Saturday, October 6, 2007

സ്‌മരണകള്‍

വീണ്ടും ഞാനിതാ എത്തുന്നു
ബാല്യകാല സ്മരണകള്‍ ഉണരുന്ന നടുമുറ്റത്ത്
പൂക്കളം പോയി മറഞ്ഞു
ഓണത്തപ്പനും മറഞ്ഞു
നടുമുറ്റം ശൂന്യമായി തീര്‍ന്നു.

അമ്മതന്‍ കയ്യില്‍ പിടിച്ച്
പൂക്കളിറുക്കാന്‍ പോയ ദിനങ്ങള്‍
ചാണകം മെഴുകിയ നിലത്ത്
പൂക്കളം തീര്‍ത്ത നാളുകള്‍
എല്ലാം എനിക്ക് അന്യമായി തീര്‍ന്നു


ഞാനിതാ അമ്മേ വീണ്ടും വരുന്നു
നഷ്ടമായ സ്മരണകള്‍ പുതുക്കാനായ്
എന്റെ മുന്നിലെ തൂശനിലയില്‍
നിറയുന്ന ചോറും അവിയലും തോരനും
ഞാന്‍ സ്വപ്നം കാണുന്നു

ഇഴയുന്ന കാലചക്രത്തില്‍
ബന്ധങ്ങള്‍ മുറിയുന്നില്ല സ്വന്തങ്ങള്‍ മാറുന്നില്ല
എങ്കിലും അമ്മേ ഈ മകന്‍
നിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ്
എവിടയോ പോയി മറഞ്ഞു


സൂര്യതാപമേറ്റ് തളരുന്ന എന്റെ ദേഹത്ത്
നിന്റെ കൈകള്‍ ചലിക്കുന്നത്
ഞാനിതാ സ്വപ്നം കാണുന്നു
നിന്റെ അരികില്‍ എത്താന്‍
എന്‍ മനം തുടിക്കുന്നു

അപരിചിതമായ കണ്ണുകള്‍ ദേഹത്ത് തറയ്ക്കുമ്പോള്‍
വേഗതയില്‍ ഞാനിതാ നടുമുറ്റത്ത് എത്തുന്നു
തെക്കേപറമ്പിലെ മുത്തശ്ശിമാവിന്‍
ശിഖിരങ്ങള്‍ താഴേക്ക് പതിക്കുമ്പോള്‍
എന്റെ മനസ്സിലെ സ്വപ്നങ്ങള്‍ തകരുന്നു


അഗ്നിനാളങ്ങള്‍ അമ്മയെ ഏറ്റുവാങ്ങുമ്പോള്‍
നഷ്ടമായ ബാല്യസ്മരണകള്‍ വീണ്ടുമുണരുന്നു
നിന്റെ സ്വപ്നങ്ങള്‍ തച്ചുടച്ച ഈ മകന്
മാപ്പു തരൂ അമ്മേ
ഏകനായ ഈ മകന് മാപ്പു തരൂ

1 comment: