയി നമ്മുടെ മുന്‍ രാജാവ് മാവേലിയുടെ ക്ഷേമം അന്വേഷിക്കാന്‍ വേണ്ടി യായിരിക്കും ഇങ്ങനെ ചിലയിടങ്ങളില്‍ ആള്‍ക്ക് ഇറങ്ങി പോകാന്‍ പാകത്തില്‍ ഓടസ്ലാബില്‍ വിടവിട്ടിരിക്കുന്നത്

    മാവേലി ബോറടിച്ചിരിക്കുമ്പോള്‍ ആരെങ്കിലും ഒരു പ്രജയെ കിട്ടിയാല്‍ 28 കളിക്കാമല്ലോ...
    നല്ല എഴുത്ത് ... ആശംസകള്‍....

    ReplyDelete