Saturday, August 30, 2008

അവളിപ്പോഴും അവനെ കാത്തിരിക്കുന്നു : നഷ്ടപ്രണയം

ഡിഗ്രി ക്ലാസില്‍ അവസാന ബഞ്ചില്‍ അലയും വിളിയു‌മായി ഒക്കെ ഞങ്ങള്‍ പഠിക്കുന്ന കാലം.അവസാനബഞ്ചില്‍ ഇരുന്നാല്‍ ക്ലാസിലെ എല്ലാപെണ്‍‌കുട്ടികളേയും കണ്ടുകൊണ്ടിരിക്കാം എന്നതിനാല്‍ എന്നുംഅവസാന ബഞ്ചില്‍ ഇരിക്കാന്‍ നല്ല തിരക്കാണ്.അവസാന ബഞ്ച് കുത്തകയാക്കിയിരുന്നവന്മാരെ അവിടെനിന്ന് ചാടിക്കാന്‍ പെട്ടപാട് പരീക്ഷാപേപ്പറില്‍ കാണിച്ചിരുന്നെങ്കില്‍ ഞങ്ങളെല്ലാവര്‍ക്കും ഒന്നാം‌റാങ്ക്കിട്ടിയേനെ.ആദ്യം വരുന്നവര്‍ക്ക് ആദ്യം അവസാനബഞ്ചില്‍ സ്ഥാനം എന്ന നിലയിലേക്ക് കാര്യങ്ങള്‍എത്തി.ഈ അവസാന ബഞ്ചില്‍ ഇരുന്നാണ് പ്രണയലേഖനങ്ങള്‍ എഴുതിക്കൂട്ടി ആവിശ്യക്കാര്‍ക്ക്വിതരണം ചെയ്തത്...ഒന്നാം വര്‍ഷം ആണ്‍കുട്ടികളുടെ അവസാന ബഞ്ചിന്റെ പുറകിലുള്ള ഒരു ബഞ്ചില്‍പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.മൂന്നാം വര്‍ഷം ഞങ്ങള്‍ അവസാന ബഞ്ചില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍അവരുടെ ബഞ്ചും കൂടി ഞങ്ങള്‍ക്ക് തന്ന് ഞങ്ങളുടെ പിന്നില്‍ നിന്ന് വിടപറഞ്ഞു.

അന്ന് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കപെട്ടിട്ടാല്ലാഞ്ഞതുകൊണ്ട് ക്ലാസിലെ ഇഷ്ടവിനോദങ്ങള്‍ പൂജ്യംവെട്ടും,നാലുമൂലക്കളിയും.അങ്ങനെ ഞങ്ങള്‍ ഞങ്ങളുടേതായ ഒരു ലോകം അവസാന ബഞ്ചില്‍ സൃഷ്ടിച്ചിരുന്നു.പൊട്ടിച്ചിരികളുടെ മാലപ്പടക്കത്തിന് ഞങ്ങളുടെ ബഞ്ചുകളില്‍ നിന്ന് തീ കത്തിച്ചുവിട്ടാല്‍ അത് കത്തിത്തീരാന്‍കുറേ സമയം എടുക്കും.ആര്‍ക്കും ആരേയും കളിയാക്കാം.എല്ലാ ആഴ്ചയും ക്ലാസില്‍ നിന്ന് ഒരു പത്രം പുറത്തിറങ്ങും.എഡിറ്റര്‍ കം പബ്ലിഷര്‍ എല്ലാം നമ്മള്‍ തന്നെ.പല പ്രണയങ്ങളും,പ്രണയങ്ങളിലെ പൊട്ടലുകളും ചീറ്റലുകളുംഒക്കെ ക്ലാസില്‍ എത്തിയിരുന്നത് ഞങ്ങളുടെ പത്രം വഴിയായിരുന്നു.ചിലപ്പോള്‍ വാര്‍ത്ത ഒന്നും ഇല്ലാതെ വരുമ്പോള്‍വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ ,ഗോസിപ്പുകള്‍ പറയുകയോ ഒക്കെ വേണ്ടി വരും.എത്ര ഗോസിപ്പുകള്‍ വന്നാലുംഞങ്ങളില്‍ തമ്മിലടി ഇല്ലായിരുന്നു.

പ്രണയിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രണയം കൈമാറാന്‍ ഒരൊറ്റവഴിയേ ഉണ്ടായിരുന്നുള്ളു.എഴുത്തുകള്‍!!വീടുകളിലേക്ക് ഫോണ്‍ ചെയ്താല്‍ അവളോ / അവനോ എടുക്കുമെന്ന് ഉറപ്പില്ല.അതുകൊണ്ട് അധികം ആരുംപ്രണയത്തില്‍ റിസ്ക് എടുക്കാന്‍ പോകാറില്ല.എപ്പോഴെങ്കിലും സംസാരിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരിക്കുംഎവിടെ നിന്നെങ്കിലും ഒക്കെ കട്ടുറുമ്പുകള്‍ കടന്നു വരുന്നത്.തങ്ങള്‍ രണ്ടു പേര്‍ക്കു മാത്രം അറിയാവുന്ന പ്രണയംആണങ്കില്‍ കാമുകനും കാമുകിക്കും നടുറോഡിലൂടെ സ്വപ്നങ്ങള്‍ പങ്കുവെച്ച് സംസാരിച്ചുകൊണ്ട് പോകാനുംപറ്റില്ല.ഒരേ ഒരു വഴി എഴുത്തുകള്‍ തന്നെ.ഈ എഴുത്തുകള്‍ കൈമാറ്റം ചെയ്യുക എന്നതായിരുന്നു അന്നത്തെക്കാ‍ലത്തെഏറ്റവും ദുഷക്കരമായ കാര്യം.തങ്ങളുടെ പ്രണയം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഇവര്‍ പരമാവധി ശ്രമിക്കുകയുംചെയ്യും.ഇത്തരക്കാരുടെ ചില നോട്ടം ഭാവം നില്പ് തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് നമുക്ക് ഇവരെ മനസ്സിലാക്കാന്‍ പറ്റും.ഇങ്ങനെ ഞങ്ങള്‍ മനസ്സിലാക്കിയ ഒരു പ്രണയമായിരുന്നു ദുഷ്യന്തനും ശകുന്തളയും തമ്മിലുള്ള പ്രണയം.

ഒന്നരവര്‍ഷം ഇവര്‍ കൊണ്ടുനടന്ന പ്രണയം ഞങ്ങള്‍ക്ക് മനസ്സിലായെങ്കിലും എങ്ങനെയാണ് ഇവര്‍ പ്രണയിക്കുന്നതെന്ന്മാത്രം മനസ്സിലായില്ല.ഞങ്ങളുടെ നാട്ടിലെ ‘ഠ’ വട്ടത്തില്‍ നിന്ന് പ്രണയിച്ചാല്‍ ഞങ്ങള്‍ കണ്ടെത്തും എന്നുള്ളതുകൊണ്ട്വഴിയില്‍ നിന്ന് ‘മനസ്സുകള്‍ പങ്കുവെയ്ക്കാന്‍’ ഇവര്‍ ശ്രമിക്കാറില്ല.വീടുകളില്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് ആ വഴിയുംഇല്ല.പിന്നെ ഒരൊറ്റ വഴിയേ ഉള്ളു.എഴുത്ത് !!അത് എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നു മാത്രം അറിയാതെഞങ്ങള്‍ക്ക് ഉറക്കം വരുമോ?അത് എങ്ങനെയെങ്കിലും കണ്ടുപിടിക്കണം.ട്രാന്‍സ്പോര്‍ട്ട്,പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളില്‍ചാരന്മാരെ ഏര്‍പ്പാടാക്കി നിര്‍ത്തിയിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല...ചാരന്മാര്‍ അവരെ പിന്തുടരുമ്പോള്‍ദുഷ്യന്തനും ശകുന്തളയും ആരാണന്ന് പറയാം.

ശകുന്തളയെ കണ്ടാല്‍ സുന്ദരി.പുറം കവിഞ്ഞ് കിടക്കുന്ന തലമുടി തന്നെ ട്രേഡ് മാര്‍ക്ക്.ഇവളുടെ ചിരിയാണങ്കില്‍മനം മയക്കും.ലാടം അടിച്ച് ചെരുപ്പ് ഇട്ട് നടന്നുവരുന്നത് കേട്ടാലേ ആളെ മനസ്സിലാകും.ആകെ മൊത്തത്തില്‍ഒരു സുന്ദരി.ദുഷ്യന്തനും ഒരു സുന്ദരന്‍.ഒരു കൊച്ചു മമ്മൂട്ടിയാണന്നാണ് വിചാരം.ആകാരവും അതുപോലെക്കെ തന്നെ.നമ്മുടെ ശകു ഹിന്ദുവും ദുഷ്യ് ക്രിസ്ത്യാനിയും ആണന്നുള്ള ഒരൊറ്റ കുഴപ്പമേയുള്ളു.(ഇത് കുഴപ്പമായി ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങിയത്ഇപ്പോഴാണ് ).ഇനി വീണ്ടും ചാരന്മാരിലേക്ക് ......ചാരന്മാര്‍ ശ്രമിച്ചിട്ടും അവരെ ഒന്നിച്ച് കണ്ടെത്താന്‍ കഴിഞ്ഞില്ല.ലോകത്തിലെഒരു പ്രണയജോഡികള്‍ക്കും സംസാരിക്കാതെ ഇരിക്കാന്‍ പറ്റത്തില്ലന്നുള്ള മനശാസ്ത്രം ഇവരുടെ ഇടയില്‍ തെറ്റിപ്പോവുകയാണോഎന്ന് സംശയിച്ചു.നേരിട്ട് സംസാരിച്ചില്ലങ്കിലും എഴുത്തുകളില്‍ക്കൂടി തങ്ങളുടെ മനസ്സ് പരസ്പരം അറിയണമല്ലോ?(അറിയിക്കണമല്ലോ?)

വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയുടെ സഹായത്തോടെ ആണ് ഇവര്‍ എഴുത്ത് കൈമാറുന്നത് എന്ന് കണ്ടുപിടിച്ചത്വളരെ യാദൃശ്ചികമായിട്ടാണ്. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഞങ്ങളുടെ നാട്ടുകാരനേ അല്ല ,മലയാളത്തിന്റെഗൈഡ് എഴുതിയ ഒരാള്‍ മാത്രമാണ്.ദുഷ്യിന്റെ ബുക്കുകളുടെ കൂട്ടത്തില്‍ മറ്റൊരാളുടെ ഗൈഡ് വച്ചിരുന്ന ദിവസംഗൈഡിന്റെ ഉടമസ്ഥന്‍ വൈകിട്ട് വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ ഗൈഡിന്റെ പൊതിച്ചിലിന് ഒരി കട്ടി.തുറന്നു നോക്കിയപ്പോള്‍സാധനം കിട്ടി.പ്രണയത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞ സാഹിത്യം.ആരും അറിയാതെ എഴുത്ത് ദുഷ്യ്‌ശകുവിനെ ഏല്പിച്ചു.ഒരൊറ്റകണ്ടീഷനില്‍ ഇനി രഹസ്യത്തില്‍ പ്രണയിക്കത്തില്ല.പിന്നീട് ആണ് അവര്‍ ശരിക്ക് പ്രണയിച്ചു തുടങ്ങിയതെന്ന്തോന്നുന്നു.രഹസ്യങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് ചാരന്മാരെ എല്ലാം പിന്‍‌വലിച്ചു.

നേരിട്ട് സംസാരിക്കാം എന്നായപ്പോള്‍ എഴുത്തുകളുടെ ആവിശ്യമില്ലാതായി.പിന്നെ രണ്ടുപേരുടേയും വീട്ടില്‍ ഫോണ്‍ കിട്ടിയതോടെരഹസ്യാടയാളങ്ങളോടെ(ഫോണ്‍ കട്ട് ചെയ്ത് ബെല്ല് മനസിലാക്കി) ഫോണില്‍ കൂടി സംസാരിച്ചു തുടങ്ങി.പ്രണയം കയറിമുറകിയതോടെ പിണക്കങ്ങളും സാധാരണമായി.അഞ്ച് ദിവസം ചക്കരയും അടയുംപോലെ ആണങ്കില്‍ രണ്ടുദിവസം മൌനവൃതമായിരിക്കും.ഇണങ്ങിയും പിണങ്ങിയും അവര്‍ മുന്നോട്ട് നീങ്ങി.

ഡിഗ്രി ക്ലാസുകള്‍ കഴിഞ്ഞിട്ടും അവരെ ഞാന്‍ പലപ്പോഴും കണ്ടു.ഇടയ്ക്കിടെ കാണാറുണ്ടന്നും ഫോണ്‍ ചെയ്യാറുണ്ടന്നും ഒക്കെ പറഞ്ഞു.പക്ഷേ ഇപ്പോള്‍ ....പിന്നീട് പറഞ്ഞു ഞങ്ങള്‍ എല്ലാം അവസാനിപ്പിച്ചു.ഒന്നും നടക്കില്ലന്ന് അറിഞ്ഞുകൊണ്ട് വെറുതെഎന്തിനാണ് ?????? വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളിന്നും വിവാഹിത ആയിട്ടില്ല.ഇടയ്ക്ക് എപ്പോഴോ അവളെവിളിച്ചപ്പോള്‍ അവനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും അറിയില്ലന്നും അവന്‍ വിളിക്കാറില്ലന്നും അവള്‍ പറഞ്ഞു.അവളുടെ ശബ്ദ്ദത്തിന് കണ്ണീരിന്റെ ഇടര്‍ച്ചയുണ്ടായോ എന്നറിയില്ല.നീ എന്താ ഇതുവരെ കല്യാണം കഴിക്കാത്തത് എന്ന്ചോദിച്ചപ്പോള്‍ ഫോണില്‍ കൂടി കേട്ട അവളുടെ ചിരിയില്‍ എല്ല്ലാം അടങ്ങിയിരുന്നു.അവളില്‍ നിന്നാണ് അവന്‍ സെമിനാരിയില്‍പോയ കാര്യം അറിഞ്ഞത് .

അവനെ പലപ്പോഴും കാണാന്‍ ഞങ്ങളില്‍ പലരും ശ്രമിച്ചു എങ്കിലും കാണാന്‍ കഴിഞ്ഞില്ല.അടുത്തവര്‍ഷം അവന്‍ സെമിനാരിയില്‍ നിന്ന് പഠിത്തം കഴിഞ്ഞ് ഇറങ്ങും.അവളിപ്പോഴും വിവാഹം കഴിക്കാതെ കാത്തിരിക്കുന്നത് അവനെ വേണ്ടി ആയിരിക്കും.ഇപ്പോഴും അവര്‍ ഫോണ്‍ ചെയ്യുന്നുണ്ടാവും...അറിയില്ല ഒന്നും ഞങ്ങള്‍ക്ക് .... അവരുടെ പ്രണയം പോലെ രഹസ്യമാണ് എല്ലാം .... പക്ഷേ ഒന്നുണ്ട് , അവര്‍ക്കങ്ങനെ പിരിയാന്‍ കഴിയില്ലന്ന് ഞങ്ങള്‍ക്കറിയാം ... അവളിപ്പോഴും അവനെ പ്രതീക്ഷിക്കുന്നുണ്ടാവാം ......അവന്റെ വിളിക്കായിട്ടായിരിക്കാം അവള്‍
കാഠിരിക്കുന്നത് ... അറിയില്ല ഒന്നും .... അവന്‍ വരുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു ...അവളുടെ പ്രതീക്ഷകള്‍ ....ഞങ്ങളുടേയും പ്രതീക്ഷകള്‍ ആകുമ്പോള്‍, അവന് വരാതിരിക്കാന്‍ പറ്റുമോ???

6 comments:

  1. പ്രണയം അത് പ്രതീക്ഷകൾ തന്നെ അല്ലെ?
    വരാതിരിക്കാൻ ആവില്ല എന്ന് പ്രതീക്ഷിക്കാം....

    ReplyDelete
  2. വളരെ നല്ല ആഖ്യാനം ... ഇതു ശെരിക്കും ഉള്ള കഥയാണോ..വളരെ ഹൃദയസ്പര്‍ശി ആയിരിക്കുന്നു..

    ReplyDelete
  3. നന്നായി എഴുതിയിരിക്കുന്നു. ആ പ്രതീക്ഷ വായിക്കുന്നവരിലേയ്ക്ക് കൂടി പകരുന്ന വിധത്തില്‍ എഴുതിയതിന് അഭിനന്ദനങ്ങള്‍.

    സെമിനാരിയില്‍ പഠിക്കുന്നത് പള്ളിയിലച്ചന്‍ ആകാന്‍ അല്ലേ? അപ്പോള്‍ പിന്നെ അവളുടെ പ്രതീക്ഷകള്‍ ???? അറിയില്ല. എങ്കിലും ഞാനും പ്രതീക്ഷിക്കുന്നു :)

    ReplyDelete
  4. ഇത കഥയല്ലേ..ഉള്ളതുതന്നെയാണ് ....

    കത്തോലിക്കാസഭയില്‍ മാത്രമേ അച്ചന്മാര്‍ വിവാഹം കഴിക്കാതിരിക്കുന്നത്.മറ്റ് എല്ലാ സഭകളിലും അച്ചന്മാര്‍ക്ക് (ആശ്രമസ്ഥര്‍ വിവാഹം
    കഴിക്കുകയില്ല)വിവാഹംകഴിക്കാം...

    ReplyDelete